ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത കാലംചെയ്തു
Mail This Article
തിരുവല്ല ∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത (74) കാലം ചെയ്തു. ചൊവ്വാഴ്ച യുഎസിലെ ഡാലസിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മെത്രാപ്പൊലീത്ത ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
-
Also Read
അവസാനിക്കില്ല, ആത്മീയയാത്ര
ഡാലസിലെ സിൽവർസിന്റിൽ പ്രഭാത സവാരിക്കിടെയാണ് വാഹനമിടിച്ച് മെത്രാപ്പൊലീത്തയുടെ നെഞ്ചിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റത്. ആന്തരാവയവങ്ങളിലുണ്ടായ രക്തസ്രാവം നിലയ്ക്കാൻ ശസ്ത്രക്രിയ നടത്തി. ആരോഗ്യ നിലയിൽ നേരിയ പുരോഗതി കണ്ടെങ്കിലും ഇന്ത്യൻ സമയം ഇന്നലെ രാത്രി 7 മണിയോടെ മരിച്ചു. ഇന്നു തിരുവല്ലയിൽ ചേരുന്ന സഭയുടെ എപ്പിസ്കോപ്പൽ സിനഡ് കബറടക്കം സംബന്ധിച്ച തീരുമാനമെടുക്കും.
അപ്പർ കുട്ടനാട്ടിലെ നിരണം കടപ്പിലാരിൽ കുടുംബാംഗമായ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത ഗോസ്പൽ ഫോർ ഏഷ്യ എന്ന പ്രസ്ഥാനത്തിലൂടെയാണ് സുവിശേഷ പ്രവർത്തനരംഗത്തെത്തിയത്. ഡോ. കെ.പി.യോഹന്നാൻ എന്നായിരുന്നു മെത്രാപ്പൊലീത്തയാകും മുൻപുള്ള പേര്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഗോസ്‌പൽ ഫോർ ഏഷ്യ സാമൂഹിക - സേവന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. പ്രശസ്ത ആത്മീയ പ്രസംഗകനായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2003 ലാണ് ബിലീവേഴ്സ് ചർച്ച് സ്വതന്ത്ര സഭയായി പ്രവർത്തനം ആരംഭിക്കുന്നത്. സഭയുടെ സ്‌ഥാപക ബിഷപ്പായി അദ്ദേഹം.
-
Also Read
ഹരിതം നിറച്ച ആത്മീയശോഭ
16-ാം വയസ്സിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 1974 ൽ ഡാലസിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്നു. തുടർന്നു പാസ്റ്ററായി പ്രവർത്തനം തുടങ്ങി. ഇതേ മേഖലയിൽ സജീവമായിരുന്ന ജർമനിയിൽനിന്നുള്ള ഗിസല്ലയെ വിവാഹം ചെയ്തു. 1978 ലാണ് ഭാര്യയുമായി ചേർന്ന് ഗോസ്പൽ ഫോർ ഏഷ്യ ആരംഭിച്ചത്. സംഘടന വളർന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവർത്തനം തുടങ്ങി. മക്കൾ: ഡാനിയൽ മാർ തിമോത്തിയോസ് (ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്, യുഎസ്), സാറാ ജോൺസൺ. മരുമക്കൾ: എറീക്കാ പൂന്നൂസ്, ഫാ.ഡോ. ഡാനിയൽ ജോൺസൺ (ബിലീവേഴ്സ് ഈ സ്റ്റേൺ ചർച്ച് സഭാ സെക്രട്ടറി).