നുണപരിശോധനയ്ക്ക് തയാറെന്ന് പന്തീരാങ്കാവ് കേസിലെ യുവതി
Mail This Article
പറവൂർ /കോഴിക്കോട്∙ താൻ വിഡിയോകളിലൂടെ പുറത്തുവിട്ട കാര്യങ്ങൾ 100% സത്യമാണെന്നും ഇതു തെളിയിക്കാൻ നുണപരിശോധനയ്ക്കു തയാറാണെന്നും പന്തീരാങ്കാവു സ്ത്രീധന പീഡന കേസിലെ പരാതിക്കാരി. തന്നെ ആരും തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ നിന്നു മാറി നിൽക്കുന്നതാണെന്നും ഇന്നലെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട മൂന്നാം വിഡിയോയിലും യുവതി ആവർത്തിച്ചു. നുണപരിശോധനയ്ക്കു തന്റെ മാതാപിതാക്കൾ തയാറാണോ എന്നു ചോദിച്ച യുവതി മാധ്യമങ്ങൾക്കുമുന്നിൽ കരഞ്ഞഭിനയിക്കാൻ വീട്ടുകാർ നിർബന്ധിച്ചതാണെന്നും പറഞ്ഞു
തന്നെ കാണാനില്ല, തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പറയിക്കുന്നതാണ്, പറയുന്നതൊക്കെ കള്ളമാണ് എന്നൊക്കെയാണു മാതാപിതാക്കൾ പറയുന്നത്. എന്നാൽ, വീട്ടിൽ നിന്നാൽ സത്യം തുറന്നു പറഞ്ഞു വിഡിയോ ഇടാൻ പറ്റില്ലെന്നതു കൊണ്ടാണു മാറിനിൽക്കുന്നത്. അത്രയും സമ്മർദം അനുഭവിക്കുന്നുണ്ട്. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും തനിക്ക് ആദ്യം ചികിത്സ കിട്ടിയ ആശുപത്രിയിലെ ഡിസ്ചാർജ് സമ്മറിയും പരിശോധിച്ചാൽ താൻ പറയുന്നതു സത്യമാണെന്ന് അറിയാൻ കഴിയും.
വിഡിയോ പുറത്തുവിടും മുൻപ് അമ്മയെ വിളിച്ചു താൻ സുരക്ഷിതയാണെന്നും എന്തുകൊണ്ടു വീട്ടിൽനിന്നു മാറി നിൽക്കുന്നു എന്ന വിവരവും അറിയിച്ചിരുന്നു. വീട്ടിൽ നിന്നു തിരുവനന്തപുരത്തെത്തി തൊട്ടടുത്ത ദിവസം തന്നെ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള സത്യവാങ്മൂലത്തിൽ ഒപ്പിട്ടിരുന്നുവെന്നും യുവതി പറയുന്നു.
താനും ഭർത്താവ് രാഹുലുമായുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർത്തതാണ്. എന്നാൽ, തന്റെ കുടുംബത്തോട് അസൂയയുള്ള അടുത്ത ബന്ധു ഇടപെട്ടു കാര്യങ്ങൾ വഷളാക്കുകയായിരുന്നു. പ്രശ്നം പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ രാഹുലിനൊപ്പം പോയാൽ മതിയെന്ന നിലപാടാണു താൻ സ്വീകരിച്ചത്. രാഹുലുമായി കൈകോർത്തു പിടിച്ചാണ് ഇൻസ്പെക്ടർക്കു മുന്നിലിരുന്നത്. ഇതുകൊണ്ടു തന്നെയാണ് ഇൻസ്പെക്ടർ കേസെടുക്കാൻ മടിച്ചത്. എന്നാൽ, മാതാപിതാക്കളുടെ ഭീഷണിക്കു വഴങ്ങി രാഹുലിനെതിരെയുള്ള പരാതിയുമായി മുന്നോട്ടു പോകേണ്ടി വന്നു.
ചാർജർ കേബിൾ വച്ച് കഴുത്തു ഞെരിച്ചുവെന്നു പറഞ്ഞതു കള്ളമാണ്. കഴുത്തിലുള്ളതു ജന്മനാ ഉള്ള പാടാണ്. അതു മർദ്ദനമേറ്റതിന്റെയല്ല. കയ്യിൽ ഉണ്ടായിരുന്ന പരുക്കു റിസപ്ഷൻ പാർട്ടിക്കു ഡാൻസ് കളിച്ചപ്പോൾ ഉണ്ടായതാണ്. ഇതാണു മർദിച്ചതായി കാണിച്ചത്. അന്നു തനിക്കു പക്വമായ നിലപാടെടുക്കാൻ കഴിഞ്ഞില്ല. തന്റെ പിതാവു വലിയ സ്വാധീനമുള്ള വ്യക്തിയാണ്. പറഞ്ഞു പഠിപ്പിച്ച പോലെ മൊഴി നൽകിയില്ലെങ്കിൽ അക്കാര്യം പിതാവ് അറിയും എന്നതിനാലാണു രഹസ്യമൊഴിയിലും പരാതിയിലെ കാര്യങ്ങൾ പറഞ്ഞതെന്നും യുവതി പറഞ്ഞു.
യുവതി ഡൽഹിയിലെന്ന് പൊലീസ്
പന്തീരാങ്കാവ് കേസിലെ പരാതിക്കാരിയായ യുവതി ഡൽഹിയിലുണ്ടെന്നു കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കണ്ടെത്തി. യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവു നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. യുവതി ബന്ധുവിനയച്ച വാട്സാപ് സന്ദേശം പിന്തുടർന്നാണു പൊലീസ് മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയത്. യുവതി ഡൽഹിയിലുണ്ടെന്ന സംശയം കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധുക്കളും പൊലീസിനോടു പങ്കുവച്ചിരുന്നു.
യുവതിയെ കണ്ടെത്തി തിരികെക്കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം. ഇതിനായി സംഘാംഗങ്ങൾ വൈകാതെ ഡൽഹിയിലേക്കു തിരിക്കും. യുവതിയുടെ പരാതിയിലുള്ള കേസ് റദ്ദാക്കാൻ ഹൈക്കോടതിയിൽ കോഴിക്കോട്ടെ അഭിഭാഷകനെ ചുമതലപ്പെടുത്തിയ സാഹചര്യത്തിൽ യുവതി കോഴിക്കോട് രഹസ്യ കേന്ദ്രത്തിൽ ഉണ്ടോ എന്നു പൊലീസ് ഇന്നലെ അന്വേഷിച്ചിരുന്നു.
അന്വേഷിക്കണം: വനിതാ കമ്മിഷൻ
പന്തീരങ്കാവു കേസിലെ പരാതിക്കാരി മൊഴി മാറ്റിയ സംഭവം ഗൗരവമായാണു കാണുന്നതെന്നു വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. മൊഴി മാറ്റിയ സാഹചര്യം കൃത്യമായി പരിശോധിക്കുകയും വിശദമായി അന്വേഷിക്കുകയും വേണം. പറവൂരിലെ വീട്ടിലെത്തി നേരിട്ടു സംസാരിച്ചപ്പോഴും സമ്മർദമില്ലാതെ പെൺകുട്ടി കാര്യങ്ങൾ തുറന്നു സംസാരിച്ചതാണ്. വനിതാ കമ്മിഷന്റെ കൗൺസലറോടും കാര്യങ്ങൾ സംസാരിച്ചു– അധ്യക്ഷ പറഞ്ഞു.