ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സമഗ്രാധിപത്യം മുണ്ടുടുത്തോ കുർത്തയിട്ടോ വന്നു മുന്നിൽ നിന്നാലും ഭയപ്പാടോടെ, വിനീതവിധേയനായി, കയ്യിലെരിയുന്ന ബീഡി താഴെയിട്ട് അതിന്റെ കനൽ കാലുകൊണ്ടു ചവിട്ടിക്കെടുത്തുകയോ മടക്കിക്കുത്തിയ മുണ്ട് അഴിച്ചിട്ടു നടുവളച്ചു നിൽക്കുകയോ ചെയ്യുന്ന പതിവ് എം.ടി.വാസുദേവൻ നായർക്കില്ല. മുത്തങ്ങ വെടിവയ്പിനെതിരെയും നോട്ടുനിരോധനത്തിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചതു കൊടിയുടെ നിറം നോക്കിയല്ല; സ്വന്തം മനഃസാക്ഷിയിലേക്കു നോക്കിയാണ്. തീവ്രമായ സാമൂഹികബോധമുള്ള എംടി എഴുത്തുകാരന്റെ സ്വകാര്യതയും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധാലുവായതുകൊണ്ടുതന്നെ നിരന്തരമായ പരസ്യപ്രതികരണങ്ങൾക്കു മുതിരാറില്ല. ആരുടെയും ഔദാര്യവും അധികാരത്തിന്റെ അപ്പക്കഷ്ണങ്ങളും പ്രതീക്ഷിക്കാത്തതുകൊണ്ട് രാഷ്ട്രീയവിധേയത്വം തെളിയിക്കേണ്ട ഗതികേടും അദ്ദേഹത്തിനില്ല. 

ആരെയും കൂസാത്ത ആ തലയെടുപ്പാണ് അധികാരമുഷ്കിനെതിരെ ആഞ്ഞടിച്ചു കോഴിക്കോട്ടു നടത്തിയ പ്രഭാഷണത്തിലും കണ്ടത്. വാസ്തവത്തിൽ ഇന്നലെ എംടി വായിച്ചതു പുതിയൊരു പ്രഭാഷണമായിരുന്നില്ല. 2003ൽ പ്രസിദ്ധീകരിച്ച ‘സ്നേഹാദരങ്ങളോടെ’ എന്ന പുസ്തകത്തിൽ ‘ചരിത്രപരമായ ഒരാവശ്യം’ എന്ന ലേഖനം കാണാം. ‘ഇഎംഎസ് എന്ന പ്രതിഭയെക്കുറിച്ച്’ എന്ന അടിക്കുറിപ്പും അതിനു ചുവട്ടിലുണ്ട്. ‘തിരഞ്ഞെടുത്ത ലേഖനങ്ങൾ’ എന്ന സമാഹാരത്തിലും ഈ ലേഖനം ചേർത്തിട്ടുണ്ട്. പ്രഭാഷണത്തിന്റെ തുടക്കത്തിലും അവസാനത്തിലുമുള്ള രണ്ടു വരികൾ മാത്രമാണ് കൂട്ടിച്ചേർത്തത്. ഇടയ്ക്കുള്ള ചില വരികൾ ഒഴിവാക്കുകയും ചെയ്തു.

mt-books-speech-pages
‘ചരിത്രപരമായ ഒരാവശ്യം’ എന്ന ലേഖനം

അധികാരപ്രമത്തതയെക്കുറിച്ച് രണ്ടു പതിറ്റാണ്ടു മുൻപ് താൻ നടത്തിയ നിരീക്ഷണങ്ങൾ ഇന്നും പ്രസക്തമാണെന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ടാവണം എംടി പുതിയൊരു പ്രസംഗത്തിനു മുതിരാതെ പഴയ ലേഖനം തന്നെ തിരഞ്ഞെടുത്തത്. ആൾക്കൂട്ട മനഃശാസ്ത്രത്തെയും അമിതാധികാര പ്രവണതകളെയും കുറിച്ച് അന്വേഷിക്കുകയും എഴുതുകയും ചെയ്തിട്ടുള്ള വിൽഹെം റിഹിനെയും ഏലിയാസ് കനെറ്റിയും പോലുള്ളവരെ ആഴത്തിൽ വായിക്കുകയും ഉൾക്കൊള്ളുകയും ചെയ്ത ആളാണ് എംടിയെന്ന് അദ്ദേഹത്തിന്റെ കുറിപ്പുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും കടന്നുപോയിട്ടുള്ളവർ തിരിച്ചറിഞ്ഞിട്ടുണ്ടാകും. ഇഎംഎസിനെ മുൻനിർത്തി എഴുതിയ ഒരു ലേഖനം തന്നെ വീണ്ടും തിരഞ്ഞെടുത്തത് അത് അവസരോചിതമാകുമെന്ന തീർച്ച എംടിക്കുള്ളതുകൊണ്ടായിരിക്കണം. അനാവശ്യമായ ഒരു വാക്കോ വരിയോ വച്ചുപൊറുപ്പിക്കുന്നയാളല്ല എംടിയിലെ പത്രാധിപരും എഴുത്തുകാരനും. അനുചിതമായ ഒരു വാക്കും ആ നാവിൽനിന്നോ പേനയിൽനിന്നോ വന്നതിനു തെളിവുകളുമില്ല. 

‘ചരിത്രപരമായ ഒരാവശ്യം’ എന്ന ലേഖനത്തിൽ എംടി കുറിക്കുന്നു: 

‘57ൽ ബാലറ്റുപെട്ടിയിലൂടെ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു. അതോടെ ലക്ഷ്യം നേടിയെന്ന അലംഭാവത്തിൽ എത്തിപ്പെട്ടവരുണ്ടാകാം. അതൊരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളിൽ ഇരമ്പിക്കൂടിയും വോട്ടുപെട്ടികൾ നിറച്ചും സഹായിച്ച ആൾക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള ഒരു സമൂഹമാക്കി മാറ്റിയെടുക്കാനുള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇഎംഎസ് സമാരാധ്യനാവുന്നത്; മഹാനായ നേതാവാവുന്നത്. അധികാരത്തിലേറിയതിനു ശേഷമുള്ള നാലു പതിറ്റാണ്ടുകളിലെ ജീവിതകാലത്തും അദ്ദേഹം നിരന്തരമായി ആ യത്നം തുടർന്നതുകൊണ്ടാണ് അദ്ദേഹം ചരിത്രത്തിന്റെ ഭാഗമാവുന്നത്’. ഇഎംഎസിനെ മുൻനിർത്തി ദുരധികാരത്തിന്റെ വിപത്തുകളെക്കുറിച്ച് ഓർമിപ്പിക്കുകയായിരുന്നു എംടി. 

mt-books-speech

‘അധികാരത്തിന്റെ പരിവേഷം’ എന്ന എംടിയുടെ ലേഖനം ഒരിക്കൽക്കൂടി ആരെങ്കിലും പ്രസിദ്ധീകരിക്കേണ്ടതാണ്. ഏലിയാസ് കാനെറ്റിയുടെ ‘ആൾക്ക‍ൂട്ടങ്ങളും അധികാരവും’ എന്ന പ്രശസ്തമായ ഗ്രന്ഥത്തെ മുൻനിർത്തിയുള്ള വിചാരങ്ങൾ ഇന്നും പ്രസക്തമാണ്. ആ ലേഖനത്തിൽ എംടി ടോൾസ്റ്റോയിയുടെ വരികൾ ഓർമിക്കുന്നുണ്ട്: ‘ഞാൻ മനുഷ്യന്റെ മുതുകത്തിരിക്കുന്നു. അവന്റെ കഴുത്ത് ഞെക്കിക്കൊണ്ട് എന്നെ ചുമക്കാൻ അവനെ ശാസിക്കുമ്പോഴും ഞാൻ എന്നോടും മറ്റുള്ളവരോടും ഉറപ്പു പറയുന്നു. അവനെപ്പറ്റി എനിക്കും ദുഃഖമുണ്ട്. അവന്റെ ഭാരം കുറയ്ക്കാൻ ഞാനാഗ്രഹിക്കുന്നു. അതിനുവേണ്ടി പുറത്തുനിന്ന് ഇറങ്ങുക എന്നതൊഴിച്ചുള്ള മറ്റെല്ലാ മാർഗങ്ങളും ഞാൻ നോക്കുന്നുണ്ട്’. സ്വേച്ഛാധിപതിയുടെ ചിന്താഗതിയെപ്പറ്റിയാവാം ടോൾസ്റ്റോയ് ഈ വരികൾ ഓർമിച്ചിരിക്കുകയെന്നും എംടി പറയുന്നു.

ഹെയ്തിയിലെ സ്വേച്ഛാധിപതിയായിരുന്ന പാപ്പ ടോക്ദുവാലിയേർ മരിച്ചുകഴിഞ്ഞിട്ടും അയാളുടെ ശരീരത്തിൽനിന്നു പ്രസരിച്ച ഭയത്തിന്റെ തരംഗങ്ങൾ വലയം ചെയ്തപ്പോൾ ജനങ്ങൾ ഭ്രാന്തിളകിയവരെപ്പോലെ തെരുവിൽ കലാപം സൃഷ്ടിച്ചതിനെക്കുറിച്ച് അദ്ദേഹം എടുത്തെഴുതുന്നുണ്ട്. റോമൻ ചരിത്രത്തിൽനിന്ന് ജോസഫസ്സിന്റെ കഥയും കാനെറ്റി പറയുന്നുണ്ട്. ഭീഷണികൾ തന്റെ അടുത്തെത്താതിരിക്കാൻ ശ്രദ്ധിക്കുന്ന അധികാരിയെക്കുറിച്ചുള്ള കാനെറ്റിയുടെ വരികൾ എംടി ഉദ്ധരിക്കുന്നു: ‘എതിർപ്പിനെ വെല്ലുവിളിക്കാനും നേരിടാനും ഒരുങ്ങാതെ ഏറ്റുമുട്ടലിൽ താൻ തോൽക്കുമെന്നറിഞ്ഞ് അയാൾ ഒഴിഞ്ഞുമാറുന്നു. ആപത്ത് അടുത്തേക്കു വരുമ്പോൾ അകലെനിന്നും കാണാൻ പാകത്തിൽ അയാൾ തന്റെ ചുറ്റും ശൂന്യമായ ഒരു സ്ഥലം സൃഷ്ടിക്കുന്നു’. 

ഈ ഗ്രന്ഥവും ഗ്രന്ഥകാരനും ഇവിടെ ഇന്നും വേണ്ടത്ര അറിയപ്പെടാത്തതെന്തെന്നു ചോദിച്ചുകൊണ്ട് ലേഖനം അവസാനിപ്പിക്കുന്ന എംടി അതിനുമുൻപ് ഒരിക്കൽക്കൂടി കാനെറ്റിയെ ഉദ്ധരിക്കുന്നു: ‘അയാളെ (അധികാരിയെ) സ്വന്തം സങ്കേതത്തിൽനിന്നു പുറത്തുകൊണ്ടുവന്ന് അയാളെന്താണ് എന്നും ആരായിരുന്നു എന്നും കാണിക്കുവാനാണ് ഞാൻ ശ്രമിച്ചത്. അയാൾ ചിലപ്പോൾ വീരനായകനായി വാഴ്ത്തപ്പെടുന്നു. ഭരണാധിപനായി അനുസരിക്കപ്പെടുന്നു. പക്ഷേ അടിസ്ഥാനപരമായി എന്നും അയാൾ ഇതായിരുന്നു. അയാളുടെ വംശം നശിച്ചിട്ടില്ല. അയാളുടെ അദ്ഭുതകരമായ ചില വിജയങ്ങൾ നമ്മുടെ കാലഘട്ടത്തിലുണ്ടായി. മാനുഷികമൂല്യത്തെ സ്നേഹിച്ച ജനതയ്ക്കിടയിൽ വച്ചു പോലും. അയാളുടെ പ്രശസ്തിയുടെ പ്രഭാവലയവും പ്രച്ഛന്നവേഷവും നീക്കി, അയാളെ ശരിക്കും കാണാനുള്ള കരുത്ത് നാമാർജിക്കുന്നതുവരെ അയാൾ നിലനിന്നുകൊണ്ടേയിരിക്കും’. 

അമിതാധികാരത്തെക്കുറിച്ചും അതിന്റെ ഭീഷണമായ പ്രയോഗങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന ആൾക്കൂട്ട വിഭ്രാന്തികളെക്കുറിച്ചും എംടി വേണ്ടതിലേറെ വായിച്ചിട്ടും മനസ്സിലാക്കിയിട്ടുമുണ്ടെന്നതിന്റെ തീവ്രസാക്ഷ്യങ്ങളിൽ ചിലതു മാത്രമാണിത്. എംടി അമ്പു തൊടുത്തത് ദുരധികാരത്തിനു നേർക്കായിരുന്നു; ഉന്നമാകട്ടെ കിറുകൃത്യവുമായിരുന്നു.

English Summary:

A Stirring Call for Correction and Clarity, MT read article on 'Historical Necessity' from the book 'Snehadarathode' published in 2003.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com