കടയിലെത്തിയത് 2 പേർ; ബിസ്ക്കറ്റും റസ്ക്കും തേങ്ങയും വാങ്ങി, കോൾ വിളിക്കാൻ ഫോൺ വാങ്ങി: കടയുടമ
Mail This Article
കൊല്ലം∙ ഓയൂരിൽ ട്യൂഷനു പോകുകയായിരുന്ന ആറു വയസ്സുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചത് പാരിപ്പള്ളി സ്വദേശിനിയായ കടയുടമയുടെ ഫോണിൽനിന്നാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേർ സാധനങ്ങൾ വാങ്ങാനെത്തി ഒരു കോൾ വിളിക്കാനുണ്ടെന്ന് പറഞ്ഞു കടയുടമയുടെ ഫോൺ ആവശ്യപ്പെടുകയായിരുന്നു.
‘‘ഏഴര കഴിഞ്ഞപ്പോൾ രണ്ടുപേരെത്തി ബിസ്ക്കറ്റ് ചോദിച്ചു. ഓട്ടോയിലാണു രണ്ടുപേരും വന്നത്. ഒരു സ്ത്രീയും പുരുഷനുമാണ് വന്നത്. ഓട്ടോ കടയുടെ കുറച്ചു മുന്നിലായിട്ടാണ് ഇട്ടത്. ബിസ്ക്കറ്റും റസ്ക്കും മൂന്നു തേങ്ങയും വാങ്ങി. ഒരു കോൾ വിളിക്കട്ടെ, എന്താണ് വേണ്ടതെന്ന് ചോദിക്കാനാണെന്നു പറഞ്ഞ് എന്റെ ഫോൺ വാങ്ങി. ഫോൺ കൊടുത്തപ്പോൾ അതുവാങ്ങി അവർ ഇത്തിരി മുന്നോട്ട് പോയി.
ഓരോ സാധനങ്ങളും എടുത്ത് പൊതിഞ്ഞുകൊണ്ടിരിക്കുമ്പോൾ ഫോൺ തിരികെ തന്നു. അഞ്ഞൂറിന്റെ നോട്ട് തന്നു, ബാക്കി പൈസ തിരിച്ചു കൊടുത്തു. മാസ്ക് ധരിച്ചിരുന്നില്ല. ഭാര്യയും ഭർത്താവുമാണെന്നാണു വിചാരിച്ചത്. സ്ത്രീക്ക് 35 വയസ്സു കാണും. ഷാൾ തലയിലിട്ടതുകൊണ്ട് ശ്രദ്ധിച്ചില്ല. പുരുഷന് പ്രായം 50 വയസ്സിനടുത്തു കാണും. രണ്ടുപേരെയും കണ്ടാൽ തിരിച്ചറിയും. ഗ്ലാസ് കഴുകിക്കൊണ്ട് നിൽക്കുമ്പോൾ പൊലീസ് വിളിച്ചു. എവിടെ നിൽക്കുന്നെന്ന് ചോദിച്ചു. കടയടയ്ക്കരുതെന്നും ഉടൻ വരുമെന്നും പൊലീസ് പറഞ്ഞു.’’– കടയുടമ പറഞ്ഞു.