ഡൽഹി മദ്യനയ അഴിമതി: കേജ്രിവാളിനു നേരിട്ട് പങ്കെന്ന് ഇ.ഡി
Mail This Article
ന്യൂഡൽഹി ∙ കൈക്കൂലിയായി നൽകിയ പണം തിരികെക്കിട്ടാൻ കമ്പനികളെ സഹായിക്കുന്ന മദ്യനയം രൂപീകരിക്കുന്നതിൽ പങ്കാളിയായതിലൂടെ, കുറ്റകൃത്യവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നേരിട്ടും അല്ലാതെയും പങ്കാളിയായെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ അറിയിച്ചു. മദ്യനയ അഴിമതിക്കേസിലെ അറസ്റ്റുൾപ്പെടെയുള്ള നടപടികൾ ചോദ്യം ചെയ്തു കേജ്‌രിവാൾ നൽകിയ ഹർജിയിലാണ് ഇ.ഡിയുടെ സത്യവാങ്മൂലം.
‘മൊത്ത വ്യാപാര ലൈസൻസ് ഉടമയ്ക്കു 12% ലാഭം അനുവദിക്കുന്ന നയ രൂപീകരണത്തിൽ േകജ്‌രിവാൾ പങ്കാളിയായിരുന്നു. ആദ്യം 5% നിശ്ചയിച്ചിരുന്നതാണ് 12% ആയി ഉയർത്തിയത്. ഈ തീരുമാനമെടുത്തത് ഏകപക്ഷീയമായും മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യാതെയും എക്സൈസ് ഉദ്യോഗസ്ഥരിൽ നിന്ന് ഉപദേശം തേടാതെയുമായിരുന്നു. 5 കോടി രൂപ ലൈസൻസ് ഫീസായി അടയ്ക്കാൻ സന്നദ്ധരായവർക്കെല്ലാം ലൈസൻസ് അനുവദിക്കാൻ പിന്നീടു തീരുമാനിച്ചതിലും ദുരൂഹതയുണ്ട്’– ഇ.ഡി ആരോപിച്ചു.
കുറ്റകൃത്യം 100 കോടി രൂപ കോഴപ്പണത്തിൽ ഒതുങ്ങുന്നതല്ലെന്നും കമ്പനികൾക്കു ലഭിച്ച അമിതലാഭവും ഇതിന്റെ ഭാഗമാണെന്നും ഇ.ഡി ആരോപിച്ചു. കേജ്‌രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കുറ്റാരോപിതർ ഉൾപ്പെടെ 36 പേർ 170 മൊബൈൽ ഫോണുകൾ മാറ്റുകയോ നശിപ്പിക്കുകയോ ചെയ്തുവെന്നും പറഞ്ഞു. നേരത്തെ കേജ്‌രിവാളിന്റെ ഹർജികൾ വിചാരണക്കോടതിയും ഡൽഹി ഹൈക്കോടതിയും തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിഷയം 29നു വീണ്ടും പരിഗണിക്കും.