ശോഭയെ കണ്ടിട്ടില്ല, ഫോണിൽപോലും സംസാരിച്ചിട്ടില്ല; അവർ പറയുന്ന ഹോട്ടലിലും ഇതുവരെ പോയിട്ടില്ല: ഇ.പി.ജയരാജൻ
Mail This Article
തിരുവനന്തപുരം∙ ശോഭാ സുരേന്ദ്രനെ കണ്ടിട്ടില്ലെന്ന് ആവർത്തിച്ച് ഇ.പി.ജയരാജൻ. തനിക്കുനേരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ ആസൂത്രിതമായിട്ടുള്ള എന്തോ പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രകാശ് ജാവഡേക്കറുമായി നടത്തിയത് രാഷ്ട്രീയ ചർച്ചയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഇ.പി. ജയരാജൻ.
‘‘ഞാൻ അവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഫോണിൽ പോലും അവരോട് സംസാരിച്ചിട്ടില്ല. എനിക്കുനേരെയുള്ള ആക്രമണത്തിനു പിന്നിൽ ആസൂത്രിതമായിട്ടുള്ള എന്തോ ഒരു പദ്ധതിയുണ്ട്. ആ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇപ്പോൾ എനിക്കെതിരെയുള്ള ആരോപണങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. പ്രകാശ് ജാവഡേക്കറുമായി നടത്തിയത് രാഷ്ട്രീയ ചർച്ചയല്ല. അത് പാർട്ടിയോട് പറയേണ്ട കാര്യം എന്താണ്.’’– ജയരാജൻ ചോദിച്ചു.
-
Also Read
ജയരാജൻ വിഷയം: അതൃപ്തി പരസ്യമാക്കി സിപിഐ
‘‘പ്രകാശ് ജാവഡേക്കർ എന്നെ പരിചയപ്പെടമെന്ന് ആവശ്യപ്പെട്ടാണ് വന്നത്. പരിചയപ്പെട്ടു, പിരിഞ്ഞു. അദ്ദേഹത്തെ കൂട്ടി ടി.ജി. നന്ദകുമാർ എന്തിനാണ് എന്റെ അടുത്തുവന്നത് എന്നതാണ് അന്വേഷിക്കേണ്ടത്. അവർ പറയുന്ന ഹോട്ടലിൽ ഞാൻ ഇന്നേവരെ പോയിട്ടില്ല. ശോഭാ സുരേന്ദ്രനെതിരെ നിയമപരമായി നടപടിയെടുക്കണമോ എന്ന് ആലോചിക്കും.
ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കറുമായി ചർച്ച നടത്തിയെന്ന സംഭവം വാർത്തയായതോടെ ഇക്കാര്യം ജയരാജൻ പരസ്യമായി സമ്മതിച്ചിരുന്നു. ഇതുസംബന്ധിച്ച് സിപിഎമ്മിനുള്ളിലും സിപിഐയ്ക്കുള്ളിലും അതൃപ്തി പുകയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ ജയരാജനെ തള്ളി അന്നുതന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റുന്നത് സംബന്ധിച്ച് ചർച്ച നടക്കുമെന്നാണ് സൂചന.