ADVERTISEMENT

കോട്ടയം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തരംഗതുല്യമായ വിജയമുണ്ടായെങ്കിലും, തൃശൂരിലെ തോൽവിയുടെ മുറിവുണക്കുക കോൺഗ്രസിനു തലവേദനയാകും. വടകരയിൽനിന്ന് അവസാന നിമിഷം ഇവിടേക്കു മാറ്റിയ കെ.മുരളീധരന്റെ മുറിവുണക്കാനുള്ള മരുന്ന് എത്രയും വേഗം കണ്ടെത്തിയില്ലെങ്കിൽ അത് പഴുക്കുമെന്ന് മറ്റാരെക്കാളും നന്നായി കോൺഗ്രസ് നേതാക്കൾക്കറിയാം. ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും തൽക്കാലം പൊതുരംഗത്തുനിന്നും വിട്ടുനിൽക്കുകയാണെന്നും പറഞ്ഞ മുരളീധരൻ വരുംദിവസങ്ങളിൽ നേതൃത്വത്തിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കാനും സാധ്യതയുണ്ട്. ഇതു മുൻകൂട്ടി കണ്ട് എത്രയുംവേഗം അദ്ദേഹത്തെ തണുപ്പിക്കാനാണ് കോൺഗ്രസ് നീക്കം.

മുരളീധരന്‍റെ മുനവച്ച ആരോപണങ്ങളോട് കരുതലോടെ മതി പ്രതികരണമെന്നാണ് നേതൃത്വത്തിന്‍റെ തീരുമാനം. വോട്ടെണ്ണല്‍ കഴിഞ്ഞ് മുരളീധരനെ കാണാന്‍ മണ്ണുത്തിയിലെത്തിയ ജില്ലാ നേതാക്കളോട് അതിരൂക്ഷമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേതൃത്വം പറഞ്ഞിട്ട് മണ്ഡലം മാറി മത്സരിക്കുകയും തോല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ വിവിധ പദവികളും അദ്ദേഹത്തിന് നൽകാനുള്ള സാധ്യതയുണ്ട്. മുരളീധരന് അര്‍ഹമായ പദവി നല്‍കുക മാത്രമാണ് പോംവഴിയെന്നാണ് നേതാക്കൾ പറയുന്നത്.

യുഡിഎഫ് കൺവീനർ പദവി, കെപിസിസി അധ്യക്ഷസ്ഥാനം, വയനാട് ലോക്സഭാ സീറ്റ് എന്നീ മൂന്ന് ഓഫറുകളാണ് മുരളീധരനു മുന്നിൽ പ്രധാനമായും വയ്ക്കാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പിന് മുൻപ് തിരഞ്ഞെടുപ്പ് പ്രചരണസമിതിയുടെ കൺവീനറായിരുന്നു മുരളീധരൻ. തൃശൂരിൽ മത്സരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തോടു ചോദിച്ച ശേഷം ഈ പദവി ദേശീയ നേതൃത്വം രമേശ് ചെന്നിത്തലയ്ക്ക് നൽകി. എം.എം. ഹസനെ മാറ്റി മുരളീധരനെ യുഡിഎഫ് കൺവീനർ പദവിയിലേക്ക് എത്തിച്ചാൽ മുന്നണിക്ക് അത് ഗുണം ചെയ്യുമെന്ന് വലിയൊരു വിഭാഗം നേതാക്കളും പ്രവർത്തകരും വിശ്വസിക്കുന്നു. മുരളീധരൻ ഫൈറ്ററാണെന്നും അദ്ദേഹത്തെ ഒപ്പം നിർത്തണമെന്നും കുഞ്ഞാലിക്കുട്ടി തന്നെ പറഞ്ഞിട്ടുണ്ട്.

ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനൊപ്പം ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച് കെ.സുധാകരനെ മാറ്റി മുരളീധരനെ അധ്യക്ഷനാക്കാനുള്ള സാധ്യതയുണ്ടെങ്കിലും അതിനുള്ള നീക്കം ഉണ്ടാകുമോയെന്ന് സംശയമാണ്. മുരളീധരൻ അധ്യക്ഷ പദവിയിലേക്കെത്തിയാൽ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം ഗുണം ചെയ്യുമെന്ന് വലിയൊരു വിഭാഗം പ്രവർത്തകർ വിശ്വസിക്കുന്നു. എന്നാൽ ഇത്രയും വലിയ വിജയം നേടി പാർട്ടി തിളങ്ങി നിൽക്കുമ്പോൾ സുധാകരനെ മാറ്റുന്നത് വിഭാഗീയതയ്ക്ക് വഴിയൊരുക്കും. മാത്രമല്ല, മുരളീധരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത് തങ്ങൾക്ക് ഭീഷണിയാകുമെന്ന് കരുതുന്ന പ്രബലവിഭാഗം കോൺഗ്രസിന്റെ നേതൃനിരയിലുണ്ട്. 

വയനാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥിതിവിശേഷമുണ്ടായി സംസ്ഥാന നേതാക്കൾക്ക് മത്സരിക്കാൻ അവസരം കിട്ടിയാൽ ആ സീറ്റ് അദ്ദേഹത്തിന് നൽകിയാലോ എന്നുള്ള ആലോചനയുണ്ടെങ്കിലും ഓഫർ സ്വീകരിക്കാൻ മുരളീധരൻ തയാറായേക്കില്ല. നേരത്തെ എൻസിപി സ്ഥാനാർ‌ഥിയായി ഒറ്റയ്ക്ക് മത്സരിച്ച് എൺപതിനായിരത്തോളം വോട്ടുകൾ നേടിയ ചരിത്രം വയനാട്ടിൽ അദ്ദേഹത്തിനുണ്ട്.

∙ വട്ടിയൂർക്കാവ് പിടിക്കാൻ

അതേസമയം, മത്സരത്തിൽ നിന്നും മാറിനിൽക്കുമെന്നത് മുരളീധരന്റെ പതിവ് പല്ലവിയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം കളത്തിലിറങ്ങുമെന്നും കരുതുന്നവരുണ്ട്. വട്ടിയൂർക്കാവുമായുള്ള ആത്മബന്ധം അദ്ദേഹം ഇതുവരെ വിട്ടിട്ടില്ല. വടകരയിൽ എംപി ആയിരിക്കുമ്പോഴും ആഴ്ചയിൽ രണ്ട് ദിവസം അദ്ദേഹം വട്ടിയൂർക്കാവിൽ എത്തുമായിരുന്നു. മണ്ഡലത്തിലെ പിഎംജി ജംക്‌ഷനിൽ അദ്ദേഹത്തിന്റെ ഓഫിസും പ്രവർ‌ത്തിക്കുന്നുണ്ട്. പ്രാദേശിക നേതൃത്വവുമായും അദ്ദേഹം വ്യക്തിബന്ധം സൂക്ഷിക്കുന്നു.

കരുണാകരൻ സ്മാരകത്തിന് ആസ്ഥാന മന്ദിരം പണിയാനുള്ള പ്രവർത്തനങ്ങളിൽ മുഴുകി വരുംദിവസങ്ങളിൽ അദ്ദേഹം വട്ടിയൂർക്കാവിൽ തന്നെ തുടരും. മുരളി മനസ് വച്ചാൽ മണ്ഡലത്തിൽ തരംഗമായി മാറിയ വി.കെ. പ്രശാന്തിനെ തോൽപ്പിക്കാമെന്നാണ് പ്രവർത്തകരുടെയും വിശ്വാസം.

English Summary:

Congress Leadership Faces Internal Turmoil After Thrissur Defeat: Can They Win Back K. Muraleedharan’s Trust

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com