‘പറഞ്ഞത് യാഥാർഥ്യം, ആത്മവിമർശനത്തിനു വഴിയൊരുക്കിയാൽ നല്ലത്’: നേതൃപൂജയ്ക്കെതിരായ വിമർശനത്തിൽ എംടിയുടെ വിശദീകരണം
Mail This Article
കോഴിക്കോട് ∙ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെ, നേതൃപൂജയ്‌ക്കെതിരെ നടത്തിയ വിമർശനത്തിൽ എം.ടി.വാസുദേവൻ നായരുടെ വിശദീകരണം. സാഹിത്യകാരൻ എൻ.ഇ.സുധീർ തന്റെ ഫെയ്സ്ബുക് പോസ്റ്റിലാണ് എംടിയുടെ വിശദീകരണം പുറത്തുവിട്ടത്. ‘‘ഞാൻ വിമർശിക്കുകയായിരുന്നില്ല, ആർക്കെങ്കിലും ആത്മവിമർശനത്തിനു വഴിയൊരുക്കിയാൽ അത്രയും നല്ലത്’’ എന്നാണ് എംടിയുടെ വിശദീകരണത്തിന്റെ ഉള്ളടക്കം.
Read more at: സ്വാതന്ത്ര്യം ഔദാര്യമല്ല: എംടിയുടെ പ്രസംഗത്തിന്റെ പൂർണരൂപം
ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നാണു കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (കെഎൽഎഫ്) മുഖ്യാതിഥിയായി നടത്തിയ പ്രസംഗത്തിൽ എംടി തുറന്നടിച്ചത്. അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടി. നയിക്കാൻ ഏതാനുംപേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കൽപത്തെ മാറ്റിയെടുക്കാൻ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നത് അതുകൊണ്ടാണെന്നും ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എംടി പറഞ്ഞു.
എൻ.ഇ.സുധീറിന്റെ കുറിപ്പിൽനിന്ന്:
വീട്ടിൽ ചെന്നു കണ്ടപ്പോൾ കെഎൽഎഫ് ഉദ്ഘാടന വേദിയിൽ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയാറാക്കി വച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട രാഷ്ട്രീയ വിമർശനമാവുമെന്നു ഞാനും കരുതിയിരുന്നില്ല. വൈകിട്ടു കണ്ടപ്പോൾ ഞങ്ങൾ അതെപ്പറ്റി സംസാരിച്ചു.
എംടി എന്നോട് പറഞ്ഞത് ഇതാണ്: ‘‘ഞാൻ വിമർശിക്കുകയായിരുന്നില്ല. ചില യാഥാർഥ്യം പറയണമെന്നു തോന്നി, പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിനു വഴിയൊരുക്കിയാൽ അത്രയും നല്ലത്’’. തന്റെ കാലത്തെ രാഷ്ട്രീയ യാഥാർഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു എംടി. കാലം അങ്ങയോടു കടപ്പെട്ടിരിക്കുന്നു. ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല.