പ്രവചനം ഫലിച്ചാൽ താമര വിരിയും; പൂവിടുമോ ബിജെപിയുടെ ദക്ഷിണേന്ത്യൻ സ്വപ്നം?
Mail This Article
തിരുവനന്തപുരം ∙ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ സ്വപ്നഭൂമിയായ ദക്ഷിണേന്ത്യയിൽ ചുവടുവയ്ക്കാൻ പറ്റുമെന്നതിന്റെ ആശ്വാസമാണ് ബിജെപി ക്യാംപിൽ. പ്രവചനങ്ങൾ സത്യമായാൽ വരുംകാലങ്ങളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നേതാക്കൾക്കും പ്രവർത്തകർക്കും അതു നൽകുന്ന ഊർജം ചെറുതായിരിക്കില്ല. ബിജെപി കിണഞ്ഞു പരിശ്രമിച്ചിട്ടും വേരുപിടിക്കാൻ സാധിക്കാതിരുന്ന കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഇത്തവണ മികച്ച നേട്ടമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. അവിടെ ഇന്ത്യ മുന്നണി വ്യക്തമായ ആധിപത്യം നിലനിര്‍ത്തുമ്പോഴും വന്‍കുതിച്ചു ചാട്ടമാണ് സീറ്റു നിലയിലും വോട്ട് ശതമാനത്തിലും ബിജെപി സ്വന്തമാക്കുകയെന്നാണ് സര്‍വേ ഫലങ്ങള്‍ പ്രവചിക്കുന്നത്
കേരളത്തിൽ മൂന്നുവരെ സീറ്റുകൾ ബിജെപി നേടുമെന്നാണ് പ്രവചനം. 28 സീറ്റുകളുള്ള കർണാടകയിൽ എൻഡിഎ തൂത്തുവാരുമെന്ന് 20–25 സീറ്റുകൾ നേടാമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. തമിഴ്‌നാട്ടിലും ഇത്തവണ ബിജെപിക്ക് നേട്ടമെന്നാണ് സൂചന.
കേരളം
കേരളത്തിൽ മൂന്നുവരെ സീറ്റുകളാണ് വിവിധ സർവേകൾ ബിജെപിക്കു പ്രവചിക്കുന്നത്. തൃശൂരിലും തിരുവനന്തപുരത്തും വിജയം പ്രവചിക്കുന്ന സർവേകൾ ആറ്റിങ്ങലിലെ സാധ്യതകളും തള്ളിക്കളയുന്നില്ല. യുഡിഎഫ് ആധിപത്യം നിലനിര്‍ത്തുമ്പോള്‍ എല്‍ഡിഎഫ് 2019 ലെ കനത്ത തോല്‍വിയില്‍ നിന്നു കരകയറി നില മെച്ചപ്പെടുത്തുമെന്നും സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ടൈംസ് നൗ ഒരു സീറ്റും ഇന്ത്യ ടിവിയും ന്യൂസ് 18 നും ഒന്നു മുതൽ മൂന്നു വരെ സീറ്റും എൻഡിഎ നേടുമെന്നു പറയുന്നു.
തമിഴ്‌നാട്
തമിഴ്നാട്ടിൽ ഇത്തവണ ബിജെപി നേട്ടമുണ്ടാക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. അതേസമയം, ഡിഎംകെ ഉൾപ്പെട്ട ഇന്ത്യ മുന്നണിയ്ക്കാവും മുന്നേറ്റമെന്നും സർവേ ഫലങ്ങൾ പറയുന്നു. ഇന്ത്യ ടിവി–സിഎൻഎക്സ് എക്സിറ്റ് പോൾ പ്രകാരം അഞ്ചു മുതൽ ഏഴു വരെ സീറ്റുകളാണ് ബിജെപി സഖ്യത്തിന് തമിഴ്‌നാട്ടിൽ ലഭിക്കുകയെന്നാണ് പ്രവചനം. ഇന്ത്യ ടുഡെ– ആക്സിസ് മൈ ഇന്ത്യ സർവേയിൽ രണ്ടു മുതൽ നാലു സീറ്റുകൾ വരെ എൻഡിഎ നേടുമെന്ന് പ്രവചിക്കുന്നു. ജൻ കി ബാത് സർവേ അഞ്ചു സീറ്റുകൾ നേടുമെന്നും പ്രവചിച്ചിരിക്കുന്നു. ബിജെപി നേട്ടമുണ്ടാക്കിയാൽ സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ വിജയമായാവും അതു വിലയിരുത്തപ്പെടുക.
∙ ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ
എൻഡിഎ – 2 – 4
ഇന്ത്യ മുന്നണി – 33 –37
എഐഎഡിഎംകെ – 0–2
∙ ഇന്ത്യ ടിവി– സിഎൻഎക്സ്
ബിജെപി – 5 –7
ഡിഎംകെ – 16 –18
കോൺഗ്രസ് –6– 8
എഐഎഡിഎംകെ – 1
മറ്റുള്ളവർ – 8
കര്‍ണാടക
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയേറ്റു വാങ്ങിയ ബിജെപി കര്‍ണാടകയില്‍ വമ്പൻ തിരിച്ചുവരവ് നടത്തുമെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 28 സീറ്റുകളില്‍ 21 മുതല്‍ 24 എണ്ണം ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം നേടുമെന്നാണ് വിവിധ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് മൂന്നു മുതല്‍ ഏഴു സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ ബിജെപി ഒറ്റയ്ക്ക് 25 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് ഒന്നും ജെഡിഎസ് ഒന്നും വീതമാണ് നേടിയത്. ഒരു സീറ്റ് സ്വതന്ത്രനായിരുന്നു. ഇക്കുറി ജെഡിഎസും ബിജെപിയും ഒറ്റക്കെട്ടായി മത്സരിക്കുമ്പോള്‍ സമ്പൂര്‍ണ വിജയം എന്‍ഡിഎ സ്വന്തമാക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്.
∙ ടിവി ഭാരത് – പോൾസ്ട്രാറ്റ്
എൻഡിഎ –20
കോൺഗ്രസ് – 8
∙ ഇന്ത്യ ടുഡെ– ആക്സിസ് മൈ ഇന്ത്യ
എൻഡിഎ :22–25
കോൺഗ്രസ് : 3–5
∙ ഇന്ത്യ ടിവി– സിഎൻഎക്സ്
എൻഡിഎ: 19–25
കോൺഗ്രസ് : 4–8
∙ ജൻ കി ബാത്
എൻഡിഎ: 21–23
കോൺഗ്രസ്: 5–7
ആന്ധ്രാപ്രദേശ്
ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയുമായും പവന്‍കല്യാണിന്റെ ജനസേവ പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കിയത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് പ്രവചനം. അതേസമയം, നായിഡുവിനും പവന്‍ കല്യാണിനും ഇത് ഗുണം ചെയ്യുന്നില്ലെന്നതും ശ്രദ്ധേയമാണ്. ആന്ധ്രയിലെ 25 സീറ്റുകളില്‍ ബിജെപി നാലു മുതല്‍ ആറു സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. പിഎംഎആർക്യു, എബിപി–സിവോട്ടർ, ന്യൂസ് 18 എന്നിവ എൻഡിഎ മുന്നണി 19 മുതൽ 25 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ആകെ 25 സീറ്റുകളാണ് ആന്ധ്രയിലുള്ളത്. വൈഎസ്ആർ പാർട്ടിക്ക് പൂജ്യം മുതൽ എട്ടുസീറ്റുകൾ വരെ ലഭിക്കാമെന്നാണ് പ്രവചനം.
∙ പിഎംഎആർക്യു
എൻഡിഎ :19-22
വൈഎസ്ആർസിപി:5-8
∙ ജൻ കി ബാത്
ബിജെപി: 2-3
ടിഡിപി(എൻഡിഎ):10–14
വൈഎസ്ആർസിപി: 8-13
∙ എബിപി–സിവോട്ടർ
എൻഡിഎ: 21-25
വൈഎസ്ആർസിപി: 0-4
∙ ന്യൂസ് 18 മെഗ് എക്സിറ്റ് പോൾ
എൻഡിഎ: 19-22
വൈഎസ്ആർസിപി: 5-8
തെലങ്കാന
തെലങ്കാനയിൽ, രേവന്ത് റെഡ്ഡിയുടെ വ്യക്തിപ്രഭാവത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ ഉജ്ജ്വല വിജയം കോണ്‍ഗ്രസ് ലോക്സഭയിൽ ആവർത്തിക്കില്ലെന്നാണ് സർവേഫലങ്ങൾ പറയുന്നത്. ഇന്ത്യ മുന്നണിയും എൻഡിഎയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. 17 സീറ്റുള്ള തെലങ്കാനയില്‍ ബിജെപി ഏഴു മുതല്‍ 10 വരെ സീറ്റ് നേടുമെന്നാണ് വിവിധ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിന് അഞ്ച് മുതല്‍ എട്ട് സീറ്റുകള്‍ വരെയാണ് സർവേകളിലെ പ്രവചനം.
∙ എബിപി–സിവോട്ടർ
എൻഡിഎ : 7–9
ഇന്ത്യ : 7–9
എഐഎംഐഎം :1
∙ റിപ്പബ്ലിക് പിമാർക്
ബിജെപി : 6
കോൺഗ്രസ് :8
ബിആർഎസ്:2–1
എഐഎംഐഎം:2–1
∙ ന്യൂസ് 24–ചാണക്യ
ബിജെപി: 12–14
കോൺഗ്രസ് : 5–7
ബിആർഎസ് :0
∙ ന്യൂസ് 18
എൻഡിഎ : 7–10
ഇന്ത്യ:5–8
മറ്റുള്ളവർ: 3–5