ADVERTISEMENT

മേപ്പാടി∙ ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അഗ്നിരക്ഷാ സേനയുടെ സ്പെഷൽ ടാസ്ക് ഫോഴ്സ് നടത്തിയത് കേരളം മുൻപു കാണാത്ത രക്ഷാപ്രവർത്തനം. ഫയർ ഫോഴ്സ് ആദ്യമായി കേരളത്തിൽ ടൈറോലീൻ ട്രാവേഴ്സ് (tyrolean traverse) രീതിയിൽ ആളുകളെ രക്ഷിച്ചത് ചൂരൽമലയിലാണ്. ഉയരമുള്ള രണ്ടു പ്രദേശങ്ങൾക്കിടയിൽ കയർ കെട്ടി അതിലൂടെ തൂങ്ങി സഞ്ചരിക്കുന്ന രീതിയാണ് ടൈറോലീൻ ട്രാവേഴ്സ്. സാഹസിക ട്രെക്കിങ് പോലെയുള്ള സാഹചര്യങ്ങളിൽ മാത്രമല്ല, മലമുകളിലും മറ്റും ഒറ്റപ്പെട്ടു പോകുന്നവരെ രക്ഷിക്കാനും ഇതുപയോഗിക്കുന്നുണ്ട്.

അഗ്നിരക്ഷാ സേനയിലെ പി.അഭിലാഷ്, ആർ.മിഥുൻ, പി.കെ.മനുപ്രസാദ് എന്നിവരാണ് വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന്റെ ഗതി മാറ്റിയത്. ചൂരൽമ‌ലയിൽനിന്ന് ആളുകളെ രക്ഷിച്ച് കയറിലൂടെ ഇക്കരെയെത്തിച്ചതിൽ പ്രധാന പങ്ക് വഹിച്ചത് ഈ മൂവർ സംഘമാണ്. സ്പെഷൽ ടാസ്ക് ഫോഴ്സിലെ ടെക്നിക്കൽ റോപ്പർ റെസ്ക്യൂവിൽ കേരളത്തിൽ ആകെ 30 പേർ മാത്രമാണുള്ളത്. ഐടിബിപി (ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്) ആണ് ഇവർക്ക് പരിശീലനം നൽകിയത്. പഠിച്ച കാര്യങ്ങൾ പൂർണമായി പ്രയോഗത്തിൽ വരുത്തിയത് ചൂരൽമലയിലാണ്. ഉരുൾ പൊട്ടലുണ്ടായ ദിവസം ചൂരൽമലയിലുണ്ടായ സംഭവങ്ങൾ മിഥുൻ മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.

അഗ്നിരക്ഷാ സേനാംഗങ്ങളായ മിഥുൻ, മനുപ്രസാദ്, അഭിലാഷ് എന്നിവർ.
അഗ്നിരക്ഷാ സേനാംഗങ്ങളായ മിഥുൻ, മനുപ്രസാദ്, അഭിലാഷ് എന്നിവർ.

‘‘ഉരുൾപൊട്ടലുണ്ടായ ചൊവ്വാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് ചൂരൽമലയിൽ എത്തിയത്. എൻഡിആർഎഫ് സംഘം ആദ്യം എത്തിയെങ്കിലും അവർക്ക് അക്കരെയെത്തി ആരെയും രക്ഷിക്കാൻ സാധിക്കാതെ വന്നതോടെ നാട്ടുകാർ രോഷാകുലരായിരുന്നു. എൻഡിആർഎഫ് സംഘം അക്കരെയുള്ള ആൽമരത്തിൽ കയർ കെട്ടിയിരുന്നു. ഒന്നുരണ്ട പേർ അക്കരെ എത്തിയെങ്കിലും കൂടുതൽ പേർക്ക് അക്കരെ കടക്കാനോ ആളുകളെ രക്ഷിക്കാനോ സാധിച്ചില്ല. ഞങ്ങൾ എത്തിയശേഷം അഭിലാഷ് ആദ്യം കയറിലൂടെ അക്കരെ എത്തി. പിന്നാല ഞങ്ങൾ രണ്ടുപേരും എത്തി. ഗുരുതരമായി പരുക്കേറ്റ ചിലരുമായി മുണ്ടക്കൈയിൽനിന്നുള്ള ഒരു ജീപ്പ് അക്കരെ നിൽക്കുന്നുണ്ടായിരുന്നു. അവരെ ഉടൻ തന്നെ കയറിലൂടെ ഇക്കരെ എത്തിച്ചു. ഇതോടെ, ആശയക്കുഴപ്പത്തിൽ നിന്ന എൻഡിആർഎഫുകാരും ഊർജിതമായി. അവരുെടയും നാട്ടുകാരുടേയും സഹായത്തോടെ രക്ഷാപ്രവർത്തനം അതിവേഗത്തിലായി.

ഇതിനിടെ മുണ്ടക്കൈയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുവെന്ന് അറിഞ്ഞതോടെ അവിടേക്ക് പുറപ്പെട്ടു. മുണ്ടക്കൈയിൽ കണ്ട കാഴ്ച അതിഭീകരമായിരുന്നു. മൂക്ക് തകർന്ന് നെറ്റിയുടെ താഴെ ഭാഗത്തു കൂടി ശ്വാസം വലിക്കുന്ന ഒരു സ്ത്രീയെ കണ്ടു. തലയിൽ കല്ല് തറച്ച് കിടക്കുന്ന ചെറിയ കുട്ടി, അങ്ങനെ നിരവധിപ്പേർ. അവിടെയുണ്ടായിരുന്നവർ 15 മൃതദേഹങ്ങൾ എടുത്ത് മാറ്റിവച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റവരെയാണ് ആദ്യം രക്ഷിച്ചുകൊണ്ടുവന്നത്. വൈകിട്ടായപ്പോഴേക്കും നാനൂറിൽ അധികം പേരെ കയറിലൂടെ ഇക്കരെ കടത്തി. പരുക്കേറ്റവരെ എല്ലാം മുണ്ടക്കൈയിൽ നിന്ന് താഴെ എത്തിച്ചു. പിന്നെ കടത്തിയത് 18 മൃതദേഹങ്ങളാണ്. രാത്രി ഏഴ് മണിയോടെയാണ് മൃതദേഹങ്ങൾ കടത്താൻ തുടങ്ങിയത്. ആ രാത്രി അക്കരെ നിന്ന് ഏറ്റവും അവസാനം കടന്നുപോന്നത് ഞാനായിരുന്നു’’.–മിഥുൻ പറഞ്ഞു.

മുക്കം അഗ്നിരക്ഷാ നിലയത്തിലാണ് മിഥുനും അഭിലാഷും ജോലി ചെയ്യുന്നത്. മനുപ്രസാദ് കോഴിക്കോട് മീ‍‍ഞ്ചന്തയാണ് ജോലി ചെയ്യുന്നത്. പരുക്കേറ്റതോടെ മിഥുന് ബുധനാഴ്ച വൈകിട്ടായപ്പോഴേക്കും തിരിച്ചു പോരേണ്ടി വന്നു. പരുക്കേറ്റവരെ സ്ട്രച്ചറിൽ കിടത്തി കയറിൽ തൂക്കി കൊണ്ടുവരുന്നതാണ് ഏറ്റവും ശ്രമകരമായ ദൗത്യം. ആ ദൗത്യം ആദ്യമായി കേരളത്തിൽ നടപ്പാകുന്നതിൽ അഗ്നിരക്ഷാ േസന വിജയം കണ്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com