ജഡ്ജിയെ അറസ്റ്റ് ചെയ്യുമെന്ന് ഫോണിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം
Mail This Article
മൂവാറ്റുപുഴ∙ വിജിലൻസ് ജഡ്ജിയെ അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. ഡൽഹി പൊലീസിൽ നിന്നുള്ള ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി എൻ.വി. രാജുവിനെ വാട്സാപ് വോയ്സ് കോളിൽ വിളിച്ചു തട്ടിപ്പിനു ശ്രമിച്ചത്.
ജഡ്ജിയുടെ പരാതിയെ തുടർന്നു പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുൻപ് സമാനമായ വിധത്തിൽ മുംബൈ പൊലീസ് എന്ന വ്യാജേന മൂവാറ്റുപുഴ സ്വദേശിനിയെ അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം നടന്നിരുന്നു.
ഇന്നലെയാണ് ജഡ്ജിക്ക് വ്യാജന്റെ വിളി എത്തിയത്. വിളിക്കുന്നത് ജഡ്ജിയെ ആണെന്ന് ഇയാൾക്കു മനസ്സിലായിരുന്നില്ല. ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ എന്നു പരിചയപ്പെടുത്തിയപ്പോൾ തന്നെ സംഭവം തട്ടിപ്പാണെന്നു ജഡ്ജി തിരിച്ചറിയുകയും ചെയ്തു.
ജഡ്ജിയുടെ ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് എടുത്ത സിം കാർഡ് വഴി തട്ടിപ്പു നടത്തിയെന്നും ഇതിന് ഉടനെ അറസ്റ്റ് ഉണ്ടാകുമെന്നും ആയിരുന്നു സൈബർ വിഭാഗം ഇൻസ്പെക്ടർ എന്നു പരിചയപ്പെടുത്തിയ ആളിന്റെ ഭീഷണി.
വിശ്വാസ്യതയ്ക്കായി അറസ്റ്റ് വാറന്റിന്റെ പകർപ്പും ഉദ്യോഗസ്ഥന്റെ തിരിച്ചറിയൽ കാർഡും എല്ലാം അയച്ചു നൽകും. തിരിച്ചറിയൽ കാർഡ് സൂക്ഷ്മമായ പരിശോധിച്ചാൽ മാത്രമേ ഇതു വ്യാജനാണെന്നു മനസ്സിലാകുകയുള്ളൂ.
അറസ്റ്റ് വാറന്റ് ഉൾപ്പെടെ അയച്ചു നൽകുന്നതിനാൽ ഇവർ പറയുന്നത് വിശ്വസിച്ച് ബാങ്ക് വിവരങ്ങളും ആധാർ കാർഡ് നമ്പറുകളും എല്ലാം നൽകി അഭ്യസ്തവിദ്യർ പോലും വഞ്ചിക്കപ്പെടുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.