വെട്ടിലാകുമോ കൺവീനർ?; തിരഞ്ഞെടുപ്പുദിനത്തിലെ ഇ.പിയുടെ വെളിപ്പെടുത്തൽ വീണ്ടും ചർച്ചകളിൽ
Mail This Article
തിരുവനന്തപുരം ∙ എൽഡിഎഫിന്റെ വൻതോൽവി മുന്നണി കൺവീനർക്കു തന്നെ വിനയാകുമോ? പരാജയ കാരണങ്ങളിലേക്കു പാർട്ടി കടക്കുമ്പോൾ ഇ.പി.ജയരാജന് ആശങ്കപ്പെടേണ്ടി വന്നേക്കാം. ബിജെപിയിലേക്കു പോകാൻ ശ്രമിച്ചെന്ന ആരോപണം നേരിടേണ്ടിവന്ന ജയരാജൻ, ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ തന്നെ വന്നു കണ്ടെന്നു വോട്ടെടുപ്പു ദിനം രാവിലെ വെളിപ്പെടുത്തിയത് പാർട്ടി കേന്ദ്രങ്ങളെ നടുക്കിയിരുന്നു. ജയരാജന്റെ പ്രസ്താവന തിരഞ്ഞെടുപ്പുദിനം പാർട്ടി പ്രവർത്തകരുടെ ആത്മവീര്യത്തെ ബാധിക്കുമെന്ന തോന്നൽ വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു.
നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പു ദിവസം വി.എസ്.അച്യുതാനന്ദൻ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയെ സന്ദർശിച്ചത് സിപിഎമ്മിന് ഉണ്ടാക്കിയ ആഘാതത്തോടാണു പലരും ഇ.പിയുടെ വെളിപ്പെടുത്തൽ ഉണ്ടാക്കിയ പ്രശ്നങ്ങളെ ഉപമിച്ചത്. ഇ.പിക്കെതിരായ ബിജെപി ബന്ധം സംബന്ധിച്ച ആരോപണം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്നു നിരാകരിച്ചെങ്കിലും തിരഞ്ഞെടുപ്പു ഫലം വന്നശേഷം വിശദമായി ചർച്ച ചെയ്യാനായി മാറ്റിവയ്ക്കുക കൂടിയാണു ചെയ്തത്.
ബിജെപിക്ക് എതിരായ വികാരം: ഇ.പി.ജയരാജൻ
കണ്ണൂർ ∙ തിരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ച് എൽഡിഎഫ് വിശദമായി പരിശോധിക്കുമെന്ന് കൺവീനർ ഇ.പി.ജയരാജൻ. തിരഞ്ഞെടുപ്പു ഫലം ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യത്തിലുള്ളതാണ്. ബിജെപിക്ക് എതിരായ ശക്തമായ വികാരമാണു രാജ്യത്തുണ്ടായത്.
കേരളത്തിൽ യുഡിഎഫിന്റെ ജയം അവരുടെ നയത്തിനുള്ള അംഗീകാരമല്ല. കേരള ഭരണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള തിരഞ്ഞെടുപ്പല്ല ഇത്. ദേശീയ വിഷയങ്ങളാണു ചർച്ചയായത്. എൽഡിഎഫിന്റെ പ്രതീക്ഷകൾക്കു മങ്ങലേറ്റിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ അടിത്തറ ശക്തമാണ്. തെറ്റുകളുണ്ടെങ്കിൽ തിരുത്തി മുന്നോട്ടു പോകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.