‘ആത്മകഥാ വിവാദം ആസൂത്രിത ഗൂഢാലോചന; ലക്ഷ്യം വ്യക്തിഹത്യയും പാർട്ടിയെ തകർക്കലും’
Mail This Article
ആത്മകഥാ വിവാദത്തെക്കുറിച്ച് ഇ.പി. ജയരാജൻ സംസാരിക്കുന്നു.
പുറത്തുവന്ന ആത്മകഥയെക്കുറിച്ച്?
ഇത് ഗൂഢാലോചനയാണ്. തിരഞ്ഞെടുപ്പുദിവസം തന്നെ ഇതിനായി തിരഞ്ഞെടുത്ത് ആസൂത്രിതമായി പദ്ധതി തയാറാക്കിയതാണ്. ഇതുപോലെ കഴിഞ്ഞ തിരഞ്ഞെടുപ്പിലും, ഒന്നരക്കൊല്ലം മുൻപ് നടന്ന കാര്യം അന്നു നടന്ന സംഭവം പോലെ ചിത്രീകരിച്ചു. ഇതിങ്ങനെ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുകയാണ്. ആസൂത്രിതമാണ് എന്നു വ്യക്തമാണ്. എന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എന്നോട് രണ്ടു പ്രസാധകർ ചോദിച്ചിരുന്നു. പ്രസിദ്ധീകരണത്തിന്റെ നടപടിക്രമങ്ങൾ അങ്ങനെ നിൽക്കുകയാണ്. എല്ലാം പൂർത്തീകരിച്ച് ആകെയൊന്ന് വായിച്ചുനോക്കി പ്രിന്റിങ്ങിലേക്കു കൊടുക്കാം എന്നാണ് ഞാൻ ഉദ്ദേശിച്ചിരിക്കുന്നത്. എല്ലാം തയാറാക്കി, ക്ലിയറായി എഴുതി പ്രിന്റ് ചെയ്യുന്നതിനുവേണ്ടി ഒരാളെ ഏൽപിക്കുകയും ചെയ്യും. അതാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ഇപ്പോൾ കാണിച്ചത് തെമ്മാടിത്തരവും ധിക്കാരവുമാണ്.
ആരാണ് ഗൂഢാലോചനയ്ക്കുപിന്നിൽ?
അതാണ് എനിക്കും അറിയാത്തത്. അന്വേഷിച്ചു കണ്ടെത്തേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. സംശയാസ്പദമായ കാര്യങ്ങളിലൂടെ പറയുന്നത് ശരിയല്ലല്ലോ. ഈ കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. ഇത് ബോധപൂർവമാണ്.
പ്രസാധകർ ഇതുവരെ നിഷേധിച്ചിട്ടില്ലല്ലോ?
അവരെ ഞാനിത് പ്രസിദ്ധീകരിക്കാൻ ഏൽപിച്ചിട്ടില്ല. ഇത് പ്രസിദ്ധീകരിച്ചത് എങ്ങനെ? ഞാൻ ആരെയും അധികാരപ്പെടുത്തിട്ടില്ല; ചുമതലപ്പെടുത്തിയിട്ടില്ല. ഇതുസംബന്ധിച്ച് സമഗ്രമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണം എന്നാണു ഡിജിപിക്കു പരാതി നൽകിയത്.
ഒരു പേജ് പോലും എഴുതിക്കൊടുത്തിട്ടില്ല എന്നാണ് രാവിലെ പറഞ്ഞത്. ഈ 180 പേജും അവർ സ്വന്തം എഴുതിത്തയാറാക്കിയതാണോ?
അതൊക്കെ പരിശോധിക്കേണ്ട കാര്യമാണ്. ഞാൻ ഡിസി ബുക്സിനെ ഇത് പ്രസിദ്ധീകരിക്കാൻ ചുമതലപ്പെടുത്തിയിട്ടില്ല.
ഇതു പ്രസിദ്ധീകരിക്കുന്ന കാര്യം പ്രസാധകർ ചൊവ്വാഴ്ച തന്നെ പുറത്തുവിട്ടിരുന്നല്ലോ?
ഞാൻ അറിയാതെ എങ്ങനെയാണ് പ്രസിദ്ധീകരിക്കുക? ഞാൻ ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം എങ്ങനെയാണ് പ്രസിദ്ധീകരിക്കുക? അവർ ഫെയ്സ്ബുക് പേജിൽ ഇട്ടുവെന്നു പറയുന്നത് ഞാൻ കണ്ടിട്ടില്ല. തികച്ചും തെറ്റായ നിലപാടാണ് അവർ സ്വീകരിച്ചത്. എന്റെ അനുവാദമില്ലാതെ എങ്ങനെയാണ് അവർ എന്റെ ആത്മകഥ പ്രസിദ്ധീകരിക്കുക? അത് പൂർത്തിയായിട്ടില്ല. എഴുതിക്കൊണ്ടിരിക്കുകയാണ്. ഗ്രന്ഥകർത്താവ് പങ്കെടുത്ത്, അദ്ദേഹം എല്ലാവരെയും ക്ഷണിച്ചല്ലേ പുസ്തകം പ്രസിദ്ധീകരിക്കുക. ഞാനെഴുതിയെന്നു പറയുന്ന പുസ്തകത്തിന്റെ പ്രകാശനം ഞാൻ അറിഞ്ഞിട്ടില്ല. അതല്ലേ അന്വേഷിക്കേണ്ടത്. വലിയ ഗൂഢാലോചനയല്ലേ അത്.
താങ്കളെപ്പോലെ മുതിർന്ന നേതാവിന്റെ ആത്മകഥ അവർ അങ്ങനെ പ്രസിദ്ധീകരിക്കുമോ? പ്രചരിപ്പിക്കുമോ?
അത് ഗുരുതരമായ, തെറ്റായ നടപടിയാണ്. ഞാനെഴുതിയ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് (ബുധൻ) പത്തരയ്ക്ക് എന്ന് ഞാൻ ചാനലിലാണ് കേട്ടത്. എന്താണ് രാജ്യത്ത് നടക്കുന്നത്? ഇതുസംബന്ധിച്ച് സമഗ്രമായി അന്വേഷിക്കണം, ശക്തമായ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു ഡിജിപിക്ക് പരാതി കൊടുത്തിട്ടുണ്ട്. നിയമനടപടികളും തുടങ്ങിയിട്ടുണ്ട്.
അടിയുറച്ച പാർട്ടി പ്രവർത്തകനായ താങ്കൾ ആത്മകഥ പ്രസിദ്ധീകരിക്കാൻ എന്തുകൊണ്ട് ചിന്ത ബുക്സിനെ സമീപിച്ചില്ല?
എന്റെയടുത്തേക്കു പ്രധാനമായി വന്നത് ഇവർ രണ്ടുപേരാണ്. ചിന്ത ബുക്സ് വന്നാൽ അവരുമായി സംസാരിക്കും. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുകയാണ്.
പുസ്തകത്തിന്റെ ആദ്യഭാഗത്ത് താങ്കൾ പാർട്ടിയിലേക്കു വന്നതിന്റെയും നേതൃത്വത്തിലെത്തിയതിന്റെയും ചരിത്രമാണ്. അത് എഴുതിയത് താങ്കൾ തന്നെയല്ലേ?
ഞാനത് കണ്ടില്ല. ഞാൻ എഴുതിയ കാര്യങ്ങൾ കൊടുക്കുന്നു. അതനുസരിച്ചു തയാറാക്കി വരുന്നു. ഈ പറയുന്ന കാര്യങ്ങളൊന്നും ഞാൻ കണ്ടിട്ടില്ല.
എഴുതിയ കാര്യങ്ങൾ ആർക്കാണ് കൊടുക്കുന്നത്?
വിശ്വസ്തനായ ഒരു പത്രപ്രവർത്തകനെ ഇത് എഡിറ്റ് ചെയ്തു തയാറാക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിൽനിന്നു പുറത്തുപോകാൻ സാധാരണനിലയിൽ സാധ്യതയില്ല. ഇത് എവിടെനിന്നാണു പോയതെന്നു പരിശോധിക്കണം. ഞാൻ എഴുതാത്ത കാര്യങ്ങളാണ് ഇപ്പോൾ വന്നിട്ടുള്ളത്. എന്നെ പരിഹസിക്കുന്ന ഭാഗം ഇതിന്റെ തലക്കെട്ടായി ഞാൻ കൊടുക്കുമോ?
എത്രനാൾ മുൻപാണ് മാധ്യമപ്രവർത്തകനെ ഏൽപിച്ചത്?
ഞാനിത് കുറച്ചുനാളായി എഴുതാൻ തുടങ്ങിയിട്ട്. ഇപ്പോഴല്ല. കുറേക്കാലമായി എഴുതിക്കൊണ്ടേയിരിക്കുകയാണ്. ചിലപ്പോൾ കുറച്ചെഴുതും. അവ തയാറാക്കിവയ്ക്കും. അത് വാചകശുദ്ധിവരുത്തി തയാറാക്കാൻ പറയും. പ്രസിദ്ധീകരിക്കാൻ ആരുമായും കരാറില്ല. ഞാൻ എന്റെ ആത്മകഥ എഴുതുന്നു. അത് എന്റെ ജീവചരിത്രമാണ്. എന്റെ കഥകളാണ്. നിശ്ചിത പ്രായം വരെയുള്ളത് എഴുതി നിർത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ബാക്കി പിന്നീട്.
പുറത്തുവന്ന പുസ്തകത്തിലെ ഫോട്ടോകൾ താങ്കളുടെ സ്വകാര്യശേഖരത്തിലുള്ളവയല്ലേ?
ഞാനതൊന്നും പോയി നോക്കിയിട്ടില്ല. അതിൽ എന്താണ് ഫോട്ടോ ഉള്ളത്, എന്താണ് കാര്യം ഇതൊന്നും വായിച്ചിട്ടില്ല.
പുസ്തകത്തിന് എന്തെങ്കിലും പേര് താങ്കൾ നിർദേശിച്ചിരുന്നോ?
ഒരുപേരും നിർദേശിച്ചിരുന്നില്ല. കവർ പേജും തീരുമാനിച്ചിട്ടില്ല.
പുറത്തുവന്ന പേജുകൾ വായിച്ചോ?
ഇല്ല. ഞാൻ കണ്ടിട്ടില്ലല്ലോ. എന്റെ കൈവശമുള്ളത് ഞാൻ എഴുതിയത് മാത്രമാണ്.
എത്ര പേജ് എഴുതിക്കൊടുത്തിട്ടുണ്ട്?
ഇരുനൂറ് പേജ് ആയിട്ടുണ്ടാകും.
പ്രസാധകരുമായി പിന്നീട് സംസാരിച്ചോ?
വാർത്ത കണ്ട ഉടൻ രാവിലെ പ്രസാധകനെ വിളിച്ചു. കിട്ടിയില്ല. അദ്ദേഹം വിദേശത്താണ്. ഉടൻ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടു. അരമണിക്കൂറിനുശേഷം വിളിച്ചു. ‘നിങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് ഇതു പ്രസിദ്ധീകരിക്കുന്നത്? നിങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ?’ എന്ന് ഞാനവരോട് ചോദിച്ചു. എന്താണെന്ന് അറിയില്ലെന്നാണ് അദ്ദേഹത്തിന്റെ മറുപടി. കോട്ടയത്തുള്ള ആരോ ചെയ്തെന്നാണ് പറയുന്നത്. ഗുരുതരമായ ക്രിമിനൽ കുറ്റമാണത്. ഞാനെഴുതിയ എന്റെ പുസ്തകം തെറ്റായി വ്യാഖ്യാനിക്കുകയും തെറ്റായ കാര്യങ്ങൾ ഉണ്ടെന്നുപറഞ്ഞ് പ്രചരിപ്പിക്കുകയും ചെയ്തത് ബോധപൂർവമാണ്. ഇതുസംബന്ധിച്ച നടപടികൾ ഉണ്ടാകണം എന്നാണ് ഞാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യക്തിഹത്യ, അതുവഴി പാർട്ടിയെ തകർക്കുക, തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുക – ഇങ്ങനെയുള്ള പല ലക്ഷ്യങ്ങളുമായാണ് ഈ ഗൂഢാലോചന നടക്കുന്നത്.
അത് പാർട്ടിക്കുള്ളിൽ തന്നെയാണോ?
പാർട്ടിക്കുള്ളിലാണോ എന്നത് കണ്ടെത്തിയാലല്ലേ പറയാൻ പറ്റൂ. അത് പരിശോധിക്കണമെന്നു പ്രത്യേകമായി പറയേണ്ടതില്ല. എല്ലാ കാര്യങ്ങളും വസ്തുനിഷ്ഠമായി പരിശോധിച്ച് കാര്യങ്ങൾ നിശ്ചയിക്കുന്ന പാർട്ടിയാണ് സിപിഎം.
സിപിഎമ്മിലെ എല്ലാ വിവാദങ്ങളിലും ഒരുഭാഗത്ത് ഇ.പി. ജയരാജൻ വരുന്നത് എങ്ങനെയാണ്? മനഃപൂർവം സംഭവിക്കുന്നതാണോ?
എന്താണെന്ന് നിങ്ങളൊക്കെ ആലോചിച്ച് നോക്ക്. മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ. ഈ മാവിൽ അൽപം മാങ്ങ കൂടുതലായിരിക്കും.
ആരോപണങ്ങൾ തുടർച്ചയായി വരുമ്പോൾ ആരാണ് അതിനുപിന്നിലെന്ന് താങ്കൾ അന്വേഷിച്ചിട്ടുണ്ടാകില്ലേ?
ഞാൻ അതിനെയൊന്നും ഭയപ്പെടുന്നില്ല; ഭയപ്പെടേണ്ട കാര്യവുമില്ല. തെറ്റു ചെയ്യാത്തവർ ഭയപ്പെടേണ്ടതില്ല. ഇങ്ങനെ എന്തുവന്നാലും എനിക്കു പ്രശ്നമേയല്ല. തെറ്റുചെയ്യാതിരിക്കാനാണ് എപ്പോഴും ഞാൻ ശ്രമിക്കാറുള്ളത്.
താങ്കളുടെയും മാധ്യമപ്രവർത്തകന്റെയും കൈവശം മാത്രമാണല്ലോ ഇതുവരെ എഴുതിയ ഭാഗങ്ങളുള്ളത്. അപ്പോൾ എവിടെനിന്നാണ് ഇതു പുറത്തുപോയത്?
ഇപ്പോൾ വന്നിരിക്കുന്നത് പൂർണമായും മാനിപ്പുലേറ്റ് ചെയ്തത്. ഞാൻ കണ്ടിട്ടുള്ള വാർത്തകൾ – അതെല്ലാം കൃത്രിമമായി തയാറാക്കിയതാണ്. അത് എന്റെ ജീവചരിത്രവുമായി കൂട്ടിക്കുഴയ്ക്കാൻ ഏതോ ആസൂത്രിതമായ ശ്രമം നടന്നിട്ടുണ്ട്.
‘മൂന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് ഞാനീ തുറന്നെഴുത്ത് നടത്തുന്നത്. അത് ഒരുപക്ഷേ വിവാദമായേക്കാം’ എന്നു പറയുന്നുണ്ടല്ലോ.
ഞാനെഴുതിയതല്ല അത്. മാനിപ്പുലേറ്റ് ചെയ്യുന്നവർക്ക് കുറച്ചുബുദ്ധിയുണ്ട് എന്ന് കണക്കാക്കിക്കോ.. അവർക്ക് ഒരു ഉദ്ദേശ്യമുണ്ട്.് അതിന്റെ അടിസ്ഥാനത്തിൽ വാക്കുകൾ ചേർത്തിട്ടുണ്ടാകും എന്നാണ് എന്റെ നിഗമനം.
പ്രസാധകരെ സംശയമുനയിൽ നിർത്തുകയാണോ?
എനിക്ക് അവരെ സംശയം മാത്രമല്ല, ഏറ്റവും വലിയ ക്രിമിനൽ കുറ്റമാണ് അവർ ചെയ്തത്.
എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആത്മകഥയിൽ എഴുതിയിട്ടുണ്ടോ?
എന്നെ മാറ്റിയെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? ഞാൻ ഇപ്പോൾ കൺവീനറല്ല എന്നത് ശരി. എന്നെ മാറ്റിയതാണ് എന്ന് ആരാണ് പറഞ്ഞത്? ഒഴിവാകലും മാറ്റലും ഒരുപോലെയാണോ?