സഖ്യകക്ഷി സമ്മർദത്തിന്റെ ഭാരം; താങ്ങുകൂലി
Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രിയുടെയും 2 മുഖ്യമന്ത്രിമാരുടെയും ബജറ്റാണ് ഇന്നലെ ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചത്. 10 വർഷത്തിനുശേഷം ഇതാദ്യമായാണ് മോദി സർക്കാർ സഖ്യകക്ഷി സമ്മർദത്തിന്റെ ഭാരം അനുഭവിക്കുന്നത്. അത് രാജ്യത്തോട് തുറന്നു സമ്മതിക്കുന്നതാണ് ബജറ്റിൽ ആന്ധ്ര പ്രദേശിനും ബിഹാറിനും നൽകിയ പ്രത്യേക പരിഗണന. ആദ്യമായി ബിജെപിയെ അധികാരത്തിലേറ്റിയ ഒഡീഷയ്ക്കും ലഭിച്ചു എടുത്തുപറയാവുന്ന പരിഗണന.
ആന്ധ്രയ്ക്കെന്ന പോലെ, ബിഹാറിനും വിദേശ സഹായത്തിനുള്ള പിന്തുണ ബജറ്റിലൂടെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോക ബാങ്ക്, ഏഷ്യൻ വികസന ബാങ്ക് തുടങ്ങിയവയിൽ നിന്ന് സഹായം ഉറപ്പാക്കുമെന്നാണ് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി പിന്നീടു വിശദീകരിക്കുകയും ചെയ്തു. ഇതേ സമീപനം മറ്റു സംസ്ഥാനങ്ങളും ആവശ്യപ്പെടുമെന്ന് കരുതാൻ പ്രയാസമില്ല. ഉടനെ തിരഞ്ഞെടുപ്പുള്ള ഹരിയാനയ്ക്കും മഹാരാഷ്ട്രയ്ക്കും ജാർഖണ്ഡിനും ജമ്മു കശ്മീരിനുമായി പ്രത്യേക പ്രഖ്യാപനങ്ങളില്ലെന്നതു ശ്രദ്ധേയമാണ്. എന്നാൽ, കൃഷി മേഖലയ്ക്കും തൊഴിൽ വർധനയ്ക്കുമുള്ള പദ്ധതികൾ മഹാരാഷ്ട്രയെയും ഹരിയാനയെയും ഗോത്ര വർഗ ക്ഷേമ പദ്ധതികൾ ജാർഖണ്ഡിനെയും കൂടി ഉദ്ദേശിച്ചാണെന്ന് ബിജെപിക്ക് അവകാശപ്പെടാം.
തൊഴിലിനും നൈപുണ്യ വികസനത്തിനും ഊന്നൽ നൽകിയുള്ള പ്രഖ്യാപനങ്ങൾ കഴിഞ്ഞ ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിലാണ് അവതരിപ്പിച്ചിരുന്നതെങ്കിൽ, അത് പ്രധാനമന്ത്രിയുടെ വികസിത ഭാരത ലക്ഷ്യങ്ങളുടെ ബജറ്റാകുമായിരുന്നു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമെന്നത് അംഗീകരിക്കാതെ, കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങളുടെ പത്രികയെന്നോണമാണ് ഫെബ്രുവരിയിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. തൊഴിലില്ലായ്മയുൾപ്പെടെ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ ഭൂരിപക്ഷ നഷ്ടത്തിന് ഇത് കാരണമായെന്ന് പിന്നീടു വിലയിരുത്തപ്പെട്ടു.
കോൺഗ്രസിന്റെ പ്രകടന പത്രികയിൽ നിന്ന് നിർമല സീതാരാമൻ ആശയങ്ങൾ കടംകൊണ്ടിരിക്കുന്നുവെന്ന് മുൻധനമന്ത്രി പി.ചിദംബരം പരിഹസിക്കുന്നതു വരെ ഇപ്പോൾ കാര്യങ്ങൾ എത്തിയിരിക്കുന്നു. ബജറ്റ് രാഷ്ട്രീയ രേഖയാണെന്ന് മുൻ ധനമന്ത്രി അരുൺ ജയ്റ്റ്ലി ഉൾപ്പെടെ പ്രസ്താവിച്ചിട്ടുണ്ട്. കൂട്ടുകക്ഷി ഭരണത്തിലെ വിലപേശലിന്റെ രേഖകൂടിയാണെന്ന് പിൻഗാമി ഇന്നലത്തെ ബജറ്റ് പ്രസംഗത്തിലൂടെ പറഞ്ഞുവച്ചു.
പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലുള്ള സംസ്ഥാനങ്ങൾ മാത്രമല്ല, ബിജെപി ഭരണത്തിലുള്ളവയും പരിഗണിക്കപ്പെട്ടില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. രാജ്യത്തിന്റെയാകെ ക്ഷേമത്തിനുള്ള ബജറ്റെന്ന വിശേഷണത്തിലൂടെ, പൊതുവായ നല്ല വശങ്ങൾ എടുത്തുപറഞ്ഞ് ആശ്വസിക്കുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റും. മുഖ്യസഖ്യകക്ഷികൾ ബജറ്റിലൂടെ പ്രകടമാക്കിയ സ്വാധീനം ഇനിയങ്ങോട്ട് ഏതൊക്കെ വിധത്തിൽ തുടരുമെന്ന ആശങ്കയാണ് ഇപ്പോൾ ബിജെപിക്കുള്ളത്.