ADVERTISEMENT

മലപ്പുറം∙ തിരഞ്ഞെടുപ്പു കാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ‘സമസ്ത ഫാക്ടർ’ മലപ്പുറത്തും പൊന്നാനിയിലും ഏശിയില്ല. സമസ്തയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പ് മറികടക്കാനായി മുസ്‌ലിം ലീഗ് കാണിച്ച ജാഗ്രത രണ്ടു മണ്ഡലങ്ങളിലും അവരുടെ ഭൂരിപക്ഷം വർധിപ്പിക്കുകയും ചെയ്തു. പരമ്പരാഗതമായി ഇടതുപക്ഷത്തോടു ചേർന്നുനിൽക്കുന്ന കാന്തപുരം വിഭാഗത്തിന്റെ ഉൾപ്പെടെയുള്ള വോട്ട് നേടാനുള്ള ലീഗ് ശ്രമം വിജയിച്ചുവെന്നതിനും വൻ ഭൂരിപക്ഷം തെളിവാകുന്നു. 

അതേസമയം, സമസ്തയുമായുള്ള അകലം വർധിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാകരുതെന്ന കർശന നിർദേശം പാർട്ടി നേതൃത്വം  അണികൾക്കു നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാധിച്ചില്ലെങ്കിലും സമസ്ത ഇടഞ്ഞുനിന്നാൽ  പ്രാദേശിക വിഷയങ്ങൾ ചർച്ചയാകുന്ന നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിടുമെന്ന ആശങ്ക ലീഗിനുണ്ട്. 

ലീഗിൽനിന്ന് അച്ചടക്കലംഘനത്തിനു പുറത്താക്കപ്പെട്ട കെ.എസ്.ഹംസയെ പൊന്നാനിയിൽ സ്ഥാനാർഥിയാക്കുമ്പോൾ ലീഗും സമസ്തയും തമ്മിലുള്ള ഭിന്നത മുതലെടുക്കാമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ടായിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സമസ്തയുമായി നേരിട്ടു ബന്ധം സ്ഥാപിക്കാൻ സിപിഎം ബോധപൂർവമായ ശ്രമം നടത്തിയിരുന്നു. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്കു വിടുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ സമസ്ത സ്വതന്ത്ര നിലപാട് സ്വീകരിച്ചപ്പോൾ സിപിഎം തന്ത്രം വിജയിക്കുന്നുവെന്ന വിലയിരുത്തലുണ്ടായി.

തിരഞ്ഞെടുപ്പു കാലത്ത് ചില സമസ്ത നേതാക്കൾ നടത്തിയ പ്രസ്താവനകൾ സിപിഎമ്മിന് അനുകൂലമായി വ്യാഖ്യാനിക്കപ്പെട്ടു. തിരഞ്ഞെടുപ്പു കാലത്ത്  ‘ടീം സമസ്ത പൊന്നാനി’ എന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട ഓൺലൈൻ പോസ്റ്ററുകൾ ലീഗിനു സൃഷ്ടിച്ച തലവേദന ചില്ലറയല്ല. എന്നാൽ, സമസ്തയിലെ ചെറിയ വിഭാഗം മാത്രമാണ് ലീഗ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്നും മഹാഭൂരിഭാഗം പ്രവർത്തകരും പാർട്ടിക്കൊപ്പമാണെന്നുമായിരുന്നു പാർട്ടിയുടെ തുടക്കം മുതലുള്ള നിലപാട്. അത് ശരിവയ്ക്കുന്നതാണു തിരഞ്ഞെടുപ്പ് ഫലം. 

English Summary:

Samasta's votes were not leaked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com