ആൾക്കൂട്ടക്കൊല: കൂടുതൽ പേർ ഉൾപ്പെട്ടതായി വിവരം; രണ്ടുപേർ നിരീക്ഷണത്തിൽ
Mail This Article
മൂവാറ്റുപുഴ∙ അരുണാചൽപ്രദേശ് സ്വദേശി അശോക് ദാസിന്റെ മരണത്തിനു കാരണമായ ആൾക്കൂട്ട മർദനത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പതിനഞ്ചോളം പേർ സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണു പൊലീസിനു ലഭിച്ചിരിക്കുന്ന സൂചന. ഇതിൽ പത്തു പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംശയം ഉള്ള രണ്ടുപേർ നിരീക്ഷണത്തിലാണ്. റിമാൻഡിൽ കഴിയുന്ന 10 പ്രതികളെയും കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇന്നു കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
വാളകം കവലയിൽ വ്യാഴാഴ്ച രാത്രിയാണ് വനിതാ സുഹൃത്തിന്റെ വീട്ടിൽ സന്ദർശനത്തിന് എത്തിയ അശോക് ദാസിനെ നാട്ടുകാർ കെട്ടിയിട്ട് മർദിച്ചത്. പൊലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അശോക് മരിച്ചു. നെഞ്ചിലും തലയിലും ഏറ്റ ക്ഷതമാണ് മരണത്തിനു കാരണമായതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
അശോക് ദാസിന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾ എത്തി ഏറ്റുവാങ്ങും. അശോകിന്റെ യു ട്യൂബ് ചാനലായ എംസി മുന്നു, പാൻ കാർഡ്, ഫോൺ എന്നിവയിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അരുണാചലിലെ ബന്ധുക്കളെ കണ്ടെത്തിയതും വിവരം അറിയിച്ചതും.
അതിഥിത്തൊഴിലാളികളുടെ മൃതദേഹം എംബാം ചെയ്ത് നാട്ടിൽ എത്തിക്കുന്നതിനുള്ള സർക്കാർ സംവിധാനം ഉപയോഗപ്പെടുത്തി മൃതദേഹം അരുണാചലിലേക്കു കൊണ്ടു പോകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. അശോക് ദാസിന്റെ മരണത്തെ തുടർന്നു പ്രതികളെ ഉടൻ പിടികൂടാൻ കഴിഞ്ഞതു പൊലീസിന് ആശ്വാസമായി. രാത്രി 2 മണിയോടെയാണു പ്രതികളെ തിരിച്ചറിഞ്ഞ് വീടുകൾ വളഞ്ഞ് അറസ്റ്റ് ചെയ്തത്.
യുവതികൾ മാത്രമുള്ള വീട്ടിൽ എത്തി അതിഥിത്തൊഴിലാളി ബഹളം വയ്ക്കുന്നു എന്ന വിവരം നാട്ടുകാരിൽ ഒരാൾ അറിയിച്ചിട്ടും പൊലീസ് സംഭവസ്ഥലത്ത് എത്താൻ വൈകിയെന്ന് ആക്ഷേപം ഉണ്ടായിരുന്നു. എന്നാൽ അശോക് ദാസിനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത് വലിയ തിരിച്ചടികളിൽ നിന്നു പൊലീസിനു രക്ഷയായി.