സൈബർ തട്ടിപ്പ്: റദ്ദാക്കിയത് 1.58 കോടി മൊബൈൽ കണക‍്ഷനുകൾ; സിം കാർഡുകളും ഫോണുകളും ബ്ലോക്ക് ചെയ്തു
Mail This Article
ന്യൂഡൽഹി ∙ ഒരു വർഷം കേന്ദ്ര ടെലികോം വകുപ്പ് രാജ്യത്തു റദ്ദാക്കിയത് 1.58 കോടി തട്ടിപ്പ് മൊബൈൽ കണക‍്ഷനുകൾ. വ്യാജ രേഖ നൽകിയെടുത്ത സിം കാർഡുകൾ, സൈബർ തട്ടിപ്പിൽ ഉൾപ്പെട്ട കണക‍്ഷനുകൾ അടക്കം ഇതിൽ ഉൾപ്പെടും. 2023 മേയ് 17 മുതൽ ഇന്നലെ വരെയുള്ള കണക്കാണിത്. വ്യാജ രേഖ നൽകിയതിന്റെ പേരിൽ കേരളത്തിൽ 69,730 സിം കാർഡുകളാണ് ഇക്കാലയളവിൽ ബ്ലോക് ചെയ്തത്.
സൈബർ തട്ടിപ്പുകളിൽ ഉൾപ്പെട്ട 1.86 ലക്ഷം മൊബൈൽ ഫോണുകളും രാജ്യമാകെ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഐഎംഇഐ നമ്പർ വിലക്കിയതിനാൽ ഈ ഫോണുകളിൽ ഇനി സിം കാർഡ് ഉപയോഗിക്കാനാവില്ല.
കേന്ദ്രത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വ്യാജ സിം കാർഡ് വേട്ട (അസ്ത്ര്–ASTR) വഴിയാണ് ഏറ്റവുമധികം തട്ടിപ്പു സിം കാർഡുകൾ റദ്ദാക്കപ്പെട്ടത്: 63.46 ലക്ഷം. ഒരേ വ്യക്തി പലതരത്തിലുള്ള വ്യാജ വിവരങ്ങളും രേഖകളും നൽകി വാങ്ങിയ സിം കാർഡുകളാണ് ഇത്തരത്തിൽ റദ്ദാക്കുന്നത്.
സിം എടുക്കാനായി ഉപയോക്താക്കൾ ടെലികോം കമ്പനികൾക്കു നൽകുന്ന ചിത്രങ്ങളിൽ സാമ്യമുള്ളവ ഒരുമിച്ച് ലിസ്റ്റ് ചെയ്യും. ഇവയുടെ കെവൈസി രേഖകളും പേരും ഒത്തുനോക്കി വ്യത്യാസങ്ങൾ കണ്ടെത്തും. സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ഇവ റദ്ദാക്കും. ‘സഞ്ചാർ സാഥി’ പോർട്ടൽ വഴിയാണ് ടെലികോം വകുപ്പ് നടപടികൾ ഏകോപിപ്പിച്ചത്. വിവരങ്ങൾക്ക്: sancharsaathi.gov.in
സർക്കാർ ഉദ്യോഗസ്ഥരുടെ പേരിൽ തട്ടിപ്പ്; 577 വാട്സാപ് അക്കൗണ്ടുകൾ റദ്ദാക്കി
സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന +92 നമ്പറിൽ തുടങ്ങുന്ന നമ്പറിൽനിന്നു വിളിച്ച് സൈബർ തട്ടിപ്പ് നടത്തിയ 577 വാട്സാപ് അക്കൗണ്ടുകൾ റദ്ദാക്കി. ഇല്ലാത്ത പാഴ്സലിന്റെ പേരിൽ കസ്റ്റംസിന്റെയും പൊലീസിന്റെയും പേരിൽ നടത്തുന്ന വിഡിയോ കോൾ തട്ടിപ്പ്, മൊബൈൽ കണക‍്ഷൻ 2 മണിക്കൂറിൽ റദ്ദാകുമെന്നു പറഞ്ഞുള്ള തട്ടിപ്പ് തുടങ്ങിയവയ്ക്ക് ഉപയോഗിച്ചതാണ് ഈ അക്കൗണ്ടുകൾ.
തട്ടിപ്പ് കോളുകളുടെയും മെസേജുകളുടെയും പേരിൽ ചക്ഷു എന്ന പോർട്ടൽ വഴി ജനങ്ങൾ റിപ്പോർട്ട് ചെയ്ത 8,272 കണക‍്ഷനുകൾ വിഛേദിച്ചു. ഫോണിലും വാട്സാപ്പിലും വരുന്ന തട്ടിപ്പ് കോളുകളും മെസേജുകളും പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനായി മാർച്ചിലാണ് ചക്ഷു എന്ന സംവിധാനം ആരംഭിച്ചത്: വെബ്സൈറ്റ്: sancharsaathi.gov.in/sfc
റദ്ദാക്കിയ തട്ടിപ്പ് കണക‍്ഷനുകൾ
∙ വ്യാജ സിം കാർഡുകൾ (അസ്ത്ര് വഴി): 63.46 ലക്ഷം
∙ തട്ടിപ്പുകളുടെ പേരിൽ സർക്കാർ ഏജൻസികൾ റിപ്പോർട്ട് ചെയ്തവ: 8.62 ലക്ഷം
∙ വ്യക്തിഗത സിം പരിധി (ഒരാൾക്ക് 9) ലംഘിച്ചതിന്: 53.86 ലക്ഷം
∙ തന്റെ കണക‍്ഷനല്ലെന്ന് വരിക്കാർ റിപ്പോർട്ട് ചെയ്തവ: 32.18 ലക്ഷം
∙ റദ്ദാക്കിയ മൊബൈൽ ഫോണുകൾ: 1.86 ലക്ഷം
∙ തട്ടിപ്പിന്റെ പേരിൽ റദ്ദായ വാട്സാപ് അക്കൗണ്ടുകൾ: 6.1 ലക്ഷം
∙ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ/വോലറ്റുകൾ: 9.98 ലക്ഷം