ADVERTISEMENT

തിരുവനന്തപുരം ∙ ഒറ്റ സീറ്റിലേക്ക് ഒതുങ്ങിയതിനു പ്രധാന കാരണം ഭരണ വിരുദ്ധ വികാരമാണെന്നു രഹസ്യമായി സമ്മതിക്കുന്ന സിപിഎം, സർക്കാരിന്റെ പ്രതിഛായ മെച്ചപ്പെടുത്താനുള്ള അവസരമായി തിരഞ്ഞെടുപ്പുഫലത്തെ കണ്ടേക്കും. മുന്നണിക്കു വേണ്ടി കളത്തിലിറങ്ങിയവരിൽ ജയിച്ച ഒരേയൊരാൾ സംസ്ഥാനത്തെ മന്ത്രി ആണെങ്കിലും അതു മന്ത്രിസഭയ്‌ക്കോ സർക്കാരിനോ ഉള്ള അംഗീകാരമായി ആരും കാണുന്നില്ല.

മണ്ഡലത്തിന്റെ ഇടതു സ്വഭാവവും രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവവുമാണ് ഇത്തവണയും ‘കനൽ ഒരു തരി’ നിലനിർത്തിയതെന്നു പാർട്ടി തിരിച്ചറിയുന്നുണ്ട്. രാധാകൃഷ്ണൻ എംപിയായ ഒഴിവിൽ മാത്രമല്ല, പ്രതിഛായ മെച്ചപ്പെടുത്താനാണു മന്ത്രിസഭാ പുനഃസംഘടന വേണ്ടതെന്ന ചർച്ച പാർട്ടിയിലും മുന്നണിയിലും സ്വാഭാവികമായും ഉയരാം. സർക്കാരിനെ നയിച്ചു രണ്ടാം വട്ടവും ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയമേറ്റുവാങ്ങിയ സ്ഥിതിക്ക് ആവശ്യം തള്ളിക്കളയാൻ മുഖ്യമന്ത്രിക്കു കഴിയില്ല.

പട്ടിക വിഭാഗത്തിൽനിന്നുള്ള മന്ത്രിയാണു രാജിവയ്‌ക്കേണ്ടത് എന്നതിനാൽ ആ വിഭാഗത്തിൽനിന്നുള്ള ഒരാളെ മന്ത്രിസഭാ പുനഃസംഘടനയിൽ പരിഗണിക്കേണ്ടിവരും. പട്ടികവിഭാഗത്തിൽ 16 എംഎൽഎമാരുണ്ട്. ഇവരിൽ 14 പേരും ഇടതുമുന്നണിയുടേതാണ്. സിപിഎമ്മിൽനിന്ന് 9 പേർ. ഒ.കെ.കേളു, കെ.എം.സച്ചിൻദേവ്, കെ.ശാന്തകുമാരി, പി.പി.സുമോദ്, പി.വി.ശ്രീനിജൻ, എ.രാജ, എം.എസ്.അരുൺകുമാർ, ഒ.എസ്.അംബിക എന്നിവരിലൊരാൾ രാധാകൃഷ്ണനു പകരം എത്തണം.

2 വനിതാ മന്ത്രിമാരുള്ള സ്ഥിതിക്ക് ഒരു വനിതയെക്കൂടി പരിഗണിക്കാനിടയില്ല. എ.രാജ തിരഞ്ഞെടുപ്പു കേസ് നേരിടുന്നുണ്ട്. ശ്രീനിജൻ അടുത്തകാലത്തു സിപിഎമ്മിലെത്തിയയാളാണ്. എസ്എഫ്ഐ മുൻ പ്രസിഡന്റ് എന്നതു കൂടി കണക്കിലെടുത്തു സച്ചിൻദേവിനു നറുക്കുവീഴാം. എന്നാൽ, കെഎസ്ആർടിസി ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട വിവാദമുണ്ട്.

മന്ത്രിസഭയിൽ പട്ടികവിഭാഗത്തിൽനിന്നുള്ള മന്ത്രി വേണമെന്നതു ഭരണഘടനാപരമായ ബാധ്യതയല്ലെങ്കിലും എല്ലാ സർക്കാരുകളിലും പട്ടികവിഭാഗത്തിൽനിന്നു മന്ത്രിമാരുണ്ടായിട്ടുണ്ട്. പട്ടികവിഭാഗത്തിൽനിന്നുള്ള മന്ത്രിയെന്നതിലുപരി, മന്ത്രിസഭയിലെ ജനകീയനായ മന്ത്രിയെന്ന പ്രതിഛായ കൂടി രാധാകൃഷ്ണനുണ്ട്. മുഖ്യമന്ത്രി കഴിഞ്ഞാൽ പാർട്ടിയിലെ സീനിയർ മന്ത്രിയുമാണ്. അതുകൊണ്ടു തന്നെ പട്ടികവിഭാഗ പ്രാതിനിധ്യം കൊണ്ടു മാത്രം രാധാകൃഷ്ണന്റെ ഒഴിവു നികത്താനാകില്ല.

പ്രകടനം മോശമായ ചിലരെ ഒഴിവാക്കാനുള്ള ചർച്ചകൾ ഇടയ്ക്കു നടന്നിരുന്നു. അതിനുള്ള നല്ലൊരവസരമായി ഈ സാഹചര്യം ഉപയോഗപ്പെടുത്താൻ പാർട്ടി ശ്രമിച്ചേക്കും. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രം നേടിയപ്പോൾ അതിന്റെ പേരിൽ മന്ത്രിസഭാ പുനഃസംഘടനയ്ക്കു സർക്കാർ തുനിഞ്ഞിരുന്നില്ലെങ്കിലും ഇപ്പോഴത്തേതു തുടർച്ചയായ തിരിച്ചടിയാണ്. പരിചയസമ്പന്നരും ജനകീയരുമായ മന്ത്രിമാരെ ഒഴിവാക്കി മന്ത്രിസഭ രൂപീകരിച്ചതു ഗുണം ചെയ്തില്ലെന്ന വിലയിരുത്തൽ പൊതുവേയുണ്ട്. കെ.കെ.ശൈലജയും ടി.പി.രാമകൃഷ്ണനും പോലെ മുൻമന്ത്രിമാർ പലരും നിയമസഭയിലുണ്ട്. ഇവരിലാരെയെങ്കിലുമൊക്കെ തിരിച്ചു കൊണ്ടുവരാനുള്ള സാധ്യതകളും ചർച്ചയിൽ വന്നേക്കാം.

സ്വന്തം ബൂത്തിൽ മന്ത്രി പിന്നിൽ 
തൃശൂർ ∙ മന്ത്രിയുടെ ബൂത്തിൽ മന്ത്രി 9 വോട്ടിനു പിന്നിൽ. ആലത്തൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.രാധാകൃഷ്ണൻ വോട്ട് ചെയ്ത ചേലക്കര തോന്നൂർക്കര എയുപി സ്കൂളിലെ 75–ാം നമ്പർ ബൂത്തിൽ അദ്ദേഹത്തിനു കിട്ടിയ വോട്ട് 299. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ഇവിടെനിന്നു കിട്ടിയത് 308 വോട്ട്. 

English Summary:

Loksabha Elections 2024 results Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com