നടിയെ പീഡിപ്പിച്ച കേസ്: മെമ്മറി കാർഡിൽ അട്ടിമറി നടന്നെന്ന് അതിജീവിത സമൂഹമാധ്യമത്തിൽ
Mail This Article
കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ നിർണായക തൊണ്ടിമുതലായ മെമ്മറി കാർഡിൽ അട്ടിമറി നടന്നതായി കേസിലെ അതിജീവിത പ്രതികരിച്ചു. സമൂഹമാധ്യമത്തിലാണ് അതിജീവിതയുടെ പ്രതികരണം.
‘‘കോടതിയിൽനിന്നു ദുരനുഭവമുണ്ടാകുമ്പോൾ തകരുന്നതു മുറിവേറ്റ മനുഷ്യരാണ്. തനിക്കു മുറിവേറ്റപ്പോൾ അഹങ്കരിക്കുന്നതു മുറിവേൽപ്പിച്ച നീചരാണ്. സത്യസന്ധരായ ന്യായാധിപരുടെ കാലം അവസാനിച്ചെന്നു കരുതുന്നില്ല. നീതി കിട്ടുംവരെ പോരാട്ടം തുടരും.’’ അതിജീവിത എഴുതി.
കേസിലെ നിർണായക തെളിവായ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവും മെമ്മറി കാർഡും അനധികൃതമായി തുറന്നതായുള്ള വിചാരണക്കോടതിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമാണ് അതിജീവിതയുടെ തുറന്ന പ്രതികരണം. ‘‘സ്വകാര്യത ഒരു വ്യക്തിയുടെ മൗലിക അവകാശമാണ്, കോടതിയിൽ ഇരുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടതു തനിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്’’ അതിജീവിത കുറിച്ചു. അതിജീവിത ‘അൺഫെയർ ആൻഡ് ഷോക്കിങ്’ എന്ന തലക്കെട്ടോടെയാണു പ്രതികരണം.
‘‘ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്കു കോട്ട കെട്ടി കരുത്തു പകരേണ്ട കോടതിയിൽ നിന്ന് ഇത്തരം ദുരനുഭവം ഉണ്ടാകുമ്പോൾ തകരുന്നതു മുറിവേറ്റ മനുഷ്യരാണ്... ഓരോ ഇന്ത്യൻ പൗരന്റെയും അവസാനത്തെ അത്താണിയായ നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ എന്റെ യാത്ര തുടരുക തന്നെ ചെയ്യും.’’– അതിജീവിത കുറിച്ചു.