200ൽ അധികം പേരുടെ ജീവനെടുത്ത വൈറസ്; കുരങ്ങുപനിക്ക് എതിരെ ആഗോള ജാഗ്രത, കേരളം കരുതണോ?
Mail This Article
പത്തനംതിട്ട ∙ കുരങ്ങുപനിക്ക് (എം പോക്സ്) എതിരെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആഗോള ജാഗ്രതയിൽ കേരളം മുൻകരുതൽ എടുക്കണോ എന്ന ചോദ്യവുമായി ആരോഗ്യ രംഗത്തെ വിദഗ്ധർ. ഇന്ത്യയിൽ ആദ്യമായി കുരങ്ങുപനി റിപ്പോർട്ട് ചെയ്തതു കേരളത്തിലായതിനാലാണ് ഈ മുൻകരുതൽ. 2022 ജൂലൈ 14ന് യുഎഇയിൽനിന്ന് തിരുവനന്തപുരത്ത് എത്തിയ വിമാനയാത്രക്കാരനിലാണു കുരങ്ങുപനിക്കു സമാനമായ ലക്ഷണങ്ങൾ കണ്ടത്. നിലവിൽ ഇന്ത്യയിൽ കേസുകൾ ഒന്നുമില്ലെങ്കിലും ഏറ്റവുമധികം രാജ്യാന്തര യാത്രക്കാരെത്തുന്ന രാജ്യങ്ങളിൽ ഒന്നെന്ന നിലയിൽ ഇന്ത്യയിലും ജാഗ്രത ആരംഭിക്കുമെന്നാണു സൂചന. രാജ്യാന്തര യാത്രികരെത്തുന്ന സംസ്ഥാനമെന്ന നിലയിലും പൂർവ രോഗബാധാ ചരിത്രമുള്ളതിനാലുമാണു കേരളത്തിലും ജാഗ്രത പാലിക്കേണ്ടി വരിക. ഇന്ത്യയിൽ ഇതുവരെ 27 കുരങ്ങുപനി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നു ലോകാരോഗ്യ സംഘടനയുടെ കണക്കുകളിൽ പറയുന്നു.
ഇപ്പോൾ കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലും ഏതാനും സമീപ ആഫ്രിക്കൻ രാജ്യങ്ങളിലും രോഗികളുടെ എണ്ണം നാനൂറിലേറെ കടന്നതോടെയാണു ലോകാരോഗ്യ സംഘടന പിഎച്ച് ഇഐസി പ്രഖ്യാപിച്ചത്. രാജ്യാന്തര ജാഗ്രത വേണ്ട പൊതുജനാരോഗ്യ അടിയന്തരാവസ്ഥ എന്നാണ് ഇതിനെ പറയുന്നത്. 2022 മുതൽ ഇതുവരെ ഇരുനൂറിലേറെപ്പേരുടെ മരണത്തിനു കാരണമായ ഈ വൈറസ് രോഗം 116 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം പേരെ ബാധിച്ചതായാണു കണക്ക്. 2022 ജൂലൈയിലാണ് ഇതിനു മുൻപ് ഈ രോഗത്തിന് എതിരെ ഡബ്യുഎച്ച്ഒ മുൻകരുതൽ പ്രഖ്യാപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫീൽഡ് യൂണിറ്റിലും പരിശോധനാ സംവിധാനം ഒരുക്കി 2022 ൽ കേരളം കുരങ്ങുപനി വ്യാപനം ഫലപ്രദമായി തടഞ്ഞിരുന്നു.
ഭൂമുഖത്തുനിന്നു തന്നെ നിർമാർജം ചെയ്യപ്പെട്ടു എന്നു കരുതുന്ന വസൂരി രോഗത്തിനു സമാന ലക്ഷണങ്ങൾ പ്രകടമാക്കുന്ന ഈ വൈറസ് ജന്യരോഗം ഇത്തവണ ലൈംഗിക ബന്ധത്തിലൂടെയാണു പടരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പനി, ദേഹമാസകലം പൊങ്ങിത്തടിച്ചതുപോലെ ഉണ്ടാകുന്ന കുത്തുകൾ, പേശീവേദന, തുടങ്ങിയവയാണു ലക്ഷണങ്ങൾ എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 10–20 ദിവസം കൊണ്ട് സ്വയം ശമിക്കുമെങ്കിലും പോഷകാഹാര കുറവുള്ളവരെയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ കഴിയുന്നവരെയും രോഗം പെട്ടെന്നു കീഴടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം ഇതുവരെ 15600 പേർക്കു രോഗബാധയുണ്ടായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഇതുവരെ 537 പേർ മരണമടഞ്ഞത് ആശങ്ക ഉണർത്തുന്ന കാര്യമാണെന്നു ലോകാരോഗ്യ സംഘടന സെക്രട്ടറി ജനറൽ തെദ്രോസ് ഗബ്രിയേശുസ് പറഞ്ഞു. എൽബി എന്ന പുതിയ വൈറസ് വകഭേദമാണ് ഇപ്പോഴത്തെ രോഗബാധയ്ക്കു പിന്നിലെന്നാണ് അനുമാനം.