മുല്ലശേരി ഗ്രാമത്തിൽ അവയവദാനം നടത്തിയത് മുപ്പതോളം പേർ; കാരണമായത് കടുത്ത സാമ്പത്തിക പ്രതിസന്ധി
Mail This Article
തൃശൂർ ∙ തീരാത്ത ബാധ്യതകളുടെ ഭാരം പേറിനിൽക്കുന്ന കൊച്ചുവീട്. വായ്പക്കുടിശിക പിരിച്ചെടുക്കാനെത്തിയ ആളിനോടു വിഷമം പറഞ്ഞു നിസ്സഹായാവസ്ഥയിലിരിക്കുന്ന ഒരു സ്ത്രീ. പലരും വരുന്നു, ഒരുപാടു ചോദ്യങ്ങൾ ചോദിക്കുന്നു, എന്തു മറുപടി പറയണമെന്നറിയാതെ അവർ നെഞ്ചുനീറി ഇരിക്കുന്നു. ‘അടച്ചു തീർക്കാൻ കുറെ കടങ്ങളുണ്ട്. എന്തു ചെയ്യണമെന്നറിയില്ല. വായ്പ പിരിക്കാൻ ഇങ്ങനെ ആളുകൾ വന്നുകൊണ്ടിരിക്കും. അതിനിടയിലാണ് ഇതും...’ – കലങ്ങിയ കണ്ണു തുടച്ചുകൊണ്ടവർ ‘മനോരമ’യോടു പറഞ്ഞു. പാവറട്ടി മുല്ലശേരിയിൽ വൃക്ക കൈമാറ്റം ചെയ്തവരിലൊരാളായ വീട്ടമ്മയെ തേടി എത്തിയപ്പോഴായിരുന്നു ഈ കാഴ്ച.
വൃക്ക സ്വീകരിച്ച കുട്ടി തന്റെ ബന്ധുവാണെന്നും പണമായി ഒന്നും കിട്ടിയിട്ടില്ലെന്നും അവർ പറഞ്ഞു. പല വീടുകളിൽ ജോലി ചെയ്ത് ജീവിച്ചിരുന്ന തനിക്ക് 10 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടായിരുന്നതു കുട്ടിയുടെ കുടുംബം തീർത്തു തന്നെന്നും വീട്ടമ്മ വെളിപ്പെടുത്തി. അവർ പങ്കുവച്ച വിവരങ്ങളിങ്ങനെ:
‘കഴിഞ്ഞ വർഷം ജൂൺ 27ന് ആയിരുന്നു എന്റെ ശസ്ത്രക്രിയ. ബന്ധുവായ കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുമ്പോൾ കാണാൻ പോയതായിരുന്നു ഞങ്ങൾ. അവിടെ ചെന്നപ്പോൾ വേറെ രണ്ടുമൂന്നു കൂട്ടർ അവയവം നൽകാൻ വന്നിട്ടുണ്ടായിരുന്നു. അവർക്കു വൃക്കയിൽ കല്ല്, പ്രമേഹം എന്നിങ്ങനെ രോഗങ്ങൾ ഉള്ളതിനാൽ അവയവ മാറ്റത്തിനു സാധിക്കില്ല എന്നു പരിശോധനയിൽ തെളിഞ്ഞു.
എത്രയും പെട്ടെന്നു മറ്റൊരു ദാതാവിനെ നോക്കിയില്ലെങ്കിൽ കുട്ടിയുടെ ആരോഗ്യം വളരെ മോശം സ്ഥിതിയിലാകുമെന്നു ഡോക്ടർ പറഞ്ഞു. ആ സാഹചര്യത്തിലാണു ഞാൻ അവയവം കൊടുക്കാൻ തീരുമാനിച്ചത്. അപ്പോൾ ഭർത്താവ് വൃക്ക കൊടുത്തോളാം എന്നു പറഞ്ഞു. എന്നാൽ, ആളെ പരിശോധിച്ചപ്പോൾ ശരീരഭാരം കുറവായിരുന്നു. ആരോഗ്യസ്ഥിതി നന്നായിരുന്നതുകൊണ്ടു ഞാൻ തന്നെ കൊടുക്കാമെന്നു തീരുമാനിച്ചു. കാശിന്റെ കണക്കും കാര്യങ്ങളും ഒന്നും ഉണ്ടായിട്ടില്ല.
ഞങ്ങൾ ബന്ധുക്കൾ ആണെന്ന് ആശുപത്രിയിൽ കാണിച്ചുകൊടുക്കേണ്ടിവന്നിരുന്നു. ഞങ്ങൾക്ക് പൈസ ആയിട്ടൊന്നും കിട്ടിയിട്ടില്ല. 10 ലക്ഷത്തോളം രൂപയുടെ ബാധ്യതകൾ ആ കുട്ടിയുടെ വീട്ടുകാർ തീർത്തു. കടത്തിലായിരുന്ന ആധാരം തിരിച്ചെടുത്തു തന്നു. പല സ്ഥാപനങ്ങളിൽ നിന്നായി എടുത്ത വായ്പകൾ ഇനിയും മൂന്നുനാലു ലക്ഷത്തോളം അടച്ചു തീർക്കാനുണ്ട്. പണിക്കു പോകാൻ കഴിയാത്ത സ്ഥിതിയാണല്ലോ. ദിവസക്കൂലിക്കു ജോലി ചെയ്തിരുന്ന ഭർത്താവിനും ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങളാണ്. നാട്ടുകാരൊക്കെ സഹായിച്ചാണു വീടു കിട്ടിയത്.’
മുല്ലശേരി ഗ്രാമത്തിൽ ഏജന്റുമാരുടെ പ്രേരണയാൽ അവയവദാനം നടത്തിയ മുപ്പതോളം പേരിൽ എല്ലാവരും ഇങ്ങനെ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നവരായിരുന്നു. അവയവം നൽകിയപ്പോൾ കിട്ടിയ തുക തങ്ങളുടെ കടബാധ്യതയുടെ കുറച്ചുഭാഗം തീർക്കാൻ മാത്രമേ ഉപകരിച്ചുള്ളൂ എന്നതാണ് മിക്കവരുടെയും സ്ഥിതി.