കാർവാറിലേത് ഒരു പകൽ നീണ്ട ദൗത്യം; ലോറി കണ്ടെത്തി വടങ്ങൾ ബന്ധിപ്പിച്ചു, ക്രെയ്നുകളുടെ സഹായത്തോടെ കരയിലെത്തിച്ചു
Mail This Article
കാർവാർ∙ പാലം തകർന്നു കാളി നദിയിൽ പതിച്ച ലോറി പുറത്തെടുത്തത് ഒരു പകൽ നീണ്ട ദൗത്യത്തിനൊടുവിൽ. രാവിലെ ഒൻപതരയോടെയാണു ലോറി പുറത്തെടുക്കുക എന്ന ദൗത്യവുമായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും നാലംഗ ഡൈവിങ് സംഘവും കാളി നദിയിൽ ഇറങ്ങുന