ഭരണഘടനയിൽ ഒപ്പിട്ട് 13 മലയാളികൾ; മലയാളത്തിൽ ഒപ്പിട്ട് 3 പേർ
Mail This Article
ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങളെന്ന നിലയിൽ ഭരണഘടനയിൽ ഒപ്പുവച്ചത് മൂന്നു വനിതകൾ ഉൾപ്പെടെ 13 മലയാളികൾ. ഭരണഘടനയുടെ ഇംഗ്ലീഷ് പകർപ്പിൽ ഇവരെല്ലാം ഇംഗ്ലീഷിലാണ് ഒപ്പു വച്ചിരിക്കുന്നത്. എന്നാൽ, ഹിന്ദി പകർപ്പിൽ ആർ.ശങ്കർ, പി.ടി.ചാക്കോ, കെ.എ.മുഹമ്മദ് എന്നിവർ മലയാളത്തിൽ ഒപ്പുവച്ചു.
കൊച്ചി, തിരുവിതാംകൂർ, മദ്രാസ്, യുണൈറ്റഡ് പ്രോവിൻസസ് എന്നീ സംസ്ഥാനങ്ങളുടെ പ്രതിനിധികളായിട്ടാണ് ഇത്രയും മലയാളികൾ ഈ സഭയിലെത്തിയത്.

ഭരണഘടനയിൽ ഒപ്പു വയ്ക്കുന്നതിനു മുൻപ് 1949 ജൂലൈ ഒന്നിന് തിരുവിതാംകൂർ – കൊച്ചി ലയനം നടന്നിരുന്നു. ഭരണഘടനാ നിർമാണസഭയിൽ (കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി) അംഗങ്ങളായിരുന്നെങ്കിലും ഭരണഘടനയിൽ ഒപ്പിടുന്നതിനു മുൻപു നാലു മലയാളികൾ രാജിവച്ചു. ആർ.വി.തോമസ് (തിരുവിതാംകൂർ), ഇ. ജോൺ ഫിലിപ്പോസ് (തിരു – കൊച്ചി), കെ. മാധവമേനോൻ (മദ്രാസ്), സർദാർകെ.എം. പണിക്കർ (ബിക്കാനിർ). ആകെ 18 മലയാളികളാണ് പലപ്പോഴായി തിരഞ്ഞെടുക്കപ്പെട്ടത്. തിരുവിതാംകൂറിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട എ. അച്യുതൻ അംഗമായില്ല. മലയാളിയല്ലെങ്കിലും പിന്നീട് കേരളത്തിൽനിന്ന് മൂന്നുവട്ടം ലോക്സഭയിലെത്തിയ എം.മുഹമ്മദ് ഇസ്മയിൽ സാഹിബും (മദ്രാസ്) ഒപ്പുവച്ചവരിലുൾപ്പെടുന്നു.