ADVERTISEMENT

വെളിപാട് ഇല്ലാത്തിടത്ത് ജനം നിയന്ത്രണം വെടിയുന്നു’– ബൈബിളിലെ സുഭാഷിതങ്ങളിൽ നിന്നുള്ള വാക്യം ഉദ്ധരിച്ചാണ് ഭരണഘടനാസഭയുടെ ആദ്യദിനത്തിൽ താൽക്കാലിക അധ്യക്ഷൻ ഡോ. സച്ചിദാനന്ദ സിൻഹ പ്രസംഗം അവസാനിപ്പിച്ചത്. സ്വാതന്ത്ര്യത്തിലേക്കു കാൽവച്ചു തുടങ്ങിയ പുതിയ ഇന്ത്യയ്ക്കുള്ള വെളിപാടു പുസ്തകമായി പിന്നീടു ഭരണഘടന മാറി. അതു തയാറാക്കുകയെന്ന നിയോഗം ഏറ്റെടുത്ത മനുഷ്യരാണ് നാമിന്നനുഭവിക്കുന്ന പൗരസൗഭാഗ്യങ്ങളുടെ ജാതകമെഴുതിയത്. വിഭജനത്തിന്റെ നോവും കശ്മീരിലെ മുറിപ്പാടുകളും ഉൾപ്പെടെ ഇന്ത്യ സംഘർഷഭരിതയായി നിൽക്കെ കോൺസ്റ്റിറ്റ്യൂഷൻ ഹാളിൽ (പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാൾ) രൂപപ്പെട്ടതാണ് ഭരണഘടന. നാനാതരം മനുഷ്യരുടെ പ്രതിനിധികളായി, വേറിട്ട ശബ്ദങ്ങൾ സമ്മേളിച്ച ഇടമായിരുന്നു അത്. തർക്കിച്ചും വാദിച്ചും തള്ളിപ്പറഞ്ഞും ചിരി പടർത്തിയും അവർ ഒന്നിച്ചിരുന്നു ഭരണഘടന രൂപപ്പെടുത്തി. 

‌ഭരണഘടന നിർമാണവേളയിലെ കൗതുകകരവും അപൂർവവുമായ നിമിഷങ്ങളിലൂടെ ഒരു സഞ്ചാരം:

1946 ഡിസംബർ 9ന് രാവിലെ 11ന് ആയിരുന്നു സമ്മേളനാരംഭം. ആചാര്യ ജെ.ബി.കൃപലാനി ആദ്യം സംസാരിച്ചു. താൽക്കാലിക അധ്യക്ഷനായി ഡോ.സിൻഹയെ അദ്ദേഹം ക്ഷണിച്ചു. യുഎസ്, ചൈന, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽനിന്നു സഭയ്ക്കു ലഭിച്ച ആശംസാക്കത്തുകൾ അദ്ദേഹം വായിച്ചു.

‘പറ്റില്ലെങ്കിൽ ഇന്ത്യ വിട്ടുപോകൂ’

