ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മകൾ സിഎംആർഎൽ കമ്പനിയിൽനിന്നു പണം കൈപ്പറ്റിയതിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യം തള്ളിയ വിജിലൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മാത്യു കുഴൽനാടൻ. കോടികളുടെ അഴിമതി നടത്തിയവരെക്കാൾ, അതു ചോദ്യം ചെയ്ത തന്നെ കോടതിവിധിയുടെ പേരിൽ ചിലർ അപഹസിക്കുകയാണ്. പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല, ജനത്തിനു വേണ്ടിയാണു അഴിമതിക്കെതിരെ നിയമപോരാട്ടം നടത്തുന്നത്. അതു തുടരുമെന്നു മാത്യു പറഞ്ഞു. അഴിമതി നടന്നോ എന്ന് അന്വേഷിക്കണമെന്നായിരുന്നു തന്റെ ഹർജിയിലെ ആവശ്യം. ഒരന്വേഷണവും വേണ്ടെന്ന വിധിയോടു വിയോജിപ്പുണ്ട്. ഇതു പ്രതീക്ഷിച്ചതല്ല.

വിജിലൻസ് കോടതിയെ സമീപിച്ചതിൽ തന്ത്രപരമായ പിഴവുണ്ടായിട്ടില്ല. അഴിമതി പ്രാഥമികമായി പരിശോധിക്കേണ്ടത് അഴിമതി നിരോധന നിയമപ്രകാരമാണ്. അതു വിജിലൻസ് കോടതിയിലേ സാധിക്കുകയുള്ളൂ. കയ്യിൽ ഒട്ടേറെ രേഖകളുള്ളതുകൊണ്ടാണു കോടതിയുടെ നേരിട്ടുള്ള അന്വേഷണം ആവശ്യപ്പെട്ടത്. ഈ ഘട്ടത്തിൽ ഹാജരാക്കാൻ കഴിയുന്ന രേഖകളെല്ലാം നൽകി. ശേഷിക്കുന്ന തെളിവുകൾ നൽകേണ്ടത് അന്വേഷണ ഘട്ടത്തിലാണ്.

ആദായനികുതി തർക്കപരിഹാര ബോർഡിന്റെ ഉത്തരവിൽ പരാമർശിച്ച മറ്റു രാഷ്ട്രീയനേതാക്കൾക്കെതിരെ എന്തുകൊണ്ട് അന്വേഷണം ആവശ്യപ്പെട്ടില്ലെന്നാണു ചോദ്യം. ഡയറിക്കുറിപ്പിലാണ് ഈ പേരുകൾ. ഡയറിക്കുറിപ്പ് തെളിവായി കാണാൻ കഴിയില്ലെന്നു സുപ്രീംകോടതിയുടെ വിധിയുണ്ട്. എന്നാൽ വീണയും കമ്പനിയും പണം വാങ്ങിയെന്നത് അവർ പോലും നിഷേധിക്കാത്ത കാര്യമാണ്. ബാങ്ക് രേഖകളുണ്ട്. അതുകൊണ്ടാണ് പിണറായി വാങ്ങിയ പണത്തെക്കുറിച്ച് ചോദിക്കാതെ, വീണ വാങ്ങിയ പണത്തെക്കുറിച്ചും അതിന്റെ പ്രത്യുപകാരത്തെക്കുറിച്ചും അന്വേഷിക്കാൻ ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിയോടോ, കുടുംബത്തോടെ വ്യക്തിപരമായി വൈരാഗ്യമില്ല. പ്രതിപക്ഷ എംഎൽഎയുടെ ചുമതലയാണു നിർവഹിക്കുന്നത്. അതിന്റെ പേരിൽ എട്ട് അന്വേഷണങ്ങൾ തനിക്കെതിരെ നടക്കുന്നു. വീടിന്റെ അറ്റകുറ്റപ്പണിക്കുപോലും സ്റ്റോപ് മെമ്മോ നൽകിയിരിക്കുന്നു. എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടായാലും പോരാട്ടം തുടരുമെന്നും കുഴൽനാടൻ വ്യക്തമാക്കി.

English Summary:

Mathew Kuzhalnadan to give appeal against vigilance court verdict connecting CMRL and Exalogic company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com