ലൈംഗിക പീഡനക്കേസ്: പ്രജ്വലിനെ കാത്ത് അന്വേഷണ സംഘം; പരാതിയുമായി കൂടുതൽ സ്ത്രീകൾ
Mail This Article
ബെംഗളൂരു∙ കർണാടകയിൽ വോട്ടെടുപ്പു പൂർത്തിയായതോടെ ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണ ഇന്ന് ജർമനിയിൽ നിന്ന് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). വോട്ടെടുപ്പു കഴിയും മുൻപു പ്രജ്വൽ അറസ്റ്റിലാകുന്നത് 14 മണ്ഡലങ്ങളിലെ സാധ്യതകളെ ബാധിക്കുമെന്ന് സഖ്യകക്ഷിയായ ബിജെപി ആശങ്കപ്പെട്ടിരുന്നു.
ഇതിനിടെ, എംപിയുടെ ലൈംഗിക പീഡനത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയ 25 സ്ത്രീകളിൽ ചിലർ സ്വന്തം നിലയ്ക്കും പരാതി നൽകാൻ ഒരുങ്ങുന്നു. വ്യാപകമായി പ്രചരിച്ച മൂവായിരത്തോളം അശ്ലീല വിഡിയോകളിൽ 200 സ്ത്രീകളെങ്കിലും ഉൾപ്പെട്ടിട്ടുണ്ട്. രണ്ടു പേർ മാത്രമാണ് ഇതുവരെ പരാതിപ്പെട്ടത്.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ദൾ നേതാവുമായ 44 വയസ്സുകാരിയെ പ്രജ്വൽ പീഡിപ്പിച്ച ‘എംപി ക്വാർട്ടേഴ്സ്’ മുൻ പ്രധാനമന്ത്രിയെന്ന നിലയ്ക്ക് ദൾ ദേശീയ അധ്യക്ഷൻ ദേവെ ഗൗഡയ്ക്ക് അനുവദിച്ച ഒൗദ്യോഗിക വസതിയാണ്. തിങ്കളാഴ്ച ഈ വസതി പൊലീസ് മുദ്ര വച്ചിരുന്നു. 2018 ൽ ഗൗഡയ്ക്ക് ലഭിച്ച വസതി തൊട്ടടുത്ത വർഷം എംപിയായതു മുതൽ പ്രജ്വലാണ് ഉപയോഗിക്കുന്നത്.
പ്രജ്വൽ പീഡിപ്പിച്ച മൈസൂരു കെആർ നഗർ സ്വദേശിനിയെ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായ പിതാവും എംഎൽഎയുമായ എച്ച്.ഡി.രേവണ്ണ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണം സംഘം പറയുന്നു. കസ്റ്റഡി അവസാനിക്കാനിരിക്കെ പ്രത്യേക കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും.
കേസ് സിബിഐക്ക് കൈമാറണമെന്ന് പ്രജ്വലിന്റെ പിതൃസഹോദരനും ദൾ സംസ്ഥാന പ്രസിഡന്റുമായ കുമാരസ്വാമിയും ബിജെപി എംഎൽഎ രമേഷ് ജാർക്കിഹോളിയും ആവശ്യപ്പെട്ടു. ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ.ശിവകുമാറാണ് അശ്ലീല വിഡിയോകൾ പ്രചരിപ്പിച്ചതിനു പിന്നിലെ സൂത്രധാരനെന്നും കുമാരസ്വാമി ആരോപിച്ചു. വിഡിയോകൾ പ്രചരിപ്പിച്ചതിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ജനതാദൾ നേതാക്കൾ ആവശ്യപ്പെട്ടു.