ഡിസംബർ 10ന് ഡോ. സച്ചിദാനന്ദ സിൻഹയുടെ ചോദ്യം: സഭയിൽ ഇംഗ്ലിഷ് അറിഞ്ഞുകൂടാത്തവരുണ്ടോ? ആർ.വി.ധൂൽക്കർ എഴുന്നേറ്റു: എനിക്കറിയാം, പക്ഷേ, ഹിന്ദുസ്ഥാനിയിൽ സംസാരിക്കണം. രാജഗോപാലാചാരിയെപ്പോലെ ഹിന്ദുസ്ഥാനി മനസ്സിലാകാത്തവരുണ്ടെന്നു സിൻഹ തിരുത്തി. ധൂൽക്കർ തുടർന്നു: ‘ഹിന്ദുസ്ഥാനി അറിയാത്തവർക്ക് ഇന്ത്യയിൽ തുടരാൻ അർഹതയില്ല. ഭരണഘടനയുണ്ടാക്കാനാണ് ഇവിടെ സമ്മേളിച്ചിരിക്കുന്നത്. ഹിന്ദുസ്ഥാനി അറിയാത്തവർ അതിന്റെ ഭാഗമാകുന്നതും ശരിയല്ല. അവ‍ർ പോകേണ്ടതാണ്.’ ‘ഓർഡർ, ഓർഡർ’ – ഡോ.സിൻഹ വിലക്കി. വഴങ്ങാൻ ധൂൽക്കർ തയാറായില്ല; ഇന്ത്യയുടെ മഹിതപാരമ്പര്യം നോക്കിയാണ് ഭരണഘടന തയാറാക്കേണ്ടതെന്നു വാദിച്ചു. തുടർന്നു സംസാരിക്കാൻ അനുമതി നിഷേധിച്ച സിൻഹ അടുത്തയാളെ വിളിച്ചു. ഭാഷാപ്രശ്നം സഭാസമ്മേളനത്തിന്റെ അവസാനദിവസംവരെ പലവട്ടം ചർച്ചയായി. ഇംഗ്ലിഷ് അറിയാവുന്നവർ ആ ഭാഷ ഉപയോഗിക്കാൻ റൂളിങ് നൽകണമെന്ന ആവശ്യം തലശ്ശേരിക്കാരനായ ബി.പോക്കർ ഒരിക്കൽ മുന്നോട്ടുവച്ചു. നിർബന്ധിക്കാനാകില്ലെന്നു രാജേന്ദ്രപ്രസാദ് പറഞ്ഞപ്പോൾ, അങ്ങെങ്കിലും ഇംഗ്ലിഷിൽ മാത്രം സംസാരിക്കണമെന്നായി പോക്കറുടെ ആവശ്യം.

നിയോഗം പോലൊരാൾ

ഭരണഘടനാസഭയ്ക്കു സ്ഥിരം അധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് മൂന്നാംദിനത്തിലായിരുന്നു; ഡിസംബർ 11ന്. ആകെ ലഭിച്ച നാലു സെറ്റ് നാമനിർദേശപത്രികയും ഡോ. രാജേന്ദ്രപ്രസാദിനെ അധ്യക്ഷനായി നിർദേശിച്ചുള്ളതായിരുന്നു. അതിൽ രണ്ടെണ്ണം തള്ളിപ്പോയി. രാജേന്ദ്രപ്രസാദിനെ നിർദേശിച്ച്, പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയായ ഡോ. എസ്.രാധാകൃഷ്ണൻ നൽകിയതും മറ്റൊന്നു മദ്രാസിൽനിന്നുള്ള അംഗം ടി.പ്രകാശം നൽകിയതുമാണ് തള്ളിപ്പോയത്. സാധുവായ രണ്ടു സെറ്റ് പത്രികകളുടെ ബലത്തിൽ ഡോ. രാജേന്ദ്രപ്രസാദ് എതിരില്ലാതെ സഭയുടെ അധ്യക്ഷനായി. ഇംഗ്ലിഷിലെ ‘ഹിപ് ഹിപ് ഹുറൈ’ ചൊല്ലി താൽക്കാലിക അധ്യക്ഷൻ പ്രോത്സാഹനമേകിയപ്പോൾ ചിലർ ഇൻക്വിലാബ് സിന്ദാബാദ് മുഴക്കി. മറ്റു ചിലർ ജയ് ഹിന്ദും.

നമുക്കു മുന്നോട്ടുപോയേ പറ്റൂ

മുഹമ്മദ് അലി ജിന്നയുടെ ആഹ്വാനപ്രകാരം സമ്മേളനം തടയാൻ ശ്രമിക്കുകയും ബഹിഷ്കരിക്കുകയും ചെയ്ത മുസ്‌ലിം ലീഗ് അംഗങ്ങളുടെ നടപടിയെക്കുറിച്ചു തുടക്കസമ്മേളനങ്ങളിലൊന്നിൽ നെഹ്റു പരിതപിക്കുന്നുണ്ട്. ഒരുപാടുപേർ ഇവിടെ ഹാജരില്ലെന്നതിൽ ഖേദം തോന്നുന്നുവെന്നു നെഹ്റു പറഞ്ഞു. 

