ADVERTISEMENT

വൈപ്പിൻ∙ ഓട്ടോഡ്രൈവറായ, ചെറുവൈപ്പ് തച്ചാട്ടുതറ ജയയെ മർദിച്ച് അവശയാക്കി ബീച്ചിൽ തള്ളിയ കേസിൽ ബന്ധുവായ വീട്ടമ്മയടക്കം 2 പേർ പിടിയിൽ. കുഴുപ്പിള്ളി ചെറുവൈപ്പ് മുരുക ക്ഷേത്രത്തിനു സമീപം തച്ചാട്ടുതറ പ്രിയങ്ക (30), നായരമ്പലം വെളിയത്താംപറമ്പ് മയ്യാറ്റിൽ വിധുൻദേവ് (25) എന്നിവരെയാണു ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ 4 പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. പ്രിയങ്കയുടെ ഭർത്താവ് സജീഷും മറ്റു 3 പേരുമാണ് ഒളിവിൽ പോയത്.

ഓട്ടം വിളിച്ച 3 പേർ ചേർന്നു രാത്രി വൈകി ഓട്ടോ ബീച്ചിൽ തന്ത്രപൂർവം എത്തിച്ചു ജയയെ മർദിക്കുകയും ഫോൺ കൈക്കലാക്കി സ്ഥലം വിടുകയുമായിരുന്നു. സംഭവം ക്വട്ടേഷൻ ദൗത്യം ആണെന്നും ബന്ധുക്കൾക്കു സംഭവത്തിൽ പങ്കുണ്ടെന്നും പൊലീസിനു സൂചന ലഭിച്ചിരുന്നു. ജയയും ബന്ധുവായ പ്രിയങ്കയും തമ്മിൽ അതിർത്തിത്തർക്കമുണ്ടായിരുന്നു. 

കൂടാതെ തനിക്കും ഭർത്താവിനും എതിരെ ജയ അപവാദപ്രചാരണം നടത്തുന്നുവെന്ന തെറ്റിദ്ധാരണയും വൈരാഗ്യത്തിനിടയാക്കി. തുടർന്നാണു പ്രതികൾ ആക്രമണം ആസൂത്രണം ചെയ്തതെന്നു പൊലീസ് പറയുന്നു. സജീഷിന്റെ വാഹനത്തിൽ ജോലി ചെയ്യുന്നയാളാണ് അറസ്റ്റിലായ വിധുൻദേവ്. ഇയാൾ വഴിയാണു സജീഷ് ക്വട്ടേഷൻ സംഘാംഗങ്ങളെ ബന്ധപ്പെട്ടത്. ഒൻപതാം തീയതി ദൗത്യം നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ജയയെ ഓട്ടം വിളിക്കാൻ കഴിയാതിരുന്നതിനാൽ പദ്ധതി മാറ്റുകയും പിറ്റേദിവസം നടപ്പാക്കുകയുമായിരുന്നു. 

ജയയെ മർദിച്ച മൂന്നംഗ അക്രമിസംഘത്തെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മർദനത്തിൽ നട്ടെല്ലിനു വാരിയെല്ലുകൾക്കും ശ്വാസകോശത്തിനും ക്ഷതമേറ്റ ജയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തതായി അധ്യക്ഷ പി. സതീദേവി പറഞ്ഞു. റൂറൽ എസ്പിയോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതി ചികിത്സയിൽ കഴിയുന്ന എറണാകുളത്തെ ആശുപത്രിയിലെത്തി സഹോദരി, ഡോക്ടർമാർ എന്നിവരിൽ നിന്ന് കമ്മിഷൻ വിശദാംശങ്ങൾ ശേഖരിച്ചു.

English Summary:

Two people including relative arrested for beating woman auto driver

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com