മഹുവയ്ക്കെതിരായ മാനനഷ്ടക്കേസ് പിൻവലിച്ചു
Mail This Article
ന്യൂഡൽഹി ∙ തൃണമൂൽ കോൺഗ്രസ് നേതാവും മുൻ ലോക്സഭാംഗവുമായ മഹുവ മൊയ്ത്രയ്ക്കെതിരെ നൽകിയ മാനനഷ്ടക്കേസ് അഭിഭാഷകൻ ജയ് ആനന്ദ് ദെഹാദ്റായ് പിൻവലിച്ചു. സമൂഹമാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുന്നുവെന്നു കാട്ടിയാണ് 2 കോടി രൂപ നഷ്ടപരിഹാരം തേടി ജയ് ആനന്ദ് കോടതിയെ സമീപിച്ചത്.
ജയ് ആനന്ദിനെക്കുറിച്ചു തെറ്റായ പരാമർശങ്ങൾ നടത്തില്ലെന്ന് മഹുവ പ്രസ്താവന നടത്തിയാൽ കേസ് പിൻവലിക്കാമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെ, കേസ് നിരുപാധികം പിൻവലിക്കുകയാണെന്നു ജയ് ആനന്ദിന്റെ അഭിഭാഷകൻ അറിയിച്ചത് കോടതി അംഗീകരിച്ചു.
ലോക്സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ മഹുവ ദുബായിലെ വ്യവസായി ദർശൻ ഹിരാനന്ദാനിക്കു ലോക്സഭാ പോർട്ടലിന്റെ ലോഗിൻ വിവരങ്ങൾ കൈമാറിയെന്ന ആരോപണം ജയ് ആനന്ദാണ് ആദ്യമുയർത്തിയത്. ഈ വിഷയത്തിൽ മഹുവയെ ലോക്സഭയിൽനിന്നു പുറത്താക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.