ക്രിസ്മസ് അവധി ചോദിക്കരുത്

സഭയുടെ ആദ്യസമ്മേളനം നടന്നതു ഡിസംബറിലായിരുന്നു. 18നു രാവിലെ പ്രധാനചർച്ച അംഗങ്ങളുടെ ക്രിസ്മസ് അവധിയെക്കുറിച്ചായിരുന്നു. ചുമതലകളൊന്നുമില്ലാത്തൊരു ക്രിസ്മസ് അവധി ആരും സ്വപ്നം കാണേണ്ടതില്ലെന്ന് അധ്യക്ഷൻ ആദ്യമേ മുന്നറിയിപ്പു നൽകി. പരിഭവവുമായി അംഗങ്ങളെഴുന്നേറ്റു. ഒരാഴ്ച അവധി വേണമെന്നും പുതുവർഷത്തിൽ മടങ്ങിവരാമെന്നും അനന്തശയനം അയ്യങ്കാർ പറഞ്ഞു. നാട്ടിൽപോയി വരുന്നകാര്യം ആലോചിക്കുകയേ വേണ്ടെന്ന് അധ്യക്ഷനും. ക്രിസ്തുമത വിശ്വാസികൾക്ക് ഈ ദിനം പ്രധാനമാണെന്നു വിശ്വാസികളായ ചിലർ ഓർമിപ്പിച്ചു. മറ്റുമതക്കാരും അവധിയെ പിന്തുണച്ചു. ഉദാരമായ അവധി സാധ്യമല്ലെന്നു സർദാർ പട്ടേൽ സ്വരം കടുപ്പിച്ചു. മറ്റു തിരക്കുകളുള്ളതിനാൽ ക്രിസ്‌മസ് വാരത്തിൽ സഭ ചേരരുതെന്നായിരുന്നു ശ്യാമപ്രസാദ് മുഖർജിയുടെ പക്ഷം. ഏതായാലും 23നു പിരിഞ്ഞ സഭ പിന്നീട് ജനുവരി 20ന് ആണ് ചേർന്നത്. ‍

തെളിച്ചു പറ സഖാവേ !

നെഹ്റു അവതരിപ്പിച്ചൊരു പ്രമേയത്തെക്കുറിച്ചു വിശദമായി സംസാരിക്കുകയായിരുന്നു ബംഗാളിൽനിന്നുള്ള സിപിഐ നേതാവ് സോമനാഥ് ലാഹിരി. കമ്യൂണിസ്റ്റ് നേതാവിന്റെ കത്തിക്കയറൽ കഴിഞ്ഞപ്പോൾ, അംഗം പ്രമേയത്തെ പിന്തുണയ്ക്കുകയാണോ അനുകൂലിക്കുകയാണോ എന്നു മാത്രം വ്യക്തമായില്ലെന്ന് ഒരംഗം പറഞ്ഞു. പറഞ്ഞതിൽ എന്തെങ്കിലും പ്രസക്തിയുണ്ടോയെന്നും വിമർശിച്ചു. അത് അധ്യക്ഷൻ തീരുമാനിക്കട്ടെയെന്നു വ്യക്തമാക്കി ലാഹിരി പ്രസംഗം തുടർന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ പാർട്ടിയുടെ പ്രതിനിധിയാണെന്നു ലാഹിരി പറഞ്ഞപ്പോൾ സഭയിൽ കൂട്ടച്ചിരിയായി. തടസ്സമില്ലാതെ സംസാരിക്കാൻ അനുവദിക്കണമെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏഴു ലക്ഷം വോട്ടുകിട്ടിയ പാർട്ടിയാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴും സഭയിൽ ചിരി ആവർത്തിച്ചു. അംബേദ്കറോടും മറ്റു പാർട്ടിക്കാരോടും കാട്ടിയ ഔദാര്യം തന്നോടും കാട്ടണമെന്നു ലാഹിരി ആവശ്യപ്പെട്ടു. അവരെ കേൾക്കാൻ സഭാംഗങ്ങൾക്കു മൂഡ് ഉള്ളതായി കണ്ടതുകൊണ്ടാണ് അവർക്ക് ഇളവുനൽകിയതെന്നും അതിപ്പോൾ കാണുന്നില്ലെന്നും സഭയുടെ മൂഡിന് അനുസൃതമായാണ് താൻ പ്രവർത്തിക്കുകയെന്നും ഡോ. രാജേന്ദ്രപ്രസാദ് തിരിച്ചടിച്ചു.

