അവരാറുപേരും മനുഷ്യരായിരുന്നു; പക്ഷെ ദയ വറ്റിയ 'കൊലയാള്ക്കൂട്ടം' ക്രൂരമായി അടിച്ചുകൊന്നു
Mail This Article
കൊച്ചി ∙ കേരളത്തിന്റെ മനഃസാക്ഷിയെ ആഴത്തിൽ മുറിവേല്‍പ്പിച്ച ഒന്നായിരുന്നു അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം കെട്ടിയിട്ടു മര്‍ദിച്ചു കൊന്ന സംഭവം. വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് അന്ന് കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്ന സാഹചര്യമുണ്ടായത്. അരുണാചൽ സ്വദേശിയായ അശോക് ദാസിനെ ആള്‍ക്കൂട്ടം മർദിച്ചു കൊന്ന സംഭവം സംസ്ഥാനത്ത് ഇപ്പോള്‍ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ മധു ഉൾപ്പെടെ അഞ്ചിലേറെ പേര്‍ കേരളത്തിൽ ഏതാനും വര്‍ഷങ്ങൾക്കുള്ളിൽ ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഇരകളായി കൊല്ലപ്പെട്ടിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. ഇതില്‍ ഭൂരിഭാഗം പേരും ദലിത് സമുദായങ്ങളിൽ നിന്നുള്ളവരോ ഇതര സംസ്ഥാന തൊഴിലാളികളോ ആണ്.
∙ 2023 മേയ് 15ന് ബിഹാർ സ്വദേശിയായ രാജേഷ് മാഞ്ചി മലപ്പുറം കിഴിശ്ശേരിക്കു സമീപം തവനൂർ റോഡിലെ ഒന്നാം മൈലിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റ് കൊല്ലപ്പെട്ടിരുന്നു. രണ്ടു മണിക്കൂറോളമാണ് ആളുകള്‍ മാഞ്ചിയെ മര്‍ദിച്ചത്. അനക്കമില്ലാതായതോടെ അടുത്തുള്ള കവലയിലേക്ക് വലിച്ചിഴച്ചു കൊണ്ടു വന്നിടുകയായിരുന്നു.
സ്ഥലത്തെ ഒരു വീടിനു സമീപം സംശയനിലയിൽ കണ്ടെത്തിയ മാഞ്ചിയെ കള്ളനെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിക്കുകയായിരുന്നു. രാത്രി 12.15ന് തുടങ്ങിയ മർദനം പുലർച്ചെ രണ്ടര മണിക്കാണ് അവസാനിച്ചത്. പൈപ്പുകളും മരക്കമ്പുകളും ഉപയോഗിച്ചുള്ള മർദനത്തിൽ മാഞ്ചിയുടെ വാരിയെല്ലുകൾ തകർന്നിരുന്നു.
അതിക്രൂരമായ പീഡനമാണ് മാഞ്ചിക്കേറ്റതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. സംഭവത്തിൽ കൊലക്കുറ്റത്തിന് 10 പേർ അറസ്റ്റിലായി.
∙ 2018 ജൂലൈയിലാണ് ബംഗാൾ സ്വദേശിയായ മണിക് റോയി എന്ന 50കാരൻ മൂന്നു പേരുടെ മര്‍ദനമേറ്റ് മരിച്ചത്. കൊല്ലത്തായിരുന്നു സംഭവം. കോഴിയെ മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദനം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റേ മണിക് റോയി പിന്നാലെ മരിക്കുകയായിരുന്നു.
കേസിൽ രണ്ടു പേരെയാണ് പൊലീസ് പിടികൂടിയത്. എന്നാൽ സംഭവത്തിൽ മൂന്നു പേരുണ്ടെന്നും പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകിയിരുന്നു. സംസ്ഥാന സർക്കാർ പിന്നീട് 2 ലക്ഷം രൂപ റോയിയുടെ കുടുംബത്തിന് സഹായമായി നല്‍കി.
