മൂന്നാറിന്റെ രുചി; ലോകത്തിന്റെ ചായക്കോപ്പയിലേക്ക് മൂന്നാർ തേയിലയുടെ രുചിയെത്തിച്ച രത്തൻ ടാറ്റ
Mail This Article
മൂന്നാർ ∙ മൂന്നാർ, ദേവികുളം, പളളിവാസൽ, മാങ്കുളം പഞ്ചായത്തുകളിലാണു ടാറ്റയുടെ തേയിലത്തോട്ടങ്ങൾ. 1962ൽ ആണ് അന്നത്തെ ഫിൻലേ ഗ്രൂപ്പുമായി ചേർന്ന് ടാറ്റ–ഫിൻലേ എന്ന കമ്പനി പ്രവർത്തനമാരംഭിച്ചത്. 1983ൽ ഫിൻലേ ഗ്രൂപ്പ് മൂന്നാറിലെ തേയില വ്യവസായത്തിൽ നിന്നു പിൻവാങ്ങിയതോടെ ടാറ്റ ടീ എന്നായി പേര്. 2005ൽ തൊഴിലാളികളുടെ 60% പങ്കാളിത്തത്തോടെ കണ്ണൻ ദേവൻ ഹിൽസ് പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ് (കെഡിഎച്ച്പി) രൂപവൽക്കരിച്ചു.
പള്ളിവാസൽ, പെരിയ കനാൽ എസ്റ്റേറ്റുകൾ, മാട്ടുപ്പെട്ടി ഹൈറേഞ്ച് സ്കൂൾ, ഹൈറേഞ്ച് ആശുപത്രി, നല്ലതണ്ണി ഇൻസ്റ്റന്റ് ടീ ഫാക്ടറി, നല്ലതണ്ണി സൃഷ്ടി എന്നിവയാണു ടാറ്റയുടെ കീഴിൽ മൂന്നാറിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ.
മനസ്സറിയുന്ന സൃഷ്ടി
1997ലും 2009ലും രത്തൻ ടാറ്റ മൂന്നാർ സന്ദർശിച്ചിരുന്നു. തോട്ടം തൊഴിലാളികളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി ഒട്ടേറെ പദ്ധതികൾ രത്തൻ ടാറ്റ മൂന്നാറിൽ നടപ്പാക്കി. മൂന്നാറിൽ നിന്നു 4 കിലോമീറ്റർ ദൂരെ നല്ലതണ്ണിയിലാണു ‘സൃഷ്ടി പ്രോജക്ട്.’ മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികളുടെ ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനായി 1991ൽ തുടങ്ങിയ കേന്ദ്രമാണിത്.
കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവരുടെ താൽപര്യത്തിനനുസരിച്ചുള്ള ജോലികൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ‘സൃഷ്ടി’യിലെ യൂണിറ്റുകളിൽ ജോലി നൽകി ഇവരെ സ്വയംപര്യാപ്തരാക്കുകയാണ് ലക്ഷ്യം. നൂറിലധികം പേരാണ് ‘സൃഷ്ടി’യിലെ വിവിധ യൂണിറ്റുകളിൽ ജോലി ചെയ്യുന്നത്. ടാറ്റ ട്രസ്റ്റിനു കീഴിലാണ് സൃഷ്ടി പ്രവർത്തിക്കുന്നത്. രത്തൻ ടാറ്റയായിരുന്നു ചെയർമാൻ.
വിദ്യാഭ്യാസത്തിലെ കരുതൽ
തോട്ടം മേഖലയിലെ മാനേജർമാരുടെയും ഉദ്യോഗസ്ഥരുടെയും മക്കൾക്കായി മാട്ടുപ്പെട്ടിയിൽ പ്രവർത്തിച്ചിരുന്ന ടാറ്റ ഹൈറേഞ്ച് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ തൊഴിലാളികളുടെ മക്കൾക്കും പ്രവേശനം നൽകിയതു രത്തൻ ടാറ്റയുടെ നിർദേശപ്രകാരമാണ്. അതുവരെ എസ്റ്റേറ്റുകളിലെ തമിഴ്, മലയാളം മീഡിയം സ്കൂളുകളിലായിരുന്നു തൊഴിലാളികളുടെ കുട്ടികൾ പഠിച്ചിരുന്നത്.
യശസ്സുയർത്തിയ തേയില രുചി
സാധാരണ തേയിലയെ അപേക്ഷിച്ച് പൗഡർ രൂപത്തിലുള്ള (റെഡി ടു മിക്സ്) തേയില ഉൽപാദിപ്പിച്ച് വിദേശത്തേക്ക് അയയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു ടാറ്റ നല്ലതണ്ണിയിൽ ഇൻസ്റ്റന്റ് ടീ ഫാക്ടറി സ്ഥാപിച്ചത്. വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഈ ഫാക്ടറി പ്രവർത്തിക്കുന്നത്. തേയിലച്ചെടിയുടെ ഇലകളിൽ നിന്നു സത്തെടുത്ത് ചെറിയ താപനിലയും മർദവും ഉപയോഗിച്ച് പൗഡർ രൂപത്തിലാക്കുന്നതാണു പ്രക്രിയ. മൂന്നാറിലെ ഈ ഫാക്ടറിയും ടാറ്റയുടെ യശസ്സ് ഉയർത്തിയ തേയില രുചിയുൽപാദന കേന്ദ്രങ്ങളിൽ ഒന്നാണ്.