ഐപിഎസ് ‘ഹാങ്ഓവർ’വിടാതെ അണ്ണാമലൈ ഷോ!
Mail This Article
‘ഞാൻ അണ്ണാമലൈ, ശൊന്നത് ചെയ്‌വേൻ’ – ഐപിഎസ് സിങ്കത്തിന്റെ സിനിമാസ്റ്റൈൽ ഡയലോഗ്. ഫിലിംപെട്ടി വന്നതുപോലെ ആഘോഷത്തിൽ പനിയംപട്ടിയിലെ പ്രചാരണവേദി. കോയമ്പത്തൂർ പോരാട്ടം 2 ഐഐഎമ്മുകാർ തമ്മിൽ. കാറുകളുടെ നീണ്ട നിര. ഡപ്പാങ്കൂത്ത് പാട്ട്. അതിൽ മുങ്ങിപ്പോകുന്ന മുദ്രാവാക്യം വിളികൾ. തട്ടുപൊളിപ്പൻ തമിഴ് സിനിമയിൽ നായകന്റെ എൻട്രി സീൻ ഓർമിപ്പിക്കുന്ന രംഗം. കോയമ്പത്തൂർ ലോക്സഭാ മണ്ഡലത്തിലെ പല്ലടം പനിയംപട്ടിയാണ് വേദി. മധ്യത്തിലെ പ്രചാരണവാഹനത്തിന്റെ ലിഫ്റ്റ് ഉയർന്നപ്പോൾ കൈകൂപ്പി കുപ്പുസാമി അണ്ണാമലൈ. തമിഴ്നാട് ബിജെപി അധ്യക്ഷൻ, പാർട്ടി തമിഴകത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോയമ്പത്തൂർ മണ്ഡലത്തിലെ സ്ഥാനാർഥി.
‘മോദിയിൻ പോർപ്പടൈ ദളപതി അണ്ണാമലൈ വരുകിരാർ’ എന്നാണ് അനൗൺസ്മെന്റ്. ചെറിയ ആൾക്കൂട്ടം കാണുന്നിടത്തെല്ലാം വാഹനം നിൽക്കും. കൈവീശും. ആളെണ്ണം കൂടിയാൽ സ്ഥാനാർഥി പുറത്തിറങ്ങും. കൈ കൊടുക്കലും സെൽഫിയെടുക്കലും നിവേദനം സ്വീകരിക്കലുമായി പിന്നെ ആകെ ബഹളം. ഓരോ പ്രദേശത്തെയും ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണു ചെറുപ്രസംഗം. അവസാനമാണു മാസ് ഡയലോഗ്. ‘ഞാൻ അണ്ണാമലൈ, ശൊന്നത് ചെയ്‌വേൻ’. ഐപിഎസ് കുപ്പായം ഊരിവച്ചെങ്കിലും അതിന്റെ ഹാങ് ഓവർ വിട്ടുമാറിയിട്ടില്ലെന്നു തോന്നുംവിധമാണ് ഇടപെടലുകൾ.
കർണാടക പൊലീസിലെ പഴയ ഐപിഎസ് ‘സിങ്കത്തെ’ നേരിടാൻ അണ്ണാഡിഎംകെ രംഗത്തിറക്കിയിരിക്കുന്നത് മറ്റൊരു സിങ്കത്തെയാണ്. പാർട്ടിയുടെ ഐടി വിങ് സെക്രട്ടറി സിങ്കൈ ജി.രാമചന്ദ്രൻ. ഡിഎംകെ ടിക്കറ്റിൽ മുൻ മേയർ ഗണപതി രാജ് കുമാർ കൂടിയെത്തുമ്പോൾ കേരളത്തിന്റെ അതിർത്തി മണ്ഡലത്തിലെ പോരിന് ത്രികോണച്ചൂട്. വിദ്യാഭ്യാസയോഗ്യതയിലും ചുറുചുറുക്കിലും അണ്ണാമലയോടു കട്ടയ്ക്കു നിൽക്കുന്ന സ്ഥാനാർഥിയാണ് അണ്ണാഡിഎംകെയുടെ രാമചന്ദ്രൻ.
അണ്ണാമലൈ ലക്നൗ ഐഐഎം പൂർവവിദ്യാർഥിയെങ്കിൽ രാമചന്ദ്രൻ വരുന്നത് അഹമ്മദാബാദ് ഐഐഎമ്മിൽ നിന്ന്. അണ്ണാമലൈയ്ക്ക് പ്രായം 39, രാമചന്ദ്രന് 36. അണ്ണാഡിഎംകെ മുൻ എംഎൽഎ സിങ്കൈ ഗോവിന്ദരസുവിന്റെ മകനായ രാമചന്ദ്രൻ ബഹുരാഷ്ട്ര കമ്പനികളിലെ ജോലി ഉപേക്ഷിച്ചാണ് പാർട്ടിയുടെ ഐടി ചുമതലയേറ്റെടുത്തത്. ഡിഎംകെ സ്ഥാനാർഥി ഗണപതി രാജ്കുമാർ മുൻ അണ്ണാ ഡിഎംകെക്കാരനാണ്. ജയലളിതയുടെ ജീവചരിത്രത്തിൽ ഗവേഷണം നടത്തി പിഎച്ച്ഡി നേടിയിട്ടുണ്ട്.
2011 ബാച്ച് കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈയ്ക്ക് ബിജെപിയിൽ കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് പ്രമോഷൻ ലഭിച്ചത്. 2019 ൽ കാക്കിയൂരി, 2020 ൽ ബിജെപിയിൽ ചേർന്നു, തൊട്ടടുത്ത വർഷം സംസ്ഥാന പ്രസിഡന്റായി. കോയമ്പത്തൂർ ഉൾപ്പെടുന്ന കൊങ്കു മേഖലയിൽ നിർണായകസ്വാധീനമുള്ള ഗൗണ്ടർ വിഭാഗത്തിലുൾപ്പെടുന്നയാളാണ് അണ്ണാമലൈ.
‘ഇന്തവാട്ടി വെട്രി നിശ്ചയം’ എന്ന് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നെങ്കിലും ചരിത്രം അതിനെ പിന്തുണയ്ക്കുന്നില്ല. മണ്ഡലത്തിൽ നേരത്തെ 2 തവണ ബിജെപി ജയിച്ചപ്പോഴും പ്രമുഖ ദ്രാവിഡ പാർട്ടികളുമായി സഖ്യത്തിലായിരുന്നു. കോയമ്പത്തൂരിനു കീഴിലെ 6 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചെണ്ണത്തിൽ അണ്ണാഡിഎംകെ എംഎൽഎമാരാണ്.
സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കോയമ്പത്തൂർ മത്സരം കടുക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ ഏറ്റെടുത്തത്. കോയമ്പത്തൂർ ഉൾപ്പെടുന്ന കൊങ്കുനാട് അണ്ണാ ഡിഎംകെയുടെ ശക്തികേന്ദ്രമാണ്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലെ 6 മണ്ഡലങ്ങളിലും ഡിഎംകെ തോറ്റു. എന്നാൽ, സംസ്ഥാന ഭരണം പിടിച്ച സ്റ്റാലിൻ കൊങ്കുനാട് മേഖലയെ വരുതിയിൽ കൊണ്ടുവരാനായി സെന്തിൽ ബാലാജിയെ നിയോഗിച്ചു.
‘ഓപ്പറേഷൻ വെസ്റ്റേൺ ബെൽറ്റി’നെ തുടർന്നു നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ ഡിഎംകെ വൻ വിജയം നേടി. കോയമ്പത്തൂർ കോർപറേഷനിലെ ഭരണത്തിലടക്കം ഡിഎംകെ വലിയ ആധിപത്യം നേടി. 7 വട്ടം ഇടത് എംപിമാരെ തിരഞ്ഞെടുത്ത ചരിത്രം കോയമ്പത്തൂരിനുണ്ടെങ്കിലും ബിജെപിയുടെ ശക്തനായ സ്ഥാനാർഥിക്കെതിരെ നേരിട്ടിറങ്ങാൻ ഡിഎംകെ തീരുമാനിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ‘അണ്ണാമലൈ ഷോ’ ഹിറ്റായി പ്രദർശനം തുടരുന്നു. ജനവിധിയുടെ ബോക്സോഫിസിൽ അതിന്റെ ഗതിയെന്താകുമെന്നു കാത്തിരുന്നു കാണണം.