ADVERTISEMENT

തിരുവനന്തപുരം ∙ കാലം മാറുന്നതിനനുസരിച്ച് കോലം മാറാൻ മടിക്കുന്നതാണ് സംസ്ഥാനത്ത് അഗ്നിരക്ഷാസേനയുടെ പിടിപ്പുകേടുകളിൽ പ്രധാനം. കർമനിരതരായ ഉദ്യോഗസ്ഥരാണ് സേനയുടെ കരുത്ത്. എന്നാൽ സർക്കാർ സംവിധാനത്തിന്റെ മെല്ലെപ്പോക്കും ഫയൽ നീക്കത്തിലെ ഇഴച്ചിലും സേനയുടെ ആധുനികവൽക്കരണത്തിനു തിരിച്ചടിയാണ്.

പണമില്ലെന്നു സർക്കാർ

ഏതു വലിയ ദുരന്തമുഖത്തും പഴഞ്ചൻ ഉപകരണങ്ങളും വാഹനങ്ങളുമാണ് അഗ്നിരക്ഷാസേനയ്ക്കു കൂട്ട്. ഫ്‌ളാറ്റുകളിലും മാളുകളിലും തീപിടിത്തമുണ്ടായാൽ തടയാൻ ആധുനിക ഉപകരണങ്ങൾ ഇല്ലാത്തത് വെല്ലുവിളിയാണ്. സംസ്ഥാനത്ത് 150 മീറ്ററോളം ഉയരമുള്ള കെട്ടിടങ്ങളുണ്ട്. എന്നാൽ 15 മുതൽ 20 വരെ മീറ്റർ ഉയരമുള്ള കെട്ടിടങ്ങളിൽ തീപിടുത്തമുണ്ടായാൽ ഉപയോഗിക്കാനുള്ള സംവിധാനമേ കേരള ഫയർഫോഴ്സിന്റെ കയ്യിലുള്ളൂ. ഏണിയും ​വെള്ളം അടിക്കുന്ന ഹോസുകളും തുടങ്ങിയവ ഒരു പരിധിക്ക് അപ്പുറം ഉപയോഗിക്കാനാകില്ല.

ചിത്രം: മനോരമ
ചിത്രം: മനോരമ

20 മീറ്ററിലധികം ഉയരമുള്ള കെട്ടിടത്തിൽ തീപിടിത്തമുണ്ടായാൽ തറയിൽനിന്നു വെള്ളം മുകളിലേക്ക് പ്രഷർ ചെയ്ത് അടിക്കാനുള്ള സംവിധാനവുമില്ല. നിലവിൽ അഗ്നിരക്ഷാസേനാ വാഹനങ്ങളിൽ സെറ്റ് ചെയ്ത പ്രഷറിൽ 20 മീറ്ററിന് മുകളിലേക്കു വെള്ളം ചീറ്റാൻ സാധിക്കില്ല. ഇതിനു വേണ്ടി പുതിയ രീതിയിലുള്ള പ്രഷർ പമ്പുകളാണ് വേണ്ടത്. ബഹുനില കെട്ടിടങ്ങളിലും മറ്റും ഉണ്ടാകുന്ന തീപിടിത്തം അണയ്ക്കാൻ സഹായിക്കുന്ന സ്‌കൈലിഫ്റ്റ് വാങ്ങാനുള്ള നടപടികളും ഫലം കണ്ടില്ല. ഒരു ഉപകരണത്തിന് 15 കോടി രൂപയാണ് ഏകദേശ വില.

ഇതുണ്ടെങ്കിൽ 60 മീറ്റർ വരെ ഉയരത്തിലുള്ള രക്ഷാപ്രവർത്തനം കൂടുതൽ എളുപ്പമാകും. ഇതടക്കം ആധുനിക രീതിയിലുള്ള ഉപകരണങ്ങൾ വാങ്ങാൻ പല തവണ സേന ശ്രമം നടത്തിയെങ്കിലും സാമ്പത്തിക പ്രതിസന്ധി എന്നായിരുന്നു സർക്കാർ മറുപടി.

ഓടിയെത്താൻ വാഹനമില്ല

അഗ്നിരക്ഷാസേനയ്ക്ക് ആകെ 700 വാഹനങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ 15 വർഷം പൂർത്തിയാക്കിയ 171 വാഹനങ്ങൾ ഈ വർഷം പൊളിക്കാൻ ഉത്തരവായി. കഴിഞ്ഞ രണ്ടു വർഷമായി പുതിയ വാഹനങ്ങളൊന്നും സേനയ്ക്ക് ലഭിച്ചിട്ടില്ല. പൊളിക്കുന്ന 171 വാഹനങ്ങൾ കൂടി സേനയിൽനിന്നു പോകുമ്പോൾ വാഹനങ്ങളുടെ അപര്യാപ്തതയും സേനയുടെ സേവനങ്ങൾക്ക് വെല്ലുവിളിയാകും.

ചാലയിലും ഭീഷണി

സെക്രട്ടേറിയറ്റിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും പതിയിരിക്കുന്ന അപകടം ഈ പരമ്പരയുടെ ആദ്യ ഭാഗത്ത് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു സമാനമായ അപകടം സംസ്ഥാനത്തെ ഏറ്റവും വലിയ കമ്പോളമായ തിരുവനന്തപുരം ചാലയിലും പതിയിരിപ്പുണ്ടെന്നാണ് മുതിർന്ന അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ പറയുന്നത്. പല തവണ ഇതു സംബന്ധിച്ച രേഖാമൂലമുള്ള മുന്നറിയിപ്പ് ജില്ലാ കലക്ടർക്കും സർക്കാരിനും തിരുവനന്തപുരം നഗരസഭയ്ക്കും നൽകിയെങ്കിലും നേരിടാനും തടയാനുമുള്ള യാതൊരു മുൻകരുതലും അധികൃതർ സ്വീകരിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

നാളെ: കണ്ടുപഠിക്ക് ഒഡീഷയിലെ ഫയർഫോഴ്സിനെ...

English Summary:

Kerala Fire Force Struggles with Outdated Equipment and Funding Issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com