സുചേതയുടെ ഗാനാലാപനം

സ്വാതന്ത്ര്യമെന്ന അന്വേഷണത്തിന്റെ തൊട്ടടുത്തെത്തിയ 1947, ഓഗസ്റ്റ് 14നു രാത്രി 11ന് ആയിരുന്നു സഭയുടെ അഞ്ചാം സമ്മേളനം തുടങ്ങിയത്. ആദ്യ അജൻഡ വന്ദേമാതരം ആലാപനമായിരുന്നു. ജെ.ബി.കൃപലാനിയുടെ ഭാര്യയും സഭാംഗവും പിന്നീട് ഇന്ത്യയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയുമായ സുചേത കൃപലാനിയായിരുന്നു ഗായിക. സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘപ്രയാണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരമറിയിച്ച് അംഗങ്ങൾ രണ്ടുമിനിറ്റ് എഴുന്നേറ്റു. പിന്നാലെ അവതരിപ്പിച്ച പ്രമേയത്തിലാണ് ‘വർഷങ്ങൾക്കു മുൻപു വിധിയുമായി നാമൊരു കൂടിക്കാഴ്ച നടത്തി’യെന്നു തുടങ്ങുന്ന വിശ്വവിഖ്യാതമായ വരികൾ നെഹ്റുവിൽനിന്നു കേട്ടത്. ഔദ്യോഗികമായ ചില നടപടികൾക്കുശേഷം ഇന്ത്യൻ സ്ത്രീകളെ പ്രതിനിധീകരിച്ചു പതാക അവതരിപ്പിക്കാൻ ഹൻസ മേത്തയെ ക്ഷണിച്ചു.

ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റി അംഗങ്ങൾ ചെയർമാൻ ഡോ. ബി. ആർ. അംബേദ്‌കറിനൊപ്പം (1947 ഓഗസ്റ്റ് 29).
ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റി അംഗങ്ങൾ ചെയർമാൻ ഡോ. ബി. ആർ. അംബേദ്‌കറിനൊപ്പം (1947 ഓഗസ്റ്റ് 29).

അഭിഭാഷകരുടെ സാമാന്യവിവരം

സഭയിലെ തീപ്പൊരി ചർച്ചകളിലൊന്നു പൗരത്വത്തിനുള്ള വ്യവസ്ഥ സംബന്ധിച്ചായിരുന്നു. അതിൽ അച്ചടിപ്പിശകുമൂലം വിട്ടുപോയ ഭാഗത്തെക്കുറിച്ചു പരിശോധിക്കാൻ ഉപസമിതിയെ നിയോഗിക്കാൻ തീരുമാനമുണ്ടായി. കെ.എം.മുൻഷിയുടേതുൾപ്പെടെ മൂന്നു പേരുകൾ ആർ.വി.ധൂൽക്കർ നിർദേശിച്ചു. തീരുമാനം അധ്യക്ഷൻ കൈക്കൊള്ളട്ടെയെന്നായി നെഹ്റു. അങ്ങനെയെങ്കിൽ അഭിഭാഷകർ പരിശോധിക്കട്ടെയെന്നാകും തന്റെ തീരുമാനമെന്നു ഡോ. രാജേന്ദ്രപ്രസാദ് പറഞ്ഞു. എന്നാൽ, അഭിഭാഷകർക്കൊപ്പം സാമാന്യവിവരമുള്ള ഒരാളെക്കൂടി ഉൾപ്പെടുത്തണമെന്നായി ബി. പട്ടാഭി സീതരാമയ്യ. സാമാന്യവിവരമുള്ളവരുടെ ഗണത്തിൽനിന്ന് അഭിഭാഷകരെ താൻ ഒഴിവാക്കില്ലെന്നായിരുന്നു രാജേന്ദ്രപ്രസാദിന്റെ മറുപടി.

വേതനം ‘കുറച്ചുതരുമോ’ ?

ഭരണഘടനാസഭയിലെ അംഗങ്ങൾക്ക് അക്കാലത്തു ലഭിച്ചിരുന്ന അലവൻസിനെക്കുറിച്ചു വിശദമായ ചർച്ച സഭയിലുണ്ടായി. ഇന്നത്തെപ്പോലെ, തുക വർധിപ്പിക്കണമെന്നായിരുന്നില്ല അംഗങ്ങളുടെ വാദം. പകരം പ്രതിദിന അലവൻസ്, 45ൽനിന്ന് 40 രൂപയായി കുറയ്ക്കണമെന്നു വി.ഐ. മുനിസ്വാമി പിള്ള പ്രമേയം അവതരിപ്പിച്ചു. മറ്റൊരംഗം എച്ച്.ജെ. ഖണ്ഡേക്കർ ഒരുപടി കൂടി കടന്നു. തുക 20 രൂപയിലേക്കു താഴ്ത്തണമെന്നു വാദിച്ചു. തുകയിലെ കുറവിന്റെ കാര്യം അംഗങ്ങൾക്കു സ്വമേധയാ തീരുമാനിക്കാമെന്നുകൂടി വ്യക്തമാക്കി മുനിസ്വാമി പിള്ളയുടെ പ്രമേയം സഭ സ്വീകരിച്ചു.

ദൈവമോ അതോ ഗാന്ധിജിയോ ?

ഭരണഘടനയുടെ ആമുഖത്തിൽ ദൈവനാമത്തിൽ അല്ലെങ്കിൽ ഗാന്ധിജിയുടെ നാമത്തിൽ എന്ന ഭേദഗതി വേണമെന്ന നിർദേശം ചർച്ചയ്ക്കു വന്നു. ദൈവമോ ഗാന്ധിജിയോ ഈ ചർച്ച അനുവദിക്കില്ലെന്നു രാജേന്ദ്രപ്രസാദ് സഭയെ ഓർമിപ്പിച്ചു. പിന്തുണയുടെ കാര്യത്തിൽ ദൈവത്തെ വോട്ടിനിടരുതെന്നു പൂർണിമ ബാനർജി പറഞ്ഞു. ‘ദൈവനാമത്തിൽ ഇന്ത്യയിലെ ജനങ്ങളായ നാം ’ എന്നാക്കണമെന്ന ഭേദഗതിയുമായി എച്ച്.വി. കാമത്ത് ഉറച്ചുനിന്നു. ദേവതയുടെ നാമത്തിൽ എന്നാണു വേണ്ടതെന്ന് ആർ.കെ.ചൗധരി പറഞ്ഞതു ചിരിപടർത്തി. ചിരിക്കാനല്ല, കാമാഖ്യ ദേവതയെ ആരാധിക്കുന്ന കാമരൂപിൽനിന്നാണ് താനെന്ന് അദ്ദേഹം പറഞ്ഞു. ദൈവത്തെക്കുറിച്ചുള്ള ചർച്ച നീണ്ടതോടെ രാജേന്ദ്രപ്രസാദും അസ്വസ്ഥനായി. മറ്റു വഴികളില്ലെന്നു വ്യക്തമാക്കി, അംഗങ്ങൾ കൈ ഉയർത്തിയുള്ള വോട്ടിങ് അദ്ദേഹം നിർദേശിച്ചു. ദൈവനാമത്തിൽ എന്നു കൂടി വേണമെന്ന പ്രമേയം  41ന് എതിരെ 68 വോട്ടുകൾക്കു തള്ളി. രാജ്യചരിത്രത്തിൽ ഇതൊരു കറുത്തദിനമാകുമെന്നും ഇന്ത്യയെ ദൈവം രക്ഷിക്കട്ടെയെന്നും പ്രമേയാവതാരകൻ കാമത്ത് പറഞ്ഞു. 

ആത്മാവുൾച്ചേർന്ന ആമുഖം

1946 ഡിസംബർ 13ന് നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയം അംബേദ്കറുടെയും മറ്റ് അംഗങ്ങളുടെയും കൂട്ടിച്ചേർക്കലുകളോടെയാണ് ആമുഖമായി രൂപപ്പെട്ടത്. കരടുരൂപം തയാറാക്കാൻ 1947 ഓഗസ്റ്റ് 29ന് അംബേദ്കറിന്റെ നേതൃത്വത്തിലുള്ള സഭയെ ചുമതലപ്പെടുത്തിയിരുന്നു. അവർ തയാറാക്കിയത് ഒക്ടോബറിൽ ചർച്ചയ്ക്കെടുത്തപ്പോൾ, പഴയ യുഎസ്എസ്ആർ പോലെ യുഐഎസ്ആർ (യൂണിയൻ ഓഫ് ഇന്ത്യൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ്) എന്ന രീതിയിൽ ഇന്ത്യയെ ആമുഖത്തിൽ വിഭാവനം ചെയ്യണമെന്ന (ഹർഷ് മൊഹാനിയുടേത്) പോലുള്ള നിർദേശങ്ങൾ ഉയർന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

