ഹിന്ദു വിവാഹം സാധുവാകാൻ ആചാരപ്രകാരമാവണം: സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ ആചാരപ്രകാരം ചടങ്ങുകളോടെയുള്ള വിവാഹങ്ങൾക്കു മാത്രമേ 1955 ലെ ഹിന്ദു വിവാഹ നിയമ പ്രകാരം സാധുതയുള്ളൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. റജിസ്റ്റർ ചെയ്തതുകൊണ്ടു മാത്രം വിവാഹത്തിനു സാധുത ലഭിക്കില്ലെന്ന് ജഡ്ജിമാരായ ബി.വി.നാഗരത്ന, അഗസ്റ്റിൻ ജി.മസി എന്നിവരുടെ ബെഞ്ച് പറഞ്ഞു.
-
Also Read
സമയം ആയോ? മിണ്ടാട്ടമില്ലാതെ കമ്മിഷൻ
നിയമത്തിലെ ഏഴാം വകുപ്പനുസരിച്ച്, ആചാരപ്രകാരമുള്ള ചടങ്ങുകളോടെയാവണം വിവാഹം. എട്ടാം വകുപ്പനുസരിച്ച് റജിസ്ട്രേഷൻ. ചടങ്ങുകളോടെ വിവാഹം നടന്നുവെന്നതിന്റെ തെളിവു മാത്രമാണ് റജിസ്ട്രേഷൻ. അല്ലാതെ, റജിസ്ട്രേഷൻ മാത്രം നടത്തിയതുകൊണ്ട് വിവാഹം നിയമപരമാവില്ല – കോടതി വിശദീകരിച്ചു.
വിവാഹം കച്ചവട ഇടപാടല്ല, 2 പേർ തമ്മിൽ ബന്ധം സ്ഥാപിക്കുന്ന പവിത്രമായ ചടങ്ങാണ്. എന്നാൽ, വീസ നേടി മറ്റു രാജ്യങ്ങളിലേക്കു പോകുന്നതുൾപ്പെടെയുള്ള പ്രായോഗിക കാരണങ്ങളാലും സമയം ലാഭിക്കാനുമായി ആദ്യം റജിസ്ട്രേഷൻ, പിന്നീട് വിവാഹച്ചടങ്ങ് എന്ന പ്രവണതയുണ്ട്. മാറ്റിവച്ച ചടങ്ങ് പിന്നീടു നടന്നില്ലെങ്കിൽ കക്ഷികളുടെ സ്ഥിതി എന്താവും, അവരെ ഭാര്യയും ഭർത്താവുമെന്നു കരുതാമോ? – കോടതി ചോദിച്ചു.
ഹൈന്ദവ സമൂഹത്തിന്റെ സംസ്കാരത്തിന്റെ ഭാഗമായ വിവാഹത്തിനു മഹത്തായ മൂല്യം കൽപിക്കണം. അത് എത്ര പവിത്രമാണെന്ന് ബന്ധത്തിനു മുൻപുതന്നെ ചെറുപ്പക്കാർ ചിന്തിക്കണം. അത് പാട്ടിനും ആട്ടത്തിനും വിരുന്നിനും സ്ത്രീധനവും സമ്മാനങ്ങളും ചോദിക്കാനും വാങ്ങാനും അതിനു സമ്മർദം ചെലുത്തി പിന്നീടു ക്രിമിനൽ നടപടികളിൽ എത്താനുമുള്ളതല്ല – കോടതി വിശദീകരിച്ചു.
-
Also Read
ഒട്ടും മമതയില്ല; മാൾഡയിൽ ‘പറന്നാക്രമണം’
ചടങ്ങുകൾ നടത്താതെ, റജിസ്ട്രേഷൻ മാത്രം നടത്തിയുള്ള വിവാഹം അസാധുവെന്നു പ്രഖ്യാപിക്കണമെന്ന് 2 പേർ ചേർന്നു നൽകിയ ഹർജി അനുവദിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ വിധി. ഹർജിക്കാർ ആദ്യം വിവാഹം റജിസ്റ്റർ ചെയ്തു, ചടങ്ങ് പിന്നീടു നടത്താൻ തീരുമാനിച്ചു. അതിനിടെ ഇരുവരും തമ്മിൽ ഭിന്നതകളുണ്ടായി. പുരുഷൻ വിവാഹ മോചനത്തിനു ബിഹാറിലെ മുസർഫർപുരിൽ ഹർജി നൽകി. ഹർജി താൻ താമസിക്കുന്ന റാഞ്ചിയിലേക്കു മാറ്റണമെന്ന് ആവശ്യവുമായി സ്ത്രീ സുപ്രീം കോടതിയെ സമീപിച്ചു. ഇതു കോടതിയുടെ പരിഗണനയിലിരിക്കെയാണ് വിവാഹം അസാധുവാക്കണമെന്ന് ഇരുവരും ചേർന്ന് ആവശ്യപ്പെട്ടത്.