ചോദ്യാവലിയുമായി ഇ.ഡി സംഘം, വീണയുടെ മൊഴി രേഖപ്പെടുത്തും; ആദ്യഘട്ട മൊഴി നൽകിയെന്ന് അഭ്യൂഹം
Mail This Article
കൊച്ചി ∙ കരിമണൽ കമ്പനിയായ സിഎംആർഎൽ ഉൾപ്പെട്ട മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമ വീണ വിജയന്റെ മൊഴി രേഖപ്പെടുത്താൻ ഒരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇതിനുള്ള ചോദ്യാവലി അന്വേഷണ സംഘം തയാറാക്കി. സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ, കമ്പനിയിലെ മുൻനിര ജീവനക്കാർ എന്നിവരുടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമായിരിക്കും വീണ വിജയന്റെ മൊഴി രേഖപ്പെടുത്തുക.
വീണാ വിജയന്റെ ആദ്യഘട്ട മൊഴി രേഖപ്പെടുത്തൽ രണ്ടാഴ്ച മുൻപ് ഇ.ഡിയുടെ ചെന്നൈ ഓഫിസിൽ പൂർത്തിയാക്കിയെന്ന റിപ്പോർട്ട് സ്ഥിരീകരിക്കാൻ കൊച്ചിയിലെ അന്വേഷണ സംഘം തയാറായില്ല. ഇ.ഡി ന്യൂഡൽഹി യൂണിറ്റിൽ ജോലി ചെയ്യുന്ന മലയാളി ഉദ്യോഗസ്ഥൻ വീണാ വിജയനെ ചെന്നൈ ഓഫിസിൽ വിളിച്ചു വരുത്തി മൊഴിയെടുത്തതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഐടി സർവീസ് കമ്പനിയായ എക്സാലോജിക്കിന്റെ അക്കൗണ്ടിലേക്കു സിഎംആർഎലിന്റെ അക്കൗണ്ടിൽ നിന്ന് 1.72 കോടി രൂപ പലപ്പോഴായി നിക്ഷേപിച്ചതു സംബന്ധിച്ച അന്വേഷണമാണ് ഇ.ഡി നടത്തുന്നത്. എട്ടോളം കമ്പനികളിൽനിന്ന് എക്സാലോജിക് കമ്പനിക്കു പണം ലഭിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം കമ്പനി നിയമപ്രകാരം കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസും (എസ്എഫ്ഐഒ) നടത്തുന്നുണ്ട്. ഇതിനിടയിലാണു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇ.ഡിയും അന്വേഷണം തുടങ്ങിയത്.
ഹർജികൾ വേനലവധിക്കുശേഷം
കൊച്ചി ∙ എക്സാലോജിക് –സിഎംആർഎൽ അനധികൃത പണമിടപാടു കേസിൽ ഇ.ഡിയുടെ അന്വേഷണവും നടപടികളും സമൻസും ചോദ്യം ചെയ്ത് സിഎംആർഎൽ, മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ, കമ്പനി ഉദ്യോഗസ്ഥർ എന്നിവർ നൽകിയ ഹർജികൾ ഹൈക്കോടതി വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. ഇ.ഡിക്ക് അന്വേഷണം നടത്താനുള്ള അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജിയിൽ സത്യവാങ്മൂലം നൽകുമെന്ന് ഇ.ഡി അറിയിച്ചു. രേഖകൾ നൽകുമെന്നു ഹർജിക്കാരും അറിയിച്ചിട്ടുണ്ട്.
ചോദ്യംചെയ്യലിനു ഹാജരായെങ്കിലും ഇ.ഡി നിയമവിരുദ്ധമായി കസ്റ്റഡിയിലാക്കിയെന്ന് ആരോപിച്ച് സിഎംആർഎൽ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ ഉപഹർജി നൽകിയിരുന്നു. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനാണു ഹർജി പരിഗണിച്ചത്.