ആ സമ്മേളനത്തിന്റെ അവസാനദിനം രണ്ടാം വായന പൂർത്തിയാക്കി, ആമുഖകാര്യത്തിൽ തീരുമാനമെടുത്ത്, അന്തിമരൂപം തയാറാക്കാൻ ഡ്രാഫ്റ്റിങ് കമ്മിറ്റിക്കു കൈമാറി സഭ പിരിഞ്ഞു. നവംബറിൽ വീണ്ടും സഭ ചേർന്നു. ഭരണഘടനയുടെ അന്തിമകരട് ചർച്ചയ്ക്കു വന്നു. അതു തയാറാക്കിയ അംബേദ്കറുടെ നേതൃത്വത്തിലുള്ള സമിതിക്ക് അഭിനന്ദനം അറിയിച്ച് അംഗങ്ങൾ സംസാരിച്ചു. വിശദമായ മറുപടിയിൽ അംബേദ്കർ കണക്ക് കൃത്യമാക്കി:നാമെടുത്തത് 2 വർഷം, 11 മാസം, 27 ദിവസം.

ജവാഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല മന്ത്രിസഭയിൽ അംഗങ്ങളായ ശരത് ചന്ദ്ര ബോസ്, ജഗ്ജീവൻ റാം, ഡോ. രാജേന്ദ്രപ്രസാദ്, സർദാർ വല്ലഭ്ഭായ് പട്ടേൽ, അസഫ് അലി, സയ്യിദ് അലി സഹീർ എന്നിവർ നെഹ്റുവിനൊപ്പം.
ജവാഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല മന്ത്രിസഭയിൽ അംഗങ്ങളായ ശരത് ചന്ദ്ര ബോസ്, ജഗ്ജീവൻ റാം, ഡോ. രാജേന്ദ്രപ്രസാദ്, സർദാർ വല്ലഭ്ഭായ് പട്ടേൽ, അസഫ് അലി, സയ്യിദ് അലി സഹീർ എന്നിവർ നെഹ്റുവിനൊപ്പം.

ഇന്നേക്ക് 75 വർഷം മുൻപ്, 1949 നവംബർ സമ്മേളനത്തിന്റെ അവസാനദിനമായ 26ന്, ആദ്യദിനം സഭയ്ക്കു നേതൃത്വം നൽകിയ ഡോ. സച്ചിദാനന്ദ സിൻഹയ്ക്ക് അനാരോഗ്യം മൂലം എത്താനായില്ല. പകരം, അദ്ദേഹമൊരു കത്തെഴുതി: നിങ്ങളുടെ അധ്വാനം പൂർണവിജയമാകട്ടെ, ഭാരതമെന്ന പൗരാണികഭൂമി മഹദ്‌രാഷ്ട്രങ്ങളുടെ നിരയിലേക്കു വീണ്ടുമുയരട്ടെ.

ഹിന്ദി ഭരണഘടന എവിടെയെന്ന ചോദ്യം അവസാനദിവസവും ഉയർന്നു. ഇംഗ്ലിഷ് ഇന്ത്യയുടെ ഭാഷയല്ലെന്ന് അൽഗുറായ് ശാസ്ത്രി ചൂണ്ടിക്കാട്ടി. അടുത്ത 15 വർഷത്തേക്കു കേന്ദ്രത്തിൽ ഭരണഭാഷ ഇംഗ്ലിഷായിരിക്കുമെന്നും അനിവാര്യവും ഉചിതവുമെങ്കിൽ ഹിന്ദികൂടി ഇടം പിടിച്ചേക്കാമെന്നുമായിരുന്നു രാജേന്ദ്രപ്രസാദിന്റെ മറുപടി. 1950 ജനുവരി 26നു പ്രാബല്യത്തിൽ വരുമെന്നു വ്യക്തമാക്കി ഭരണഘടന അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി. അങ്ങനെ, പുതുപ്പിറവികൊണ്ട ജനാധിപത്യത്തിനായി ഭരണഘടനയെന്ന ഭാഗധേയം രൂപപ്പെട്ടു. 

സഭ പിരിയും മുൻപ്, എല്ലാവരുടെയും അരികിലേക്കെത്തി കൈ തരാൻ‍ ആഗ്രഹിക്കുന്നുവെന്നു ഡോ. രാജേന്ദ്രപ്രസാദ് പറഞ്ഞു. ഞങ്ങളങ്ങോട്ടു വന്നു കൈ തരാമെന്നു നെഹ്റു മറുപടി പറഞ്ഞു. ഓരോരുത്തരായി അധ്യക്ഷക്കസേരയ്ക്ക് അരികിലേക്കു പോയി.

ആശംസ ‘പാടൂ’ വാനമ്പാടി

ഡേ. രാജേന്ദ്രപ്രസാദിന് ആശംസ നേർന്ന് ആദ്യം സംസാരിച്ചതു ഡോ. രാധാകൃഷ്ണനാണ്. സരോജിനി നായിഡുവിനെ താൽക്കാലിക അധ്യക്ഷൻ ആശംസയ്ക്കു ക്ഷണിച്ച രംഗം ചിരി പടർത്തി. അടുത്തതായി ഇന്ത്യയുടെ വാനമ്പാടിയെ ഗദ്യത്തിൽ അല്ല, പദ്യത്തിൽ അഭിസംബോധന ചെയ്യാൻ ക്ഷണിക്കുന്നുവെന്നായിരുന്നു സിൻഹ പറഞ്ഞത്. ‘മിസ്റ്റർ ചെയർമാൻ, നിങ്ങളെന്നെ ക്ഷണിക്കുന്ന രീതി ഭരണഘടനാപരമല്ല’– സരോജിനി നർമം കലർത്തി തിരിച്ചടിച്ചു. ഓർഡർ, ഓർഡർ പറഞ്ഞ് സഭയിലെ ചിരി നിയന്ത്രിച്ച അധ്യക്ഷൻ, അധ്യക്ഷക്കസേരയെ നിന്ദിക്കരുതെന്നു മറുപടി നൽകി. വീണ്ടും കൂട്ടച്ചിരി! പിന്നാലെ, പദ്യംപോലെ സരോജിനിയിൽനിന്നു വാക്കുകൾ ഒഴുകി.

മഹാത്മാവില്ലാത്ത സഭ, രാജ്യവും

ഗാന്ധിയൻ ദർശനങ്ങളാണ് ഭരണഘടനാസഭയെ നയിച്ചതെങ്കിലും അദ്ദേഹം ഒരിക്കലും അതിന്റെ ഭാഗമായില്ല. 1948 ജനുവരി 27നു സഭ സമ്മേളിച്ചിരുന്നു. മൂന്നുദിവസത്തിനുശേഷമാണ് ലോകത്തെ നടുക്കി മഹാത്മാഗാന്ധി വെടിയേറ്റു മരിച്ചത്. പിന്നീടു സഭ സമ്മേളിക്കാൻ 10 മാസത്തോളം വൈകി. നവംബർ നാലിനു ചേർന്ന സഭയിൽ ഡോ. രാജേന്ദ്രപ്രസാദ് പറഞ്ഞു: ‘നമ്മുടെ മൃതമാംസത്തിലും മജ്ജയിലും ജീവന്റെ ശ്വാസം പകർന്നുനൽകിയ മഹാത്മാവിന് ആദരമേകാൻ നമുക്കെഴുന്നേൽക്കാം. നൈരാശ്യത്തിന്റെ ഇരുട്ടിൽനിന്നു പ്രത്യാശയുടെയും നേട്ടങ്ങളുടെയും വെളിച്ചത്തിലേക്കും അടിമത്തത്തിൽനിന്നു സ്വാതന്ത്ര്യത്തിലേക്കും നമ്മെ നയിച്ചയാൾ. അദ്ദേഹത്തിന്റെ ആത്മാവ് തുടർന്നും നമ്മെ നയിക്കട്ടെ’. ആ വർഷം സെപ്റ്റംബറിൽ മരണമടഞ്ഞ ജിന്നയ്ക്കും അതേദിവസം സഭ അനുശോചനം അറിയിച്ചു. 

English Summary:

Journey through curiosities of constitution making

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com