‘മുഖ്യമന്ത്രിയെ വേദിയിലിരുത്തി ആക്ഷേപിക്കില്ല; എംടിയെ വെറുതെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്’
Mail This Article
കണ്ണൂർ∙ എം.ടി.വാസുദേവൻ നായർ വിമർശിച്ചത് കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയുമാണെന്ന് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. മുഖ്യമന്ത്രിയെ വേദിയിലിരുത്തിക്കൊണ്ട് കേരളത്തെയും അദ്ദേഹത്തെയും ആക്ഷേപിക്കാനുള്ള ഒരു സാഹചര്യവും കാണുന്നില്ലെന്നും എംടിയെ വെറുതെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുതെന്നും ഇ.പി. ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു.
‘‘എനിക്ക് കേട്ടപ്പോൾ അത് കേന്ദ്ര സർക്കാരിന് എതിരായ വിമർശനമായാണു തോന്നിയത്. ഫാഷിസ്റ്റ് ഭീകരത, ജനാധിപത്യ നിഷേധം, പാർലമെന്ററി സമ്പ്രദായത്തിനുനേരെയുള്ള ആക്രമണം, സംഘപരിവാറിന്റെ ഫാഷിസ്റ്റ് നടപടികൾ തുടങ്ങിയവയ്‌ക്കെതിരെ ആണെന്നാണ് എനിക്കു തോന്നിയത്. കാരണം കഴിഞ്ഞ പാർലമെന്റ് സമാപിക്കുമ്പോൾ 146 എംപിമാരെ പുറത്താക്കി. ഇന്ത്യയുടെ ചരിത്രത്തിൽ ഇല്ലാത്ത ഒരു സംഭവമാണിത്. എംപിമാരെ പുറത്താക്കിയിട്ട്, ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷനെ നിശ്ചയിക്കാൻ അവകാശമുള്ള സമിതിയെ മാറ്റാനുള്ള ഭേദഗതിയാണു പാസാക്കിയത്. ജനാധിപത്യത്തിനു നേരെയുള്ള ഏറ്റവും വലിയ ആക്രമണമല്ലേ ഇത്? ഇങ്ങനെയുള്ള സംഭവങ്ങളൊക്കെ കാണുമ്പോൾ സ്വാഭാവികമായും സാഹിത്യകാരന്മാരും സാംസ്കാരിക നായകന്മാരും രാഷ്ട്രീയക്കാരുമൊക്കെ ഈ ഫാഷിസ്റ്റ് പ്രവണതകൾക്കെതിരെ പ്രതികരിക്കും.
എനിക്ക് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോൾ തോന്നിയതാണ് ഞാൻ പ്രതികരിച്ചത്. നേതൃപൂജയെ ഏറ്റവും അധികം എതിർക്കുന്നത് സിപിഎം തന്നെയാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടേത് ഒരു കലക്ടീവ് ലീഡർഷിപ്പാണ്. അതുകൊണ്ട് നേതൃപൂജയെ എല്ലാക്കാലവും സിപിഎം എതിർത്തിട്ടുണ്ട്, അതു സ്വീകരിച്ചിട്ടില്ല. എന്നാൽ ഈ സമൂഹത്തിൽ വ്യക്തികൾക്കുള്ള പ്രത്യേകതകളെ ആരും നിഷേധിക്കുന്നില്ല. പ്രാപ്തിയുള്ള ഒട്ടനവധി പ്രതിഭകൾ പല രംഗങ്ങളിലുമുണ്ട്. അത്തരം ആളുകളുടെ കഴിവിനെ ആരെങ്കിലും നിഷേധിക്കുന്നുണ്ടോ?
എംടി സാഹിത്യരംഗത്തെ അതികായനാണ്. രാഷ്ട്രീയ രംഗത്ത് ഒട്ടനവധി നേതാക്കളുണ്ട്. അതിനെ ആളുകൾ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യും. മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി കേരളത്തെയോ മുഖ്യമന്ത്രിയെയോ ആക്ഷേപിക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ല. പക്ഷേ ഇടതുപക്ഷ വിരോധികൾ, ഇടതുപക്ഷ സർക്കാരിനെ എതിർക്കുന്നവർ, മുഖ്യമന്ത്രിയെ ആക്ഷേപിക്കാൻ നടക്കുന്ന കുറേ ആളുകൾ– ഏതിനെയും മുഖ്യമന്ത്രിക്കും ഇടതുപക്ഷ സർക്കാരിനുമെതിരെ തിരിച്ചുവിടാനുള്ള അവരുടെ നിലപാടിന്റെ ഭാഗമായാണ് എംടിയുടെ പ്രസംഗമെടുത്ത് വിവാദമാക്കിയത്. എംടിയെപ്പോലെ സാഹിത്യരംഗത്തെ ഒരു വലിയ പ്രതിഭയെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുത്. വളരെ പ്രായമായിട്ടുപോലും സാഹിത്യരംഗത്ത് നിറഞ്ഞുനിൽക്കുന്ന ആ വലിയ മനുഷ്യനെ ഉപദ്രവിക്കാതെ വിടൂ.
Read Also:എംടിയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരെയല്ല; മാധ്യമങ്ങളുടെ ശ്രമം മോദിയെ രക്ഷിക്കാൻ: അശോകൻ ചരുവിൽ
എനിക്ക് പ്രസംഗം കേട്ടപ്പോൾ ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും എതിരായ വിമർശനമായാണ് തോന്നിയത്. ഇതൊക്കെ ഇടതുപക്ഷത്തിന് എതിരായിട്ടാണെന്നു നിരീക്ഷിക്കുന്നത് ഇടതുപക്ഷ വിരുദ്ധത നിലപാട് സ്വീകരിക്കുന്ന ചിന്തകരും പത്രപ്രവർത്തകരും രാഷ്ട്രീയക്കാരുമാണ്. അത്തരത്തിലാണ് യുഡിഎഫും പ്രചരിപ്പിക്കുന്നത്.’’– ഇ.പി.ജയരാജൻ പറഞ്ഞു.
ഇന്നലെ കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തിൽ മുഖ്യാതിഥിയായി എംടി നടത്തിയ പ്രസംഗമാണ് ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയത്. ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്ന് എം.ടി.വാസുദേവൻ നായർ പറഞ്ഞു. അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടി എന്നും അദ്ദേഹം പറഞ്ഞു. നയിക്കാൻ ഏതാനുംപേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കൽപത്തെ മാറ്റിയെടുക്കാൻ ഇഎംഎസ് എന്നും ശ്രമിച്ചെന്നും നേതൃപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നത് അതുകൊണ്ടാണെന്നും ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എംടി പറഞ്ഞു.