∙ 2016ൽ കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിധത്തിലാണ് അസം സ്വദേശിയായ കൈലാസ് ജ്യോതി ബെഹ്റ കോട്ടയത്തിനടുത്ത് കുറിച്ചി മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിനടത്തു വച്ച് കൊല്ലപ്പട്ടത്. മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം പിടികൂടിയ ബെഹ്റയെ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. കൊടും വെയിലത്തായിരുന്നു മര്‍ദനം. ഒരു മണിക്കൂറോളം കനത്ത വെയിലിൽ ചോര വാർന്ന് ഇയാള്‍ മരിക്കുന്നത് 50ലേറെ വരുന്ന ജനക്കൂട്ടം നോക്കി നിന്നു എന്നതാണ് ഈ സംഭവത്തെ ഭീതിദമാക്കുന്നത്.
തൊഴിൽ തേടി കേരളത്തിലെത്തിയ ദിവസം തന്നെയായിരുന്നു ബെഹ്റ കൊല്ലപ്പെടുന്നത്. അതിനു മുമ്പ് 36 മണിക്കൂറായി ബെഹ്റ ഭക്ഷണം കഴിച്ചിരുന്നില്ല എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അവശനിലയിൽ വായിൻ നിന്ന് നുരയും പതയും വരുന്ന രീതിയിൽ ആയിരുന്നു ചിങ്ങവനം പൊലീസ് എത്തി ഇയാളെ ആശുപത്രിയിൽ എത്തിക്കുമ്പോള്‍. അവിടെ എത്തുന്നതിനു മുന്നേ മരിച്ചിരുന്നു. സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
∙ 2018 ഫെബ്രുവരി 22നായിരുന്നു ആദിവാസി യുവാവായ മധുവിനെ ജനക്കൂട്ടം ഭക്ഷണം മോഷ്ടിച്ചു എന്നാരോപിച്ച് കെട്ടിയിട്ട് മര്‍ദിച്ചത്. മാനസികാസ്വാസ്ഥ്യമുള്ളയാളായിരുന്നു മധു. ഇതൊന്നും അക്രമകാരികൾക്ക് ബാധകമായിരുന്നില്ല. മധുവിനെ കെട്ടിയിട്ട് മർദിക്കുന്നതിനൊപ്പം സെൽഫി എടുക്കാനും ആൾക്കൂട്ടം ആനന്ദം കണ്ടെത്തി. പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതു വഴി മധു മരിച്ചു.
കേസിലെ 16 പ്രതികളില്‍ 14 പേരെയും മണ്ണാർക്കാട് പട്ടികവർഗ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം ഉൾപ്പെടെയുള്ള വിഷയങ്ങൾ കേസിന്റെ നടത്തിപ്പിനെ ബാധിക്കുന്നുവെന്ന് ആരോപണവും ഉയർന്നിരുന്നു. മധുവിന്റെ ബന്ധുക്കള്‍ വരെ കൂറുമാറിയ കേസിൽ കുടുംബവും ആക്ഷൻ കൗൺസിലും നടത്തിയ പോരാട്ടത്തിനൊടുവിലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്.
∙ തിരുവനന്തപുരം വേങ്ങോട് സ്വദേശിയായ തുളസി എന്നു വിളിക്കുന്ന ചന്ദ്രൻ (50) ചിറയിൻകീഴ് പെരുങ്കുഴിയിൽ സമാനഗതിയിൽ കൊല്ലപ്പെട്ടിരുന്നു. 2022 ജൂൺ 12നായിരുന്നു സംഭവം. പെരുങ്കുഴിക്ക് സമീപത്തെ വീട്ടിൽ നിന്ന് പാത്രങ്ങൾ മോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാർ പിടികൂടി കെട്ടിയിടുകയായിരുന്നു. ഇതിനിടയിൽ മര്‍ദനമേറ്റെന്നും ബന്ധുക്കൾ പറയുന്നു.
അതേസമയം, പൊലീസും ഇവിടെ സംശയനിഴലിലായിരുന്നു. ആശുപത്രിയിലെത്തിച്ച തുളസിയെ സ്കാനിങ്ങിനു വിധേയമാക്കിയപ്പോൾ കുടലിന് ക്ഷതമേറ്റതായും അണുബാധയുള്ളതായും കണ്ടെത്തിയിരുന്നു. തുളസിയുടെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ പരാതി നല്‍കിയിരുന്നു.