‘ഡിജിറ്റൽ അറസ്റ്റി’ന് ഉത്തരേന്ത്യൻ സംഘത്തിന്റെ ശ്രമം; എഴുപതുകാരന്റെ 51 ലക്ഷം നഷ്ടപ്പെടാതെ എസ്ബിഐ ജീവനക്കാരൻ കാത്തു
Mail This Article
വൈക്കം ∙ എസ്ബിഐ ജീവനക്കാരന്റെ അവസരോചിതമായ ഇടപെടൽ എഴുപതുകാരന്റെ 51 ലക്ഷം രൂപ നഷ്ടപ്പെടാതെ സംരക്ഷിച്ചു. ‘ഡിജിറ്റൽ അറസ്റ്റി’ലൂടെ വൈക്കം ടിവിപുരം സ്വദേശിയിൽ നിന്ന് 51 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ഉത്തരേന്ത്യൻ സംഘത്തിന്റെ ശ്രമമാണ് വൈക്കം എസ്ബിഐ ശാഖയിലെ സീനിയർ അസോഷ്യേറ്റ് പി.ഹരീഷിന്റെ ഇടപെടലിലൂടെ പരാജയപ്പെടുത്തിയത്.
ടിവിപുരം സ്വദേശിയായ എഴുപതുകാരൻ വർഷങ്ങളോളം ഉത്തരേന്ത്യയിലായിരുന്നു താമസം. ആഴ്ചകൾക്കു മുൻപും ഇദ്ദേഹം രാജസ്ഥാനിൽ പോയിരുന്നു. ഫോണിലേക്ക് ഗ്രേറ്റർ മുംബൈ പൊലീസിന്റേതാണെന്ന വ്യാജേന ആധാർ കാർഡിന്റെ കോപ്പി അയച്ചാണ് തട്ടിപ്പുസംഘം ഭീഷണിപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ ഉത്തരേന്ത്യൻ ബാങ്കിലെ അക്കൗണ്ട് വഴി ബെയ്ജിങ്ങിലേക്ക് അയച്ചുകൊടുത്ത പാഴ്സലിൽ ലഹരിമരുന്ന് ഉൾപ്പെടെയുള്ള സാധനങ്ങൾ ഉള്ളതിനാൽ കസ്റ്റംസ് തടഞ്ഞുവച്ചിരിക്കുകയാണെന്നും ഡിജിറ്റൽ അറസ്റ്റ് ഒഴിവാക്കാൻ വൻ തുക പിഴ ഒടുക്കണം എന്നുമായിരുന്നു സംഘം അറിയിച്ചത്. തുടർന്ന് നിരന്തരം ഭീഷണിപ്പെടുത്തി ഏതൊക്കെ ബാങ്ക് അക്കൗണ്ടിൽ എത്ര രൂപയുണ്ട് എന്നു മനസ്സിലാക്കുകയും ചെയ്തു.
തുടർന്ന് വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ എഴുപതുകാരൻ 51 ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് ഉത്തരേന്ത്യയിലുള്ള മറ്റൊരു അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കാനാണ് ഹരീഷിന്റെ അടുത്തെത്തിയത്. ഇടപാടുകാരൻ നൽകിയ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ സംശയം തോന്നിയ ഹരീഷ് ആർക്കാണ് പണം അയയ്ക്കുന്നത് എന്നു ചോദിച്ചു. മകനാണ് പണം അയയ്ക്കുന്നത് എന്ന് ഇടപാടുകാരൻ മറുപടി നൽകി. മകന്റെ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ഹരീഷ്, അക്കൗണ്ട് വിവരങ്ങൾ വീണ്ടും പരിശോധിച്ചപ്പോൾ ഉത്തരേന്ത്യയിലുള്ള ആളിന്റെ പേരിലേക്കാണ് പണം അയ്ക്കുന്നതെന്നു കണ്ടെത്തുകയായിരുന്നു. ഇടപാടിൽ സംശയം തോന്നിയ ഹരീഷ് അക്കൗണ്ടിലെ ഐഎഫ്എസ്‌സി കോഡ് പരിശോധിക്കാൻ എന്ന രീതിയിൽ വയോധികന്റെ ഫോൺ വാങ്ങി പരിശോധിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് ഉറപ്പു വരുത്തിയത്.
വാട്സാപ്പിൽ കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള വിവിധ സന്ദേശങ്ങൾ പ്രത്യേക നമ്പറിൽ നിന്ന് അയയ്ക്കുന്നതായി ഹരീഷ് കണ്ടെത്തി. നിങ്ങൾ നിരീക്ഷണത്തിലാണ്, നമ്മൾ സംസാരിക്കുന്നത് മറ്റാരും അറിയരുത്, കൈവശം എത്ര രൂപയുണ്ട്, വിവിധ ബാങ്കുകളിലുള്ള പണം ഏതെങ്കിലും ഒരു അക്കൗണ്ടിലേക്ക് ആക്കണം, ബാങ്കിൽ എത്തുമ്പോൾ പണം മകനാണ് അയയ്ക്കുന്നതെന്നു പറയണം, മുറിക്കുള്ളിൽ കയറി ഡോർ കുറ്റിയിട്ട ശേഷം ശബ്ദം താഴ്ത്തി സംസാരിക്കണം എന്നിവ ഉൾപ്പെടെ സന്ദേശത്തിൽ ഉണ്ടായിരുന്നു. ഇടപാടുകാരൻ ബാങ്കിൽ നിൽക്കുമ്പോഴും ഉത്തരേന്ത്യൻ സംഘത്തിന്റെ സന്ദേശങ്ങൾ ഫോണിൽ എത്തിയിരുന്നു.
ഹരീഷ് ഇടപാടുകാരനെ ബാങ്ക് മാനേജരുമായി ബന്ധപ്പെടുത്തി തട്ടിപ്പ് സംശയിക്കുന്നതായി അറിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥർ നിർദേശിച്ചതനുസരിച്ച് ഇടപാടുകാരൻ വൈക്കം പൊലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ വിശദീകരിച്ചു. ഫോൺ പരിശോധിച്ച പൊലീസ് ഇതു തട്ടിപ്പാണെന്നും ബാങ്കുമായി ഉടൻ ബന്ധപ്പെടാനും വയോധികനെ അറിയിച്ചു.
മുൻപും സമാന അനുഭവം
2010ൽ ആണ് ഹരീഷ് എസ്ബിഐയിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചത്. വെച്ചൂർ ശാഖയിൽ നിന്ന് 2 മാസം മുൻപാണ് സ്ഥലം മാറി വൈക്കത്ത് എത്തിയത്. മുൻപും ഇത്തരത്തിൽ വൈക്കത്ത് മറ്റൊരു ഡിജിറ്റൽ തട്ടിപ്പ് നടന്നിട്ടുണ്ട്. അന്ന് ഇടപാടുകാരനോട് ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം പണം അയച്ചാൽ മതിയെന്നു പറഞ്ഞിരുന്നു. ഇടപാടുകാരൻ അനുസരിക്കാതെ പണം അയയ്ക്കുകയും നഷ്ടപ്പെടുകയും ചെയ്തു. ഇത് വലിയ തുക ആയതിനാലാണ് പെട്ടെന്നു സംശയം തോന്നിയതും തട്ടിപ്പ് തിരിച്ചറിയാൻ സാധിച്ചതുമെന്ന് ഹരീഷ് പറഞ്ഞു.