തിരഞ്ഞെടുപ്പുകൾക്ക് മുൻപ് പിരിവെടുത്തു; പിരിവിനെച്ചൊല്ലി നേതൃയോഗത്തിൽ ചേരിതിരിഞ്ഞു വാക്പോര്
Mail This Article
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു 2 ലക്ഷം രൂപ വീതവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു 3 ലക്ഷം രൂപ വീതവും ബാറുടമകളിൽനിന്ന് നേതൃത്വം പിരിച്ചെടുത്തതായി വിവരം. ഇരു മുന്നണികൾക്കും നൽകാനുള്ള തിരഞ്ഞെടുപ്പു ഫണ്ട് എന്ന പേരിലായിരുന്നു പിരിവ്. വലിയ തുക പിരിവെടുക്കുന്നതിനെതിരെ സംഘടനയുടെ സംസ്ഥാന നേതൃയോഗത്തിൽ ചേരിതിരിഞ്ഞു വാക്പോരുമുണ്ടായി.
രാഷ്ട്രീയസംഘടനകൾക്കു വേണ്ടി പിരിവെടുക്കാറില്ലെന്നും ചില മണ്ഡലങ്ങളിൽ വ്യക്തിപരമായി സംഭാവന നൽകി സഹായിക്കുക മാത്രമാണു ചെയ്യുന്നതെന്നും സംഘടനാ നേതാക്കൾ കഴിഞ്ഞദിവസം വിശദീകരിച്ചിരുന്നു. കഴിഞ്ഞ സർക്കാരിൽ എക്സൈസ് വകുപ്പിന്റെ നിർണായക സ്ഥാനത്തിരുന്ന ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിന്റെ ചെലവ് സംഘടനയുടെ കണക്കിൽപെടുത്തിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സംഘടനയുടെ കെട്ടിടവും സ്ഥലവും വാങ്ങാനായി ഓരോ ലൈസൻസിനും ഒരു ലക്ഷം രൂപ വീതമാണു പിരിച്ചത്. റജിസ്ട്രേഷൻ നടത്താൻ ഒരാഴ്ച മാത്രം ശേഷിക്കെ വിളിച്ച യോഗം, ബാക്കി തുക കണ്ടെത്താനായിരുന്നുവെന്ന സംഘടനാ നേതാക്കളുടെ വാദം വിശ്വാസയോഗ്യമല്ല. 4 മാസം മുൻപ് ഇതിനുള്ള ഫണ്ട് ശേഖരണം തുടങ്ങിയിരുന്നു.
ബാക്കി തുക കണ്ടെത്താൻ സംസ്ഥാന സമിതിയംഗങ്ങൾ രണ്ടരലക്ഷം രൂപ വീതം തൽക്കാലം കയ്യിൽനിന്നെടുക്കണമെന്ന് 23നു ചേർന്ന നിർവാഹകസമിതിയോഗം തീരുമാനിച്ചെന്നാണു നേതാക്കൾ വിശദീകരിച്ചത്. എന്നാൽ, മൂന്നാഴ്ച മുൻപു തന്നെ പല ബാറുടമകളോടും രണ്ടരലക്ഷം രൂപ വീതവും ബീയർ പാർലർ ഉടമകളോട് ഒരു ലക്ഷം രൂപ വീതവും ആവശ്യപ്പെട്ടിരുന്നതായി വിവരമുണ്ട്. ഈ തുക എന്തിനായിരുന്നുവെന്നാണു സംഘടനാ നേതൃത്വം വിശദീകരിക്കേണ്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം ആ വഴിക്കു നീങ്ങുമെന്ന് ഉറപ്പിക്കാനാകില്ല. തുടർച്ചയായി പിരിവു നടത്തുന്നതിന്റെ അസ്വസ്ഥത നല്ലൊരു പങ്കു ബാറുടമകൾക്കുമുണ്ട്.