പേരുമാറ്റം അനിവാര്യം, സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടമെന്നാക്കും: കെ.സുരേന്ദ്രൻ
Mail This Article
താമരശേരി∙ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുന്നത് അനിവാര്യമാണെന്ന് വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ.സുരേന്ദ്രൻ. കഴിഞ്ഞ ദിവസം ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു ബത്തേരിയുടെ പേരു മാറ്റി ഗണപതിവട്ടം എന്നാക്കുമെന്നു സുരേന്ദ്രൻ പറഞ്ഞത്. ബത്തേരിയുടെ ആദ്യത്തെ പേര് ഗണപതിവട്ടം ആയിരുന്നു. പിന്നീട് ടിപ്പു സുൽത്താന്റെ ആയുധപ്പുരയായതോടെ സുൽത്താൻസ് ബാറ്ററി എന്നാകുകയും പിന്നീട് സുൽത്താൻ ബത്തേരി ആകുകയുമായിരുന്നു.
അനിൽ ആന്റണിക്കെതിരെ പുതിയ കഥയുമായി രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ പ്രശ്നങ്ങളാണ് ആരോപണങ്ങൾക്കു പിന്നിൽ. യഥാർഥത്തിൽ ലക്ഷ്യം വയ്ക്കുന്നത് എ.കെ.ആന്റണിയെയാണ്. എൻഡിഎയുടെ മറ്റ് സ്ഥാനാർഥികൾക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. ബിജെപിയെ ഇരു മുന്നണികളും ഭയപ്പെടുന്നു എന്നതിന്റെ തെളിവാണിത്. കണ്ണൂരിൽ ബോംബ് നിർമിച്ച് ആർഎസ്എസ്, ബിജെപി നേതാക്കളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു.
കേരള സ്റ്റോറി ചർച്ച ചെയ്യപ്പെടുന്നു. ഐഎസ് റിക്രൂട്ട്മെന്റ് നടന്നതിന് എത്രയോ തെളിവുകളുണ്ട്. മക്കളെ തിരിച്ചു കിട്ടണമെന്ന് വിലപിക്കുന്ന രക്ഷിതാക്കളെ നാം കാണുന്നുണ്ട്. അതിനെതിരെയുള്ള ജാഗ്രതയാണ് സഭകൾ സ്വീകരിക്കുന്നത്. അതിൽ പരിഭ്രമിച്ചിട്ട് കാര്യമില്ല, സുരേന്ദ്രൻ പറഞ്ഞു.