ADVERTISEMENT

‘‘റെയിൽവേ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽദാതാവ്’’– ഇന്ത്യയിലുടനീളം 5000 ത്തോളം സ്ഥാപനങ്ങളുമായി പടർന്നു പന്തലിച്ച സഹാറ ഗ്രൂപ്പിനെ 2004 ൽ ടൈം മാഗസിൻ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. കുപ്പയിൽനിന്നു കോടീശ്വരന്മാരായ നിരവധി പേരുടെ കഥകൾ ഇന്ത്യ എന്ന മഹാരാജ്യത്തിനു പറയാനുണ്ടെങ്കിലും സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയിയുടെ കഥ അതിൽനിന്നൊക്കെ വ്യത്യസ്തമാണ്. വെറും 2000 രൂപയുമായി ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ ഒരു ചിട്ടിക്കമ്പനിയിൽനിന്ന് ഇന്ത്യയാകെ പടർന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യം. പിന്നീട് പണത്തട്ടിപ്പു വിവാദത്തിൽപ്പെട്ട് പൊലീസിനെയും കോടതിയെയും വട്ടംകറക്കി നാടകീയമായി അഴിക്കുള്ളിൽ. അതുവരെയുണ്ടാക്കിയതെല്ലാം ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നതു നോക്കിനിൽക്കേണ്ടി വന്ന നിസ്സഹായത. ഒടുവിൽ ദീർഘനാളത്തെ ആശപത്രിവാസത്തിനു ശേഷം മരണം. സഹാറ ഇന്ത്യ പരിവാർ സ്ഥാപകനും ചെയർമാനുമായ സുബ്രത റോയ് 75 ാം വയസ്സിൽ ഇഹലോകവാസം വെടിയുമ്പോൾ ഇന്ത്യൻ ബിസിനസ് രംഗത്തെ ഒരു യുഗത്തിനു കൂടിയാണ് അന്ത്യമാകുന്നത്. ഫിനാൻസ്, മാധ്യമം, വിനോദം, റിയൽ എസ്റ്റേറ്റ് എന്നിങ്ങനെ സുബ്രത റോയ് വളർത്തിയെടുത്തത്, കൈ വച്ചാൽ പൊള്ളുമെന്ന് അന്നു പലരും കരുതിയ മേഖലകളായിരുന്നു. 

കുപ്പയിൽനിന്നു കോടീശ്വരനിലേക്ക്!

1948 ജൂൺ 10ന് ബിഹാറിലെ അരാരിയിൽ സുധീർ ചന്ദ്ര റോയിയുടെയും ഛബി റോയിയുടെയും മകനായാണ് ജനനം. 1976 ൽ, പ്രതിസന്ധിയിലായ സഹാറ ഫിനാൻസ് എന്ന ചിട്ടിക്കമ്പനി ഏറ്റെടുത്തുകൊണ്ടാണ് ബിസിനസ് രംഗത്തേക്കു ചുവടുവച്ചത്. 1978 ൽ, പഴയ പിയർലെസ് ഗ്രൂപ്പിന്റെ സാമ്പത്തിക മാതൃക പിന്തുടർന്ന് സഹാറയെ അടിമുടി മാറ്റി. കമ്പനിയുടെ പേര് സഹാറ ഇന്ത്യ പരിവാർ എന്നാക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് കണ്ണുചിമ്മുന്ന വേഗത്തിലായിരുന്നു സഹാറ ഗ്രൂപ്പിന്റെ വളർച്ച. 

സുബ്രത റോയിലുടെ നേതൃത്വത്തിൽ വിവിധ മേഖലകളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സമുച്ചയമായി സഹാറ വളർന്നു. 1992 ൽ രാഷ്ട്രീയ സഹാറ എന്ന പേരിൽ ഹിന്ദി ദിനപത്രം തുടങ്ങി. പിന്നാലെ സഹാറ ടിവി ചാനലും ആരംഭിച്ചു. 12 ലക്ഷത്തോളം ജീവനക്കാരും ഒൻപതു കോടി നിക്ഷേപകരും സഹാറയ്ക്കുണ്ടായിരുന്നു. ഇത് രാജ്യത്തെ മൊത്തം കുടുംബങ്ങളുടെ ഏതാണ് 13 ശതമാനമാണ്. 

സുബ്രത റോയ് (File photo/AFP PHOTO / Sujit Jaiswal)
സുബ്രത റോയ് (File photo/AFP PHOTO / Sujit Jaiswal)

മുംബൈയിൽനിന്നു 120 കിലോമീറ്റർ അകലെ ആംബിവാലി സിറ്റി (എഎംസി) നിർമിച്ചും ലണ്ടനിലെ ഗ്രോസ്‌വെനർ ഹൗസ് ഹോട്ടൽ, ന്യൂയോർക്ക് സിറ്റിയിലെ പ്ലാസ ഹോട്ടൽ എന്നിവ ഏറ്റെടുത്തും രാജ്യാന്തര ശ്രദ്ധ നേടിയ സുബ്രത റോയിയും സഹാറയും പിന്നീടങ്ങോട്ട് രാജ്യാന്തര ബിസിനസ് രംഗത്തു സുപരിചിതമായ പേരായി മാറി. കായികമേഖലയിലും പേരു പതിക്കാൻ സഹാറ മറന്നില്ല. ഇന്ത്യൻ ബാഡ്മിന്റൺ ലീഗിലെ എട്ടു ടീമുകളിൽ ഒന്നിന്റെ ഉടമസ്ഥത സഹാറയ്ക്കായിരുന്നു. അതുപോലെ ഇന്ത്യൻ ‌പ്രീമിയർ ലീഗ് ക്രിക്കറ്റിൽ പുണെ വാരിയേഴ്സ് ഇന്ത്യ എന്ന ടീമും സഹാറയുടെ ഉടമസ്ഥതയിലായിരുന്നു. 2012–15 കാലത്ത് ബംഗ്ലദേശ് ക്രിക്കറ്റ് ടീമിനെ സ്പോൺസർ ചെയ്തത് സഹാറയാണ്.

സുബ്രത റോയ് (File AFP PHOTO/ PUNIT PARANJPE)
സുബ്രത റോയ് (File AFP PHOTO/ PUNIT PARANJPE)

എല്ലാ തകർത്ത് സഹാറ തട്ടിപ്പ്

ഇങ്ങനെ ആകാശംമുട്ടെ വളർന്നു നിൽക്കുമ്പോഴാണ് സുബ്രതയ്ക്കു മേൽ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ കണ്ണു പതിയുന്നത്. സെബിയിൽ റജിസ്റ്റർ ചെയ്യാത്ത കടപ്പത്രങ്ങളിലൂടെ ലക്ഷക്കണക്കിനു നിക്ഷേപകരെ വഞ്ചിച്ചെന്ന കേസിൽ 2010 ൽ സെബി അന്വേഷണം ആരംഭിച്ചതോടെ കമ്പനി തിരിച്ചടി നേരിട്ടു. റോഷൻ ലാൽ എന്ന സാധാരണ നിക്ഷേപകൻ അതിനു നാലു വർഷം മുൻപു സെബിക്ക് നൽകിയ പരാതിയാണു സഹാറ ഗ്രൂപ്പിന്റെ വെട്ടിപ്പിന്റെ കഥകൾ പുറത്തു വരാൻ വഴിതുറന്നത്. പിന്നീടിങ്ങോട്ട് രാജ്യം ‍ഞെട്ടിയ തട്ടിപ്പു കഥകളുടെ വാതിൽ തുറക്കുകയായിരുന്നു. 

മൂന്നു കോടി നിക്ഷേപകരിൽനിന്നു സമാഹരിച്ചത് 20,000 കോടി രൂപയാണെന്ന് സെബി കണ്ടെത്തി. ഇടപാടുകളിൽ ഉടനീളം നാടകീയത നിറഞ്ഞതായിരുന്നു സഹാറയുടെ വഴിത്താര. നിക്ഷേപകരുടെ അപേക്ഷകൾ സെബി ഓഫിസിൽ എത്തിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 127 ട്രക്കുകളിൽ 31,669 കാർട്ടണുകൾ നിറയെ അപേക്ഷാ ഫോമുകൾ. ഒപ്പം രണ്ടു കോടി വൗച്ചറുകളും. മുംബൈ നഗരത്തിനു പുറത്തു ട്രക്കുകൾ സൃഷ്‌ടിച്ച ഗതാഗതക്കുരുക്കും വാർത്തയായിരുന്നു. ധനവിപണിക്ക് ചില പുതിയ വാക്കുകൾ പരിചയപ്പെടുത്തിയതും സഹാറയാണ്– ഒഎഫ്‌സിഡി, ഡിആർഎച്ച്‌പി, ആർഎച്ച്‌പി. 

2008 ൽ ജനങ്ങളിൽനിന്നു നിക്ഷേപം സ്വീകരിക്കുന്നത് അവസാനിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സഹാറയോട് ആവശ്യപ്പെട്ടിരുന്നു. അപ്പോൾത്തന്നെ സഹാറയുടെ പൊതു നിക്ഷേപം ഏതാണ്ട് 20,000 കോടി ആയിരുന്നു. പിന്നീട് 2009 സെപ്‌റ്റംബർ 30ന് ഗ്രൂപ്പിന്റെ റിയൽ എസ്‌റ്റേറ്റ് വിഭാഗമായ സഹാറാ പ്രൈം സിറ്റി പ്രാഥമിക ഓഹരി വിൽപനയ്‌ക്കു സെബിയെ സമീപിച്ചു. ഇതിനായി അപേക്ഷ (ഡിആർഎച്ച്‌പി) നൽകി. ഇതിനിടയിലാണു സഹാറയുടെ സ്‌ഥാപനങ്ങളായ സഹാറ ഇന്ത്യ റിയൽ എസ്‌റ്റേറ്റും സഹാറ ഹൗസിങ് ഇൻവെസ്‌റ്റ്‌മെന്റും വൻ തോതിൽ പണം സമാഹരിക്കുന്നതായി സെബി കണ്ടെത്തിയത്. 2009 ഡിസംബർ 25 നും 2010 ജനുവരി നാലിനും രണ്ടു പരാതികൾ കൂടി സെബിക്കു ലഭിച്ചു. ആംബിവാലിയിൽ സഹാറ നിർമിച്ച ടൗൺഷിപ്പിനു വേണ്ടിയായിരുന്നു നിക്ഷേപങ്ങളിൽ കൂടുതലും ഉപയോഗിച്ചത്. മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ‘സഹാറ സിറ്റി’കളും ടൗൺഷിപ്പുകളും അന്ന് വളർന്നു കൊണ്ടിരിക്കുകയായിരുന്നു. 

പൂർണമായും ഓഹരികളാക്കി മാറ്റാവുന്ന (നിർബന്ധമില്ലാത്തത്) കടപ്പത്രങ്ങൾ (ഒഎഫ്‌സിഡി) പുറത്തിറക്കി ഈ കമ്പനികൾ മാസങ്ങളായി വൻ തുക പൊതുജനങ്ങളിൽനിന്നു സമാഹരിച്ചിരുന്നു. ഇതിൽ രണ്ടാമത്തെ പരാതിയാണു റോഷൻ ലാൽ നൽകിയത്. ഇതിനെ അടിസ്‌ഥാനമാക്കിയാണു ഗ്രൂപ്പിനോടു സെബി വിശദീകരണം തേടിയത്. റജിസ്‌ട്രാർ ഓഫ് കമ്പനീസിൽ പ്രോസ്‌പെക്‌ടസ് ഫയൽ ചെയ്‌തതിനു ശേഷമാണ് ഒഎഫ്‌സിഡി വഴി ഗ്രൂപ്പ് പണം സമാഹരിച്ചതെന്നു കണ്ടെത്തി. അൻപതോ അതിൽ കൂടുതലോ നിക്ഷേപകരിൽനിന്നു കടപ്പത്രങ്ങൾ വഴി പണം സമാഹരിക്കാൻ സെബി അനുമതി വേണമെന്ന നിയമം നിലനിൽക്കെയാണ് ഗ്രൂപ്പ് അനുമതിയില്ലാതെ വൻതോതിൽ പണം സമാഹരിച്ചത്. 2010 നവംബർ 24 ന്, നിക്ഷേപകർക്കു പണം തിരികെ നൽകാൻ സെബി ആവശ്യപ്പെട്ടു. 

സുബ്രത റോയ് അമിതാഭ് ബച്ചനൊപ്പം. (Photo by STRDEL / AFP)
സുബ്രത റോയ് അമിതാഭ് ബച്ചനൊപ്പം. (Photo by STRDEL / AFP)

നാടകീയം, നിയമയുദ്ധം

നിക്ഷേപകർക്കു പണം നൽകാൻ വിസ്സമതിച്ചതോടെ സെബിയും സഹാറ ഗ്രൂപ്പും തമ്മിൽ നിയമപോരാട്ടം ആരംഭിച്ചു. നിക്ഷേപകരിൽനിന്നു സമാഹരിച്ച 24,000 കോടി രൂപ അവർക്കു തിരികെ നൽകാൻ 2012 ൽ കോടതി ഉത്തരവിട്ടു. കേസിൽ നേരിട്ടു ഹാജരാകാനുള്ള സുപ്രീം കോടതിയുടെ നിർദേശം പാലിക്കാതെ വന്നതോടെ സുബ്രത റോയിക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. നേരിട്ടു ഹാജരാകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രശസ്‌ത അഭിഭാഷകൻ റാം ജഠ്‌മലാനി ഉൾപ്പെടെ കോടതിയിൽ വാദിച്ചെങ്കിലും സുപ്രീം കോടതി വഴങ്ങിയില്ല. ഇങ്ങനെ എല്ലാ വഴികളും അടഞ്ഞതോടെ സുബ്രത ലക്നൗ പൊലീസിൽ കീഴടങ്ങി. 2014 ൽ സുബ്രത റോയി അറസ്റ്റിലായി. നിക്ഷേപകരിൽനിന്നു സ്വരൂപിച്ച പണം 15 ശതമാനം പലിശയോടെ തിരികെ നൽകണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 

ന്യൂയോർക്കിലെ പ്ലാസ ഹോട്ടൽ (File Photo: REUTERS/Peter Morgan/Files )
ന്യൂയോർക്കിലെ പ്ലാസ ഹോട്ടൽ (File Photo: REUTERS/Peter Morgan/Files )

അസാധാരണ ജീവിതം നയിച്ച സുബ്രതയുടെ ജയിൽവാസവും സാധാരണമായിരുന്നില്ല. ലക്ഷങ്ങൾ പൊടിച്ചു തന്നെയായിരുന്നു താമസം. സുബ്രത 57 ദിവസം ജയിലിൽ കിടന്നതിന് തീഹാർ ജയിലിന് സഹാറ ഗ്രൂപ്പ് നൽകിയത് 31 ലക്ഷം രൂപയാണ്. ശീതീകരിച്ച മുറി, ഇന്റർനെറ്റ്, വിഡിയോ, ഫോൺ സൗകര്യം എന്നിവ ഉപയോഗിച്ചതിനായിരുന്നു ഇത്രയും തുക. ന്യൂയോർക്ക്, ലണ്ടൻ എന്നിവിടങ്ങളിലെ ആഡംബര ഹോട്ടലുകൾ വിൽക്കുന്നതിന് ഇടപാടുകാരുമായി ചർച്ച നടത്തുന്നതിനാണ് ഈ സൗകര്യങ്ങൾ ഉപയോഗിച്ചത്. ഓഗസ്‌റ്റ് അഞ്ചു മുതൽ സെപ്‌റ്റംബർ 30 വരെയാണ് പ്രത്യേക സൗകര്യങ്ങൾ ഉപയോഗിച്ചു റോയ് താമസിച്ചത്. റോയിക്ക് ജാമ്യം ലഭിക്കാൻ സെബിയിൽ 10,000 കോടി രൂപ നിക്ഷേപിക്കാൻ പണം സമാഹരിക്കാനാണ് ഹോട്ടലുകൾ വിൽക്കാൻ തീരുമാനിച്ചത്. 

എന്നാൽ അതൊന്നും പൂർണമായും ഫലം കണ്ടില്ല. തുടർന്ന് സുബ്രതയുടെ പല സ്വത്തുവകകളും ആദായനികുതി വകുപ്പ് മരവിപ്പിച്ചു. മരിച്ചുപോയ അമ്മയുടെ അന്ത്യകർമങ്ങൾ നടത്തുന്നതിനായി റോയിക്ക് 2017 മേയിൽ നാലാഴ്ചത്തേക്ക് ആദ്യ ജാമ്യം അനുവദിച്ചു, പിന്നീട് അത് ഒക്ടോബർ 24 വരെ നീട്ടി. അതിനുശേഷം പല കാരണങ്ങളാൽ ജാമ്യം നീട്ടുന്നതിൽ അദ്ദേഹം വിജയിച്ചു. എന്നാൽ 2020 ൽ, പലിശയും പിഴയും ഉൾപ്പെടെ 62,600 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകിയില്ലെങ്കിൽ സുബ്രതയുടെ പരോൾ റദ്ദാക്കുമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 2023ൽ നിക്ഷേപകർക്ക് 45 ദിവസത്തിനുള്ളിൽ റീഫണ്ട് ക്ലെയിം ചെയ്യാൻ കഴിയുന്ന ഒരു സഹാറ റീഫണ്ട് പോർട്ടലും കേന്ദ്രം ആരംഭിച്ചു.

സ്വപ്ന നഗരം, ക്ഷേമപ്രവർത്തനങ്ങൾ

വിവാദങ്ങൾക്കിടയിൽപ്പെട്ട് സാമ്രാജ്യം നഷ്ടപ്പെട്ടെങ്കിലും സുബ്രത സൃഷ്ടിച്ച ആംബിവാലി എന്ന ചെറുനഗരം നമ്മെ അദ്ഭുതപ്പെടുത്തും. പുണെയ്ക്കു സമീപം ലോണാവാല മലനിരകളോടു ചേർന്നുള്ള ടൗൺഷിപ്പാണിത്. പശ്ചിമഘട്ടത്തിലെ സഹ്യാദ്രി മലനിരകളിൽ 10,600 ഏക്കർ (4,300 ഹെക്ടർ) വ്യാപിച്ചുകിടക്കുന്ന സ്വപ്ന നഗരം. ലോണാവാലയിൽനിന്ന് 23 കിലോമീറ്ററും പുണെയിൽനിന്ന് 87 കിലോമീറ്ററും മുംബൈയിൽനിന്ന് 120 കിലോമീറ്ററുമാണ് ദൂരം.

2017 ഏപ്രിൽ 27ന് സുപ്രീം കോടതിയിൽ ഹാജരാകാനെത്തിയ സുബ്രത റോയ്(PTI Photo)
2017 ഏപ്രിൽ 27ന് സുപ്രീം കോടതിയിൽ ഹാജരാകാനെത്തിയ സുബ്രത റോയ്(PTI Photo)

കൃത്രിമ ജലാശയങ്ങളിലും കൃത്രിമ ബീച്ചിലും ബോട്ടിങ്ങും സർഫിങ്ങും അടക്കമുള്ള വിനോദോപാധികൾ, വില്ലകൾ, അപ്പാർട്മെന്റുകൾ, ഹോട്ടൽ, ഗോൾഫ് കോഴ്സ്, എയർസ്ട്രിപ്, ഷോപ്പിങ് പ്ലാസകൾ, ആശുപത്രി, ഇന്റർനാഷനൽ സ്കൂൾ എന്നിവ ഈ നഗരത്തിലുണ്ട്. സുബ്രത റോയിയുടെ അറസ്റ്റോടെ ആംബിവാലിയും പ്രതിസന്ധിയിലായിരുന്നു. അഞ്ചു കോടിയോളം രൂപ നികുതി കുടിശിക അടയ്ക്കാത്തതിനെ തുടർന്നു 2016 ൽ മഹാരാഷ്ട സർക്കാർ ടൗൺഷിപ് അടച്ചുപൂട്ടിയിരുന്നു. പിന്നീട് തുക അടച്ചതോടെ മണിക്കൂറുകൾക്കകം തുറന്നുകൊടുക്കുകയും ചെയ്തു. 

ആംബിവാലി മാത്രമല്ല, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ റോയിയുടെ സ്വാധീനവും സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്ക് അദ്ദേഹം നൽകിയ സാമ്പത്തിക സേവനങ്ങളും എടുത്തുപറയേണ്ടതാണ്. 2013 ൽ ഉത്തരാഖണ്ഡ് പ്രളയബാധിത മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹാറ നേതൃത്വം നൽകിയിരുന്നു. കാർഗിൽ യുദ്ധത്തിൽ രക്തസാക്ഷികളായ 127 പേരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയ സഹാറ ഗ്രൂപ്പിനെ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പ്രശംസിച്ചിരുന്നു. ഇത് സഹാറയുടെ മാനുഷിക പ്രവർത്തനങ്ങളിൽ ചിലതു മാത്രമാണെന്നും പറയേണ്ടിവരും.

കണ്ടുപഠിക്കണമെന്ന് ഒരുകാലത്ത് ബിസിനസുകാർ മക്കളെ പറഞ്ഞു പഠിപ്പിച്ച പേരായിരുന്നു സുബ്രതയുടേത്. എന്നാൽ അവർ തന്നെ അതു വൈകാതെ തിരുത്തി. അപ്പോഴും ഒരു ബിസിനസ് സാമ്രാജ്യത്തെ വളർത്തി വലുതാക്കി ഉയരങ്ങളിലെത്തിച്ച സുബ്രതയുടെ നേട്ടങ്ങളെ മറക്കാൻ ഇന്ത്യയ്ക്കാകുന്നില്ല; ഒടുവിൽ തകർച്ചയിലേക്കു കൂപ്പുകുത്തിയിട്ടും..

English Summary:

The rags to riches story; The rise and fall of Subrata Roy who dies at 75

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com