ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തിയാൽ ബിജെപി സർക്കാർ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പരാമർശത്തെച്ചൊല്ലി രാഷ്ട്രീയവിവാദം. ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് സുപ്രീം കോടതി വിധിച്ചതാണെന്നും പൊതുജനത്തിൽനിന്നു 4 ലക്ഷം കോടി രൂപ തട്ടിയെടുത്ത കൊള്ള തുടരാനാണു ബിജെപിയുടെ ശ്രമമെന്നും കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി. ഇലക്ടറൽ ബോണ്ട് വഴി കോൺഗ്രസിനും പണം ലഭിച്ചെന്നും അതും കൊള്ളയാണെന്നു രാഹുൽ ഗാന്ധി സമ്മതിക്കുമോയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചോദിച്ചു. ബിജെപിയും കോൺഗ്രസും കൊണ്ടുംകൊടുത്തും രംഗത്തിറങ്ങിയതോടെ, ഇരുകക്ഷികളും തമ്മിലുള്ള മുഖ്യ പോരാട്ടവിഷയങ്ങളിലൊന്നായി ഇലക്ടറൽ ബോണ്ട് മാറി. 

വിഷയം ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ കോൺഗ്രസ് പ്രചാരണായുധമാക്കിയതിനു പിന്നാലെയാണ് അതിൽനിന്നു പിന്നോട്ടില്ലെന്നു നിർമല വ്യക്തമാക്കിയത്. വിശദമായ ചർച്ചകൾക്കു ശേഷം മറ്റൊരു രീതിയിൽ ഇലക്ടറൽ ബോണ്ട് തിരികെകൊണ്ടുവരുമെന്നാണു നിർമല പറ‍ഞ്ഞത്. എല്ലാവർക്കും സ്വീകാര്യമാകുംവിധം എന്തൊക്കെ മാറ്റങ്ങൾ വേണമെന്നു പരിശോധിക്കും. ഇലക്ടറൽ ബോണ്ടുകളിലെ സുതാര്യത ഉറപ്പാക്കുമെന്നും കള്ളപ്പണം തടയുമെന്നും നിർമല കൂട്ടിച്ചേർത്തു. 

ഇലക്ടറൽ ബോണ്ടിൽ ക്രമക്കേടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും മുൻപ് അവകാശപ്പെട്ടിട്ടുണ്ടെങ്കിലും ഒരുപടി കൂടി കടന്ന്, അധികാരത്തിലെത്തിയാൽ അതു തിരികെകൊണ്ടുവരുമെന്നാണു നിർമല പറഞ്ഞത്. ഇത് ദേശീയതലത്തിൽ ചർച്ചയാക്കാനാണു കോൺഗ്രസിന്റെ തീരുമാനം. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറൽ ബോണ്ടെന്നും വീണ്ടും അധികാരത്തിലെത്തിയാൽ ബിജെപി അതുമായി മുന്നോട്ടുപോകുമെന്നുമുള്ള പ്രചാരണം വരുംദിവസങ്ങളിൽ ശക്തമാക്കുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. 

∙ ‘‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒരു അഴിമതിയാരോപണം പോലുമില്ല. അതുകൊണ്ട് ഇലക്ടറൽ ബോണ്ടിന്റെ പേരിൽ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസ്. അവർ അതിൽ വിജയിക്കില്ല’’. – അമിത് ഷാ (കേന്ദ്ര ആഭ്യന്തര മന്ത്രി). 

∙ ‘‘വലിയ അഴിമതിയാണ് ഇലക്ടറൽ ബോണ്ട്. അതിനെ ന്യായീകരിച്ചപ്പോൾ മോദിയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.’’ – രാഹുൽ ഗാന്ധി (കഴിഞ്ഞ ദിവസം കർണാടകയിൽ പറഞ്ഞത്).

English Summary:

Will bring back electoral bonds; Nirmala Sitharaman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com