മർദനത്തിന്റെ ആഘാതത്തിൽ അശോക് ദാസിന്റെ ശ്വാസകോശം തകർന്നു; പിന്നാലെ തലച്ചോറിൽ രക്തസ്രാവം
Mail This Article
മൂവാറ്റുപുഴ ∙ ആൾക്കൂട്ടത്തിന്റെ മർദനത്തെ തുടർന്നു തലച്ചോറിലുണ്ടായ രക്തസ്രാവവും ശ്വാസകോശം തകർന്നതും അരുണാചൽ പ്രദേശ് സ്വദേശി അശോക്ദാസിന്റെ (24) മരണത്തിന് കാരണമായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി കൊലക്കുറ്റം ഉൾപ്പെടെ ചുമത്തി കേസ് റജിസ്റ്റർ ചെയ്തു.
വാളകം പടിഞ്ഞാറേകുടിയിൽ ബിജീഷ് (44), അമൽ (39), എള്ളുംവാരിയത്തിൽ സനൽ (38), കരോട്ടെ വാളകം കൊല്ലമ്മാങ്കുടിയിൽ ഏലിയാസ് കെ. പോൾ (55), പടിഞ്ഞാറെക്കുടിയിൽ അനീഷ് (40), പടിഞ്ഞാറെക്കുടിയിൽ സത്യകുമാർ (56), മക്കളായ കേശവ് സത്യൻ (20), സൂരജ് സത്യൻ (26). അറയൻകുന്നത്ത് എമിൽ (27), പുളിക്കപ്പറമ്പിൽ അതുൽ കൃഷ്ണ (23) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിൽ 5 പേരെ അക്രമം നടന്ന വാളകം കവലയിൽ എത്തിച്ചു തെളിവെടുപ്പു നടത്തി. അശോക് ദാസിനെ ആദ്യം ചോദ്യം ചെയ്ത വീടിന്റെ മുറ്റത്തും ഓടിച്ചിട്ടു പിടികൂടി കെട്ടിയിട്ട ഇടങ്ങളിലും തെളിവെടുപ്പ് നടത്തി. സംഭവ സ്ഥലത്തെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. മരണ കാരണം ആൾക്കൂട്ട ആക്രമണം തന്നെയെന്നു സ്ഥിരീകരിച്ച പൊലീസ്, ഇതിനുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ട്.
ഹോട്ടലിൽ ചൈനീസ് വിഭവങ്ങളുടെ കുക്കായി ജോലി ചെയ്തിരുന്ന അശോക് ദാസിനെതിരെ വ്യാഴാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്നു രക്തം വാർന്നൊഴുകുന്ന നിലയിൽ ഓടി എത്തിയ ഇയാളെ നാട്ടുകാർ ചോദ്യം ചെയ്യുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പു തൂണിൽ കെട്ടിയിടുകയുമായിരുന്നു.
ഇതിനിടയിൽ മർദനം നടന്നിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. നെഞ്ചിലും ശരീര ഭാഗങ്ങളിലും മർദനമേറ്റ പാടുകളുണ്ട്. സുഹൃത്തിന്റെ വീട്ടിൽ നടന്ന തർക്കത്തെത്തുടർന്ന് അശോക് ദാസ്, അലമാരയുടെ ചില്ല് ഇടിച്ചു തകർത്തപ്പോൾ കയ്യിൽ മുറിവേറ്റു. ഈ മുറിവുമായി ഓടി എത്തിയപ്പോഴാണു നാട്ടുകാർ തടഞ്ഞത്. ഇയാളുടെ സുഹൃത്തുക്കളായ യുവതികളുടെ മൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി. വീട്ടിൽ നിന്ന് ഓടിപ്പോകുമ്പോൾ അശോക് ദാസിന്റെ കയ്യിൽ ഒരു മുറിവു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു യുവതികൾ പറയുന്നു.
എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി എ.ജെ. തോമസ്, ഇൻസ്പെക്ടർമാരായ ബി.കെ. അരുൺ, രവി സന്തോഷ് എന്നിവരാണ് സംഘത്തിൽ ഉള്ളത്.
അശോക് ദാസ് എന്ന യൂട്യൂബർ
∙ 'Mc MuNNu '' എന്ന പേരിൽ അശോക് ദാസിന് യൂ ട്യൂബ് ചാനൽ ഉണ്ടായിരുന്നു. ഇതിൽ അശോക് ദാസ് തന്നെ അഭിനയിച്ച മ്യൂസിക് ആൽബങ്ങളാണ് കൂടതലും. 600 സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്ന ചാനലിൽ ചില വിഡിയോകൾ 6000 പേർ വരെ കണ്ടിട്ടുണ്ട്. സ്റ്റുഡിയോയിൽ സ്വയം പാടുന്ന ദൃശ്യങ്ങളും ഉണ്ട്. റോക്ക് സംഗീതം പാടി അഭിനയിച്ചിരിക്കുന്ന ദൃശ്യങ്ങളാണു കൂടുതലും. കേരളമായിരുന്നു സ്വപ്ന ദേശമെന്നു സൂചിപ്പിക്കുന്ന പാട്ടുകളും ഇതിൽ ഉണ്ട്.