ADVERTISEMENT

ഹൈദരാബാദ് /കാൻപുർ ∙ കോൺഗ്രസിനെ ഹിന്ദുവിരുദ്ധമെന്നു വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ആക്രമണത്തിനു മൂർച്ചകൂട്ടിയപ്പോൾ ജൂൺ നാലിനുശേഷം പ്രധാനമന്ത്രിയായി മോദി ഉണ്ടാവില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പ്രതികരിച്ചു. 

മതത്തിന്റെ പേരിലുള്ള സംവരണം ഭരണഘടനാവിരുദ്ധമാണെന്നു കോൺഗ്രസിന് അറിയാമെന്നും രാഹുൽ ഗാന്ധി സമൂഹത്തിൽ വിഷം കലർത്തുകയാണെന്നും മെഹബൂബ്‌നഗർ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. സാം പിത്രോദയുടെ വിവാദ പരാമർശത്തിനെതിരെയും മോദി ആക്രമണം തുടർന്നു.

‘കോൺഗ്രസിലെ രാജകുമാരന്റെ അമേരിക്കയിൽ താമസിക്കുന്ന ഉപദേശകൻ ദക്ഷിണേന്ത്യക്കാരെ ആഫ്രിക്കക്കാരുമായാണ് ഉപമിച്ചത്. എന്തുകൊണ്ടാണതെന്നു നിങ്ങൾക്കറിയാം. കാരണം അവർ നിങ്ങളുടെ തൊലിയുടെ നിറം ഇഷ്ടപ്പെടുന്നില്ല. ആരാണ് ആഫ്രിക്കക്കാരൻ, ആരാണ് ഇന്ത്യക്കാരൻ എന്നൊക്കെ തൊലിയുടെ നിറമനുസരിച്ചാണു കോൺഗ്രസ് തീരുമാനിക്കുന്നത്. 

ഹിന്ദുക്കളോടും അവരുടെ സംസ്‌കാരത്തോടുമുള്ള കോൺഗ്രസിന്റെ വിദ്വേഷം ദിനംപ്രതി തുറന്നുകാട്ടപ്പെടുകയാണ്. അയോധ്യയിൽ രാമക്ഷേത്രം പണിതതും അവിടെ രാമനവമി ആഘോഷിച്ചതും ഇന്ത്യാമുന്നണിയുടെ ആശയങ്ങൾക്കെതിരാണ്. ഞാൻ അഭിമാനത്തോടെയാണ് രാമക്ഷേത്രത്തിൽ പോയത്. അതും ദേശവിരുദ്ധമാണെന്ന് കോൺഗ്രസിലെ രാജകുമാരൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.– മോദി പരിഹസിച്ചു. ഹിന്ദുക്കളെ സ്വന്തം രാജ്യത്ത് രണ്ടാംതരം പൗരന്മാരാക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നാരോപിച്ച മോദി, തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിനെയും കടന്നാക്രമിച്ചു. 

ഇതേസമയം, ഇന്ത്യാസഖ്യം യുപിയിലെ 80 ലോക്സഭാ സീറ്റിൽ 50 എണ്ണം നേടുമെന്ന് രാഹുൽ ഗാന്ധി കാൻപുർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പു റാലിയിൽ അവകാശപ്പെട്ടു. ‘2024 ജൂൺ 4ന് നരേന്ദ്ര മോദി പ്രധാനമന്ത്രി പദവിയിലുണ്ടാകില്ല. ഇത് എഴുതിവച്ചോളൂ. ഇപ്പോൾ സഖ്യം മുന്നേറുന്നത് യുപിയിൽ നിങ്ങൾക്കു കാണാം. മറ്റു സംസ്ഥാനങ്ങളിലും ഞങ്ങൾ ബിജെപിയെ തടയും’ – രാഹുൽ പറഞ്ഞു. 

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജിൽ നടന്ന റാലിയിലും രാഹുൽ ഇതേ വാക്കുകൾ ആവർത്തിച്ചു. ‘ബിജെപിയുടെ ഏറ്റവും വലിയ പരാജയമാണ് യുപിയിൽ സംഭവിക്കാൻ പോകുന്നത്. ഇന്ത്യയിൽ ഒരു മാറ്റം വരാൻ പോകുന്നു. ആളുകൾ അക്കാര്യം മനസ്സിൽ ഉറപ്പിച്ചുകഴിഞ്ഞു– രാഹുൽ  പറഞ്ഞു.

English Summary:

Congress is anti Hindu alleges Narendra Modi; Modi on the verge of ousted from power says Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com