ഹനുമാൻ തുണയിൽ സിപിഎമ്മിന് ഒരു വോട്ട്; ചിഹ്നം നിലനിർത്താനുള്ള പെടാപ്പാടിൽ ബിഹാറിലെ അടവുനയം
Mail This Article
പട്ന ∙ ബജ്റംഗബലി (ഹനുമാൻ) കൃപയിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിലൊരു വോട്ട് – ഹനുമത്‌ജയന്തി ദിനത്തിൽ ഖഗഡിയ ലോക്സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി സഞ്ജയ് കുമാറിനായി പുറത്തിറക്കിയ പോസ്റ്റർ ഭക്തിമയം. ചിഹ്നം നിലനിർത്താനുള്ള പോരാട്ടത്തിൽ സിപിഎമ്മിന്റെ അടവുനയമാണിതെന്ന് ആരോപണമുണ്ട്.
-
Also Read
ഗനിഖാന്റെ തണലിൽ ഇഷാ ഖാന്റെ പോരാട്ടം
ബിഹാറിൽ ഇന്ത്യാസഖ്യം സിപിഎമ്മിന് അനുവദിച്ച ഏക സീറ്റാണ് ഖഗഡിയ. 20 വർഷത്തിനുശേഷം ബിഹാറിൽ നിന്നൊരു ലോക്സഭാംഗത്തിനായി സിപിഎം കടുത്ത പ്രചാരണത്തിലാണ്. ഖഗഡിയ മണ്ഡലത്തിലെ സാമൂഹിക ഘടകങ്ങൾ പാർട്ടി സ്ഥാനാർഥിക്ക് അനുകൂലമാണെന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ അവധേഷ് കുമാർ അവകാശപ്പെട്ടു.
എൻഡിഎയുടെ എൽജെപി (റാംവിലാസ്) സ്ഥാനാർഥി ഭാഗൽപുർ സ്വദേശിയായ രാജേഷ് വർമയ്ക്കു ഖഗഡിയയിൽ വേരുകളില്ല. സ്വർണ വ്യാപാരിയായ രാജേഷിന്റെ സോനാർ സമുദായ വോട്ടുകൾ ഖഗഡിയയിൽ തീരെ കുറവാണെന്നും അവധേഷ് കുമാർ വിശദീകരിച്ചു.
ആർജെഡി നേതാവ് തേജസ്വി യാദവും വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നിയും സിപിഎം സ്ഥാനാർഥിക്കായി വിപുലമായ പ്രചാരണം നടത്തുന്നു. സീറ്റു നിഷേധിക്കപ്പെട്ട എൽജെപി സിറ്റിങ് എംപി മെഹ്ബൂബ് അലി ആർജെഡിയിൽ ചേർന്നതു ഗുണം ചെയ്യുമെന്നും പാർട്ടി കരുതുന്നു. സഞ്ജയ് കുമാറിന്റെ പിതാവ് യോഗേന്ദ്ര സിങ് ഖഗഡിയ നിയമസഭാ മണ്ഡലത്തിൽ നിന്നു 2000 ൽ വിജയിച്ചിരുന്നു.