ബിഹാറിന് പ്രത്യേക പദവി: ബിജെപിയെ വെട്ടിലാക്കി ജെഡിയു പ്രമേയം
Mail This Article
ന്യൂഡൽഹി ∙ ബിഹാറിനു പ്രത്യേകപദവിയോ പ്രത്യേക സാമ്പത്തിക പാക്കേജോ വേണമെന്ന ജനതാദൾ–യു (ജെഡിയു) പ്രമേയം ബിജെപിക്ക് തലവേദനയാകും. ആവശ്യം പ്രധാനമന്ത്രിയോട് നേരിട്ട് ഉന്നയിക്കാനാണു ഇന്നലെ ചേർന്ന ജെഡിയു ദേശീയ നിർവാഹക സമിതി തീരുമാനിച്ചത്. ഏതെങ്കിലും സംസ്ഥാനത്തിന് ഇനി പ്രത്യേക പദവി അനുവദിക്കാനാവില്ലെന്നാണ് ബിജെപിയുടെ നിലപാട്.
മോദി സർക്കാരിനു ഭരണത്തുടർച്ച സാധ്യമാക്കിയ ഘടകകക്ഷികളിലൊന്നായി കേന്ദ്രമന്ത്രിസഭയിൽ ചേർന്ന് ഒരുമാസം തികയും മുൻപാണു ജെഡിയു പ്രത്യേക പദവി ആവശ്യപ്പെടുന്നത്. 14–ാം ധനകാര്യ കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണിത്. പ്രത്യേക പദവി പറ്റില്ലെങ്കിൽ അധിക സാമ്പത്തിക സഹായമാണ് ആവശ്യം. ഇതേ ആവശ്യം ആന്ധ്രപ്രദേശിനുവേണ്ടി ടിഡിപിയും ഉന്നയിക്കുമെന്നുറപ്പ്. എൻഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് ടിഡിപി. 2 പ്രധാന സഖ്യകക്ഷികളുടെ സമ്മർദത്തെ ബിജെപി എങ്ങനെ അതിജീവിക്കുമെന്നാണ് ഇനി വ്യക്തമാകേണ്ടത്.
ഇതിനിടെ, ഘടകകക്ഷികളുടെ സമ്മർദത്തിനു കനം കൂട്ടാൻ കോൺഗ്രസും രംഗത്തിറങ്ങി. പ്രത്യേക പദവി ആവശ്യപ്പെട്ട് ബിഹാർ സർക്കാർ പ്രമേയം പാസാക്കുമോയെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചോദിച്ചു. ആന്ധ്രയ്ക്കു പ്രത്യേക പദവി ആവശ്യപ്പെട്ട് എന്തുകൊണ്ടാണ് ടിഡിപി പ്രമേയം പാസാക്കാത്തതെന്നും ജയ്റാം ചോദിച്ചു.
ബിഹാറിൽ പിന്നാക്ക സംവരണം 65% ആക്കിയതു തടഞ്ഞ ഹൈക്കോടതി വിധി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്നും ജെഡിയു പ്രമേയത്തിലുണ്ട്. ഇതും ബിജെപിക്കു പ്രശ്നമാണ്. ജാതി സർവേയുടെ അടിസ്ഥാനത്തിലാണു പിന്നാക്ക സംവരണം 65% ആക്കാൻ ബിഹാർ സർക്കാർ തീരുമാനിച്ചത്. എന്നാൽ, ജാതി സർവേകൾക്കു സംസ്ഥാനത്തിന് അധികാരമില്ലെന്നാണു നേരത്തേ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. ഈ നിലപാട് ഇനി തുടരുമോ എന്നാണു വ്യക്തമാകാനുള്ളത്.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജെഡിയു നിർവാഹക സമിതി പാർട്ടി വർക്കിങ് പ്രസിഡന്റായി രാജ്യസഭാംഗം സഞ്ജയ് ഝായെ നിയമിച്ചു. നിതീഷ് കുമാർ പ്രസിഡന്റായി തുടരും.