ക്വട്ടേഷൻ സംഘങ്ങളെ തള്ളി വീണ്ടും കണ്ണൂർ സിപിഎം; പി.ജയരാജനെ അനുകൂലിച്ചും പ്രതികൂലിച്ചും ജില്ലാ സെക്രട്ടേറിയറ്റ്
Mail This Article
കണ്ണൂർ∙ സിപിഎം സംസ്ഥാനസമിതി അംഗം പി.ജയരാജനും ജില്ലാ കമ്മിറ്റി അംഗം പി.ഷാജറും ക്വട്ടേഷൻ സംഘങ്ങളെ സഹായിക്കുന്നവരല്ലെന്നു വ്യക്തമാക്കിയും ക്വട്ടേഷൻ സംഘങ്ങളെ വീണ്ടും തള്ളിപ്പറഞ്ഞും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. ഇരുവർക്കുമെതിരെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നു പറഞ്ഞ സെക്രട്ടേറിയറ്റ് മനു തോമസ് ഉന്നയിച്ച ആരോപണങ്ങളും ക്വട്ടേഷൻ സംഘങ്ങളുടെ നിലപാടുകളും തള്ളിപ്പറഞ്ഞു.
അതേസമയം, പാർട്ടി അംഗത്വം പുതുക്കാത്തതിന്റെ പേരിലാണ് മനു തോമസ് സിപിഎമ്മിൽനിന്ന് ഒഴിവായതെന്ന നിലപാടിന് അടിവരയിട്ട് ഇക്കാര്യത്തിൽ പാർട്ടി പി.ജയരാജനൊപ്പം ഇല്ലെന്നും വ്യക്തമാക്കി. പി.ജയരാജന്റെ ഫെയ്സ്ബുക് പോസ്റ്റിലെ പരാമർശങ്ങളെ ഇതോടെ പരോക്ഷമായി പാർട്ടി തള്ളിപ്പറയുകയാണ്.
മനു തോമസിനെതിരെ ഉയരുന്ന ഭീഷണിയെ അപലപിച്ച സെക്രട്ടേറിയറ്റ്, മനു തോമസ് പാർട്ടി നേതാക്കൾക്കെതിരെ നടത്തുന്ന തെറ്റായ പ്രചാരണം അപലപനീയമാണെന്നും അഭിപ്രായപ്പെട്ടു. ‘സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയുടെ സ്വരത്തിൽ ക്വട്ടേഷൻകാരായ ചിലർ നടത്തുന്ന പ്രതികരണങ്ങൾ പ്രതിഷേധാർഹവും സമൂഹം അംഗീകരിക്കാത്തതുമാണ്. ഇത്തരം പ്രതികരണങ്ങൾ ലൈക്ക് ചെയ്തും ഷെയർ ചെയ്തും പ്രചരിപ്പിക്കുന്നതും ന്യായീകരിക്കത്തക്കതല്ലെന്നും’ വ്യക്തമാക്കി.
പി.ജയരാജന്റെ ഇടപെടലാണ് വിഷയം വിവാദമാക്കിയതെന്ന പൊതുവികാരമാണ് ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നത്. പാർട്ടിയെയാകെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനാണു തീരുമാനം. ഇക്കാര്യത്തിൽ പി.ജയരാജൻ ജാഗ്രത പാലിക്കണമെന്ന നിർദേശവും ഉയർന്നു. സെക്രട്ടേറിയറ്റിലെ ചർച്ചയുടെയും തീരുമാനങ്ങളുടെയും വിവരങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും. ക്വട്ടേഷൻ സംഘത്തെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാർട്ടിയല്ല സിപിഎമ്മെന്ന് മൂന്നാം തവണയാണ് പാർട്ടിക്ക് ആവർത്തിക്കേണ്ടി വരുന്നത്.