പരന്നൊഴുകിയ മഹാനദി; ഇന്ത്യൻ ഭരണഘടനയിൽ സ്വാധീനം ചെലുത്തിയ ബ്രിട്ടിഷ് പരിഷ്കാരങ്ങൾ
Mail This Article
പൗരാണിക ഭാരതീയ നീതിന്യായ വ്യവസ്ഥകളും മധ്യകാല ഇസ്‌ലാമിക പാരമ്പര്യവും ഇന്ത്യൻ ദേശീയബോധവും ആധുനിക യൂറോപ്യൻ ചട്ടക്കൂടിൽ സംഗമിച്ചതാണ് ഇന്ത്യൻ ഭരണഘടന. ഭരിക്കുന്നവരുടെ നിയമമല്ല, ഭരിക്കപ്പെടുന്നവരുടെ നിയമമാണ് ഭരണകർത്താവ് നടപ്പിലാക്കേണ്ടതെന്ന സിദ്ധാന്തം പൗരാണിക ഭാരതീയ ജനപദങ്ങളിലും ഇംഗ്ലണ്ടിലെ മാഗ്ന കാർട്ട കാലം മുതലും മധ്യകാല ഇന്ത്യയിൽ സുൽത്താൻ ഇൽത്തുമിഷിന്റെ കാലം മുതലും അംഗീകരിക്കപ്പെട്ടതാണ്. അതനുസരിച്ച്, ‘നാം ജനങ്ങൾ’ തന്നെ എഴുതിയുണ്ടാക്കിയ ഭരണഘടന 1949 നവംബർ 26ന് നാം നമുക്കുതന്നെ നൽകുകയായിരുന്നു.
ഈസ്റ്റ് ഇന്ത്യ കമ്പനി വാഴ്ചയുടെ ആദ്യകാലത്തുതന്നെ ഇന്ത്യയിലെ ജനങ്ങളെ അവരുടെ നിയമങ്ങളനുസരിച്ചും ഇന്ത്യയിലെ ഇംഗ്ലിഷുകാരെ അവരുടെ നിയമമനുസരിച്ചും ഭരിക്കുകയെന്ന ആശയം അംഗീകരിക്കപ്പെട്ടു. പക്ഷേ ഭരണനടത്തിപ്പ് ഇന്ത്യയിലെ കമ്പനി ഉദ്യോഗസ്ഥന്മാരുടെയും ബ്രിട്ടനിൽ അധികാരം കയ്യാളുന്നവരുടെയും താൽപര്യങ്ങളനുസരിച്ചായിരുന്നു. അത് അടിസ്ഥാനപ്പെടുത്തിയാണെങ്കിലും, പിൽക്കാലങ്ങളിൽ ബ്രിട്ടിഷ് പാർലമെന്റ് പാസാക്കിയ ഒട്ടേറെ നിയമങ്ങൾ പുതിയ പാരമ്പര്യങ്ങളും കീഴ്‌വഴക്കങ്ങളും സൃഷ്ടിച്ചു. ആ വഴിത്താരയിലെ ചില പ്രധാന നാഴികക്കല്ലുകൾ.
റഗുലേറ്റിങ് ആക്ട്, 1773: ആധുനിക ഇന്ത്യൻ ഭരണചട്ടക്കൂടിന്റെ തുടക്കമെന്നു പറയാം. പ്ലാസി യുദ്ധവും ബക്സർ യുദ്ധവും വിജയിച്ച് ബംഗാളിലും ബിഹാറിലും കരം പിരിവിനുള്ള അധികാരം മുഗർ രാജാവിൽനിന്നു നേടിയെടുത്ത ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബംഗാൾ ഗവർണറെ (അന്ന് വാറൻ ഹേസ്റ്റിങ്സ്) ഗവർണർ ജനറലായി ഉയർത്തി. മദ്രാസ്, ബോംബെ എന്നീ പ്രവിശ്യകളിൽ ഗവർണർമാർക്ക് പ്രാദേശിക ഭരണകാര്യങ്ങളിൽ അധികാരം. ഗവർണർ ജനറലിനെ ഉപദേശിക്കാൻ ഒരു സമിതി. സമിതിയിലെ ഭൂരിപക്ഷാഭിപ്രായമനുസരിച്ചേ ഗവർണർ ജനറലിനു തീരുമാനമെടുക്കാനാവൂ. നിയമനിർമാണ സഭയും എക്സിക്യൂട്ടീവും സംയോജിച്ച സംവിധാനമെന്നു പറയാം. ഒപ്പം ഇവരുടെ അധികാരപരിധിക്കു പുറത്ത് ഒരു സുപ്രീം കോടതി. ഭരണം കയ്യാളുന്നവരും നീതിന്യായസ്ഥാപനവും തമ്മിലുള്ള അധികാര വേർതിരിവിനു തുടക്കം.
1786 ലെ ആക്ട്: സൈനികൻ കൂടിയായ ഗവർണർ ജനറൽ കോൺവാലിസ് പ്രഭുവിന്റെ നിർബന്ധപ്രകാരം സൈന്യത്തെ ഗവർണർ ജനറലിന്റെ അധികാരപരിധിയിലാക്കി. രാഷ്ട്രത്തലവൻ സർവ സൈന്യാധിപനാകുന്ന പാരമ്പര്യത്തിനു തുടക്കം.
ചാർട്ടർ ആക്ട്, 1793: പ്രവിശ്യാ ഭരണാധികാരികളുടെ അധികാരം കുറഞ്ഞു, കേന്ദ്രത്തിനു കൂടുതൽ അധികാരം. ഇന്നത്തെ ക്വാസി–ഫെഡറൽ സമ്പ്രദായത്തിന്റെ തുടക്കം. നിയമങ്ങൾ ക്രോഡീകരിച്ച കോൺവാലിസ് അവയ്ക്ക് ‘‘പ്രിയാംബിൾ’’ (മുഖവുര) എഴുതിച്ചേർത്തത് പുതിയൊരു തുടക്കമായി. 1813, 1833, 1853 എന്നീ വർഷങ്ങളിലെ ചാർട്ടർ ആക്ടുകൾ കമ്പനിയുടെ അധികാരം വെട്ടിക്കുറയ്ക്കുകയും ഇന്ത്യൻ ഭരണത്തിൽ പാർലമെന്റിന്റെ അധികാരം വിപുലമാക്കുകയും ചെയ്തു.
ചാർട്ടർ ആക്ട്, 1853: തുടക്കം മുതലേ ജുഡീഷ്യറി സ്വതന്ത്രമായിരുന്നെങ്കിലും എക്സിക്യൂട്ടിവും ലെജിസ്‌ലേച്ചറും തമ്മിലുള്ള വേർതിരിവ് വ്യക്തമായിരുന്നില്ല. ഗവർണർ ജനറൽ ഉൾപ്പെടെ 4 പേരടങ്ങുന്ന ഭരണസമിതിയും 12 പേരുള്ള മറ്റൊരു നിയമനിർമാണ സമിതിയും നിലവിൽ വന്നതോടെ ഇതിനു പരിഹാരമായി. ഒപ്പം ആദ്യത്തെ ലോ കമ്മിഷനും നിയമിക്കപ്പെട്ടു.
1854 ലെ ആക്ട്: പ്രസിഡൻസികൾ അല്ലാതുള്ള ചില പ്രദേശങ്ങളിൽ ഗവർണർ ജനറൽ നേരിട്ട് ഭരണം നടത്താൻ ചീഫ് കമ്മിഷണർമാരെ നിയമിക്കുന്ന സംവിധാനം. ഇന്നത്തെ കേന്ദ്രഭരണപ്രദേശത്തിന്റെ മുന്നോടി.
ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്, 1858: ഇതുവരെ പാർലമെന്റിന്റെ നിയമങ്ങളനുസരിച്ചുള്ള കമ്പനിഭരണമായിരുന്നത്, 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെത്തുടർന്ന് നിർത്തലാക്കി, ബ്രിട്ടിഷ് രാജാവിന്റെ (ഫലത്തിൽ മന്ത്രിസഭ) നേരിട്ടുള്ള ഭരണത്തിലാക്കി. ഗവർണർ ജനറൽ തന്നെ രാജാവിന്റെ പ്രതിനിധി (വൈസ്രോയി) ആയി അവരോധിക്കപ്പെട്ടു.
ഒപ്പം ജനങ്ങളുടെ വിശ്വാസസംബന്ധമായ കാര്യങ്ങളിൽ ഇടപെടില്ലെന്നും, സർക്കാർ സർവീസിൽ പ്രവേശിക്കുന്നതിന് ജാതിയോ വിശ്വാസപാരമ്പര്യങ്ങളോ തടസമാവില്ലെന്നും പ്രഖ്യാപനം. ഇവ ഇന്നും തുടരുന്നു.
ഇന്ത്യൻ കൗൺസിൽസ് ആക്ട്, 1861: ഇന്ത്യക്കാരെ ഉൾപ്പെടുത്താതെയുള്ള ഭരണമാണ് 1857 ലെ വിപ്ലവത്തിനു വഴിതെളിച്ചതെന്ന ബോധ്യത്തിൽ നിയമനിർമാണ സമിതിയിൽ 6 മുതൽ 12 വരെ ഇന്ത്യക്കാരെ ചേർത്തുതുടങ്ങി. ഒപ്പം സമിതി പാസാക്കിയ നിയമങ്ങൾക്കു വൈസ്രോയിയുടെ അനുമതി ആവശ്യമാണെന്നും അവശ്യഘട്ടങ്ങളിൽ വൈസ്രോയിക്ക് ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരമുണ്ടെന്നും കൂട്ടിച്ചേർത്തു. ഈ രണ്ട് അധികാരങ്ങളും ഇന്നും രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്.
മിന്റോ–മോർലി പരിഷ്കാരങ്ങൾ: ബംഗാൾ വിഭജനത്തെത്തുടർന്ന് രാജ്യമൊട്ടാകെ ഉയർന്ന പ്രതിഷേധം മിന്റോ–മോർലി പരിഷ്കാരങ്ങളിലൂടെ 1909–ലെ കൗൺസിൽ ആക്ടിനു വഴിതെളിച്ചു. കേന്ദ്രത്തിലെയും പ്രവിശ്യകളിലെയും നിയമനിർമാണ സമിതികളിൽ ഇന്ത്യക്കാരുടെ അംഗത്വം വർധിപ്പിക്കുക മാത്രമല്ല, പരിമിതമായ തോതിൽ തിരഞ്ഞെടുപ്പു നടത്താനും ഇതു കാരണമായി. പക്ഷേ, ഇതോടെ ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും വ്യത്യസ്ത പ്രാതിനിധ്യം ആരംഭിച്ചതാണ് പിന്നീട് രാഷ്ട്രവിഭജനത്തിൽ വരെ എത്തിച്ചത്.
മോണ്ടഗ്യൂ–ചെംസ്ഫഡ് പരിഷ്കാരങ്ങൾ: ഒന്നാം ലോകയുദ്ധകാലത്ത് ഇന്ത്യക്കാരുടെ പിന്തുണയ്ക്കായി നൽകിയ വാഗ്ദാനങ്ങൾ ബ്രിട്ടൻ പാലിക്കാതെ വന്നത് രാജ്യമാസകലം പ്രതിഷേധത്തിനു കാരണമായി. ഇതു പരിഹരിക്കാനുദ്ദേശിച്ച് നടത്തിയ പരിഷ്കാരങ്ങളിൽ കേന്ദ്ര നിയമനിർമാണസഭ വിപുലീകരിച്ചെന്നു മാത്രമല്ല ഒരു ഉപരിസഭയും ഒരു അധോസഭയുമാക്കി. ഇവ രണ്ടും ഇന്നും തുടരുന്നു. അംഗങ്ങളുടെ കാലാവധി 5 കൊല്ലമാക്കി. എങ്കിലും കേന്ദ്രത്തിൽ ഗവർണർ ജനറലിനും പ്രവിശ്യകളിൽ ഗവർണർമാർക്കും നിയമനിർമാണ സമിതികളെ മറികടക്കാനുള്ള അധികാരം നൽകിയത് സമാന്തര ഭരണവ്യവസ്ഥയ്ക്കു കാരണമായി.
ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്, 1935: ഉത്തരവാദിത്ത ഭരണത്തിലേക്കുള്ള പ്രധാനകാൽവയ്പായും ഭരണഘടനയുടെ മുന്നോടിയായും കരുതപ്പെടുന്ന നിയമം. ഇതുവരെയുണ്ടായിരുന്ന കേന്ദ്രീകൃത ഭരണവ്യവസ്ഥ മാറി ചെറിയതോതിൽ വീണ്ടും ഫെഡറൽ സംവിധാനം; നിയമനിർമാണത്തിൽ ഫെഡറൽ ലിസ്റ്റ്, പ്രവിശ്യാലിസ്റ്റ്, കൺകറന്റ് ലിസ്റ്റ്; കേന്ദ്രത്തിൽ ജനങ്ങൾ നേരിട്ടു തിരഞ്ഞെടുത്ത അംഗങ്ങളുടെ അധോസഭയും, പ്രവിശ്യകളെ പ്രതിനിധീകരിക്കുന്ന ഉപരിസഭയും ഉൾപ്പെട്ട നിയമനിർമാണ സംവിധാനം; കേന്ദ്രത്തിൽ ഫെഡറൽ കോടതിയും പ്രവിശ്യകളിൽ ഹൈക്കോടതികളും തുടങ്ങി ഇന്നുമുള്ള വിവിധ ഭരണഘടനാ സ്ഥാപനങ്ങൾ നിലവിൽ വന്നു.
മേൽപ്പറഞ്ഞവയെല്ലാം പലപ്പോഴും കടലാസിൽ പുരോഗമനാത്മകമായി കാണപ്പെടുന്നെങ്കിലും യഥാർഥ അധികാരരാഷ്ട്രീയത്തിൽ ഇവയെല്ലാം തുലോം പരിമിതമായിരുന്നു. ഇംഗ്ലിഷുകാരായ ഗവർണർ ജനറൽമാരും പ്രവിശ്യാ ഗവർണർമാരും അവരുടെ വീറ്റോ അധികാരങ്ങളും മറ്റും ഉപയോഗിച്ച് അമിതാധികാരം കയ്യാളിയിരുന്നു. എങ്കിലും സുഗമമായ ഭരണവ്യവസ്ഥയ്ക്കു വഴിതെളിക്കുന്ന സ്ഥാപനങ്ങളും കീഴ്‌വഴക്കങ്ങളും പുരോഗമനപരമായ ഒരു ഭരണഘടന തയാറാക്കാൻ രാഷ്ട്രശിൽപികൾക്കു സഹായകരമായി.
ഒരു പ്രധാനവ്യത്യാസം കൂടിയുണ്ട്. മേൽപറഞ്ഞ നിയമങ്ങളെല്ലാം ബ്രിട്ടിഷ് പാർലമെന്റ് (ഇന്ത്യക്കാരുടെ ആവശ്യപ്രകാരമോ കൂടുതലും അല്ലാതെയോ) പാസാക്കിയതാണ്. ഭരണഘടനയാവട്ടെ, അവയിലൂടെ ഉരുത്തിരിഞ്ഞ ഭരണസ്ഥാപനങ്ങളെ നമ്മുടെ ആവശ്യത്തിനും താൽപര്യത്തിനും ഉതകുന്ന രീതിയിൽ നാം മാറ്റിയെടുത്തതാണ്.