ADVERTISEMENT

തിരുവനന്തപുരം∙ ഒഡീഷ മുൻ ഡിജിപി ബി.ബി. മൊഹന്തിയുടെ മകന്‍, വിദേശവനിതയെ പീഡിപ്പിച്ച കേസിൽ രാജസ്ഥാനിൽ ജയിലിലായശേഷം പരോളിലിറങ്ങി മുങ്ങി, 7 വർഷങ്ങൾക്ക് ശേഷം പൊതുമേഖലാ ബാങ്കിന്റെ കേരളത്തിലെ ശാഖയിൽ ആൾമാറാട്ടം നടത്തി ജോലി ചെയ്യവേ വീണ്ടും പൊലീസ് പിടിയിലായി – ആൾമാറാട്ടത്തിലൂടെ കുപ്രസിദ്ധനായ ബിട്ടി മൊഹന്തിയുടെ ജീവിത കഥ തികച്ചും വ്യത്യസ്തമാണ്. ഒടുവിൽ കാൻസർ ബാധിച്ച് കഴിഞ്ഞ ദിവസം ഒഡീഷയിൽ വച്ചു മരിക്കുന്നതു വരെ വാർത്തകളിൽ നിറഞ്ഞുനിന്നു ബിട്ടി.

∙ അൽവാർ പീഡനക്കേസ്, ജാമ്യത്തിലിറങ്ങി മുങ്ങി

ബിടെക്കിനു ശേഷം എംബിഎ വിദ്യാർഥിയായിരിക്കെ 2006 മാർച്ച് 20ന് രാത്രി ജർമൻകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന കേസിൽ രാജസ്ഥാനിലെ അൽവാറിൽ അറസ്റ്റിലായി. ഒൻപതു ദിവസം കൊണ്ടു വിചാരണ പൂർത്തിയായി. ഏഴു വർഷം കഠിനതടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ഏഴാം മാസം പരോളിൽ ഇറങ്ങിയ ബിട്ടി, പിന്നീട് ജയ്പൂർ ജയിലിൽ തിരിച്ചെത്തിയില്ല. 2013 മാർച്ച് 9നാണ് ‘രാഘവരാജനെന്ന’ പേരിൽ പൊതുമേഖലാ ബാങ്കിൽ ജോലി ചെയ്ത ബിട്ടി മൊഹന്തി ആൾമാറാട്ട കേസിൽ കണ്ണൂർ പഴയങ്ങാടി പൊലീസിന്റെ പിടിയിലാകുന്നത്. ബാങ്കുകാർക്ക് തോന്നിയ ചില സംശയമാണ് അറസ്റ്റിലേക്ക് നയിച്ചത്. രാഘവരാജൻ, സൺ ഓഫ് എസ്.വി. രാമറാവു, എ 7, ഗ്രൗണ്ട് ഫ്ലോർ, സായിശ്രീ കോൺക്ലേവ്, ചിത്രാവതി റോഡ്, പുട്ടപർത്തി, ആന്ധ്രപ്രദേശ് എന്നായിരുന്നു പുതിയ വിലാസം. 2012 ജൂണിൽ ബാങ്കിൽ പ്രബേഷനറി ഓഫിസറായി ‘രാഘവരാജൻ’. യഥാർഥത്തിൽ ബിടെക് ബിരുദധാരിയായ ബിട്ടി മൊഹന്തിയുടെ വിദ്യാഭ്യാസ യോഗ്യതകളെല്ലാം രാഘവരാജന്റെ പേരിലേക്കു മാറ്റിയിരുന്നു.

∙ ‍ഞാൻ ‘രാഘവരാജൻ തന്നെ’; കേരള പൊലീസ് കുടുക്കി

താൻ രാഘവരാജനാണെന്ന നിലപാടിൽ തന്നെയായിരുന്നു ചോദ്യം ചെയ്യലിൽ ബിട്ടി. അൽവാർ പീഡന കേസിന്റെയും മറ്റും വിശദാംശങ്ങളും ബിട്ടിയുടെയും പിതാവിന്റെയും ചിത്രങ്ങളും കാണിച്ചതോടെ കുറ്റസമ്മതം നടത്തി. എന്നാൽ കോടതിയിൽ മൊഴിമാറ്റി. അന്വേഷണം പുട്ടപർത്തിയിലേക്കു നീണ്ടു. അതോടെ കള്ളങ്ങൾ ഓരോന്നായി പൊളിഞ്ഞു. ബിട്ടി താമസിച്ചിരുന്ന അപാർട്മെന്റിൽ നിന്ന്, പിതാവ് ബി.ബി.മൊഹന്തിയുടെ പേരുള്ള തിരിച്ചറിയൽ കാർഡ് പൊലീസ് കണ്ടെത്തി. എന്നാൽ ബിട്ടി മൊഹന്തി തന്നെയാണു രാഘവരാജനെന്നും ഇയാൾ ഒഡിഷ മുൻ ഡിജിപി ബി.ബി. മൊഹന്തിയുടെ മകനാണെന്നും ശാസ്ത്രീയമായി തെളിയിക്കാൻ പൊലീസിനു സാധിച്ചില്ല. ബിട്ടിയുടെ മാതാപിതാക്കളുടെ ഡിഎൻഎ സാംപിളെടുക്കാൻ സാധിക്കാത്തതായിരുന്നു കാരണം. പീഡന കേസിൽ ബിട്ടിയെ ഹാജരാക്കണമെന്ന രാജസ്ഥാൻ കോടതിയിൽ നിന്നുള്ള ഉത്തരവുള്ളതിനാൽ അധികൃതർ ബിട്ടിയെ രാജസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു. ജയ്പുർ ജയിലിൽ അടച്ചു. എന്നാൽ പീഡന കേസിൽ ബിട്ടിക്കു സുപ്രീം കോടതിയിൽ നിന്നു ജാമ്യം ലഭിച്ചു. 2017 ജൂലൈയിൽ ജയിൽ മോചിതനായി.

