എഡിജിപി അജിത്കുമാറിനെതിരായ അന്വേഷണം: വിവരങ്ങൾ ചോരുമോ? ജാഗ്രതയോടെ ഡിജിപി
Mail This Article
തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാറിനെതിരായ അന്വേഷണത്തിൽ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് നീങ്ങുന്നത് അതീവ ജാഗ്രതയോടെ. അജിത്കുമാർ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണെന്നതും അന്വേഷണസംഘത്തിലെ 2 ഉന്നതോദ്യോഗസ്ഥർ എഡിജിപിക്കു നേരിട്ടു റിപ്പോർട്ട് ചെയ്യുന്നവരാണെന്നതും അന്വേഷണത്തിൽ സൃഷ്ടിക്കാനിടയുള്ള ബുദ്ധിമുട്ടുകൾ ഡിജിപിക്കു തലവേദനയാകും. അന്വേഷണപുരോഗതി സംബന്ധിച്ച വിവരങ്ങൾ ചോരാതെ സൂക്ഷിക്കുകയാണ് വലിയ വെല്ലുവിളി.
അന്വേഷണം പൂർത്തിയാകുന്നതുവരെ പൊലീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ തനിക്കു റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് സംഘാംഗങ്ങളായ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഐജി ജി.സ്പർജൻ കുമാറിനും തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിനും അജിത്കുമാർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും ക്രമസമാധാനച്ചുമതലയിൽ തുടരുന്ന അദ്ദേഹത്തിൽനിന്നു വിവരങ്ങൾ മറച്ചുവയ്ക്കുക എളുപ്പമല്ല. എഡിജിപിക്കെതിരെ ആരോപണങ്ങളുന്നയിച്ച പി.വി.അൻവർ എംഎൽഎയിൽനിന്ന് തോംസൺ ജോസ് ഇന്നു മൊഴിയെടുക്കും.
അന്വേഷണവിവരങ്ങൾ ചോരരുതെന്ന കർശന നിർദേശം നൽകാമെന്നല്ലാതെ, അതു പ്രാവർത്തികമാക്കുക ഡിജിപിക്ക് എളുപ്പമല്ല. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്നു മാറ്റിനിർത്തി അന്വേഷിക്കണമെന്ന് അദ്ദേഹം മുൻപ് ആവശ്യപ്പെട്ടത്. എന്നാൽ, അജിത്തിനെ മാറ്റേണ്ടതില്ലെന്നു നിലപാടെടുത്തതിലൂടെ അദ്ദേഹത്തെ കൈവിടാൻ തൽക്കാലം ഒരുക്കമല്ലെന്ന വ്യക്തമായ സന്ദേശം മുഖ്യമന്ത്രി നൽകി. അജിത്തുമായി മുൻപ് കൊമ്പുകോർത്തിട്ടുള്ളതിനാൽ, താൻ നടത്തുന്ന അന്വേഷണത്തെ സർക്കാരും മുഖ്യമന്ത്രിയും മുൻവിധിയോടെ കണ്ടേക്കാമെന്ന ആശങ്കയും ഡിജിപിയെ അലട്ടും.
അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസത്തെ സമയമുള്ളതിനാൽ തിടുക്കം വേണ്ടെന്നും അൻവർ ഉന്നയിച്ച ആരോപണങ്ങളിലെ വസ്തുതകൾ പരിശോധിച്ചുറപ്പിച്ചു മുന്നോട്ടുനീങ്ങിയാൽ മതിയെന്നുമാണ് ഡിജിപിയുടെ തീരുമാനം. ആരോപണങ്ങളിൽ എത്രത്തോളം വസ്തുതയുണ്ടെന്ന പരിശോധനയാണ് ആദ്യം നടക്കുക. കഴമ്പില്ലെന്നു കാണുന്നവ തുടക്കത്തിൽത്തന്നെ തള്ളിക്കളയും. അന്വേഷണയോഗ്യമെന്നു സ്ഥിരീകരിക്കുന്നവയിൽ മാത്രമേ തുടർനടപടിയുണ്ടാകൂ.
നിയമനടപടിക്ക് പിന്തുണ: പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ
തിരുവനന്തപുരം ∙ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. മുൻ എസ്പി സുജിത് ദാസിനെതിരെയടക്കം ഉയർന്ന പീഡനാരോപണങ്ങളിലാണ് അസോസിയേഷൻ നിലപാട് വ്യക്തമാക്കിയത്. പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീയെ അന്വേഷണ ഉദ്യോഗസ്ഥനും ഡിവൈഎസ്പിയും എസ്പിയും പീഡിപ്പിച്ചെന്ന പരാതിയിൽ അസ്വാഭാവികതയുണ്ടെന്ന് ജനറൽ സെക്രട്ടറി സി.ആർ.ബിജു പറഞ്ഞു.