∙ അച്ഛന്റെ ‘കൃഷി’ അറിയില്ല, ചെറിയ പിഴവ് വിനയായി

കണ്ണൂരിലെ ബാങ്കുകാർക്ക് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിട്ടിയെ പൊലീസ് കസ്‌റ്റഡിയിലെടുക്കുന്നത്. ഓരോ ചോദ്യത്തിനും കൃത്യമായ മറുപടിയുമായി വഴുതിമാറുകയായിരുന്നു ബിട്ടി. അച്‌ഛൻ കർഷകനാണെന്നും 27 ഏക്കർ കൃഷിയുണ്ടെന്നും ബിട്ടി പറഞ്ഞു. എന്താണ് കൃഷിയെന്ന് പൊലീസ് ചോദിച്ചപ്പോൾ ബിട്ടി ആദ്യമായി പതറി. അറിയില്ലെന്നു പറഞ്ഞൊഴിയേണ്ടി വന്നു. അമ്മയുടെയും അച്‌ഛന്റെയും മാതാപിതാക്കളുടെ പേര് ചോദിച്ചപ്പോഴും ബിട്ടിക്ക് ഉത്തരം മുട്ടി. പൊലീസ് അൽവാർ മാനഭംഗ കേസിന്റെയും മറ്റും വിഡിയോ ക്ലിപ്പിങ്ങുകളും ബിട്ടിയുടെയും പിതാവിന്റെയും ചിത്രങ്ങളും കാണിച്ചു. ഇതോടെ ബിട്ടി മാനസികമായി പൊലീസിനു കീഴടങ്ങി. കോടതിയിൽ ബിട്ടി പറഞ്ഞു: ഞാൻ ബിട്ടിയല്ല; രാഘവ്‍രാജനാണ്. പക്ഷേ, കേരള പൊലീസ് ഒരു മുഴം മുൻപേ എറിഞ്ഞിരുന്നു. പുട്ടപർത്തിയിലെ ബിട്ടിയുടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തി.

അവിടെ എന്തെങ്കിലുമൊക്കെ തെളിവുകളുണ്ടാകുമെന്നു പൊലീസിന് ഉറപ്പായിരുന്നു. രാഘവ് രാജനെന്നൊരാൾ ജീവിച്ചിരിപ്പുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ട ചുമതലയും സംഘത്തിനുണ്ടായിരുന്നു. കലിംഗ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്‌ട്രിയൽ ടെക്‌നോളജിയുടേതടക്കമുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ, കട്ടിക്കടലാസുകൾ, പ്രിന്റർ തുടങ്ങിയവ മാത്രമല്ല, ബിട്ടിയുടെ പിതാവ് ബി.ബി. മൊഹന്തിയുടെ തിരിച്ചറിയൽ കാർഡും ഫ്ലാറ്റിൽ നിന്നു ലഭിച്ചു. ആൾമാറാട്ടവും വ്യാജരേഖ നിർമാണവും തെളിയിക്കാനുതകുന്ന രേഖകളും സാമഗ്രികളുമായിരുന്നു ഇവ. പ്രിന്ററടക്കം ഫ്ലാറ്റിലെ തെളിവുകൾ ബിട്ടിയോ ബിട്ടി പിടിയിലായ ശേഷം മറ്റാരെങ്കിലുമോ നശിപ്പിച്ചിരുന്നുവെങ്കിൽ, വ്യാജരേഖ ചമയ്‌ക്കലും ആൾമാറാട്ടവും തെളിയിക്കാൻ കേരള പൊലീസ് ബുദ്ധിമുട്ടുമായിരുന്നു. ഏതു കുറ്റവാളിക്കും പറ്റുന്ന ഒരു ചെറിയ പിഴവ്. എല്ലാ ആസൂത്രണവുമുണ്ടായിട്ടും ഇവിടെ ബിട്ടിക്കും ആ പിഴവ് പറ്റി. 

∙ ജാമ്യം, വീണ്ടും ജയിൽ, ആശുപത്രിയിൽ മരണം

2017ൽ പീഡനക്കേസിൽ ജാമ്യം ലഭിച്ചെങ്കിലും 2024 ജൂൺ അഞ്ചിന് ബിട്ടിയോട് കീഴടങ്ങാൻ കോടതി നിർദേശിച്ചു. 2023ൽ കാൻസർ ബാധ സ്ഥിരീകരിച്ചതിനാൽ ചികിത്സയ്ക്ക് ജാമ്യം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചു. എന്നാൽ പൊലീസ് കസ്റ്റഡിയിൽ ചികിത്സ തുടരാൻ കോടതി നിർദേശിച്ചു. ഭുവനേശ്വറിലെ എയിംസിൽ ചികിൽസയിലിരിക്കെ മരിച്ചു.

English Summary:

From Bitti to Raghavarajan: The Shocking Crimes and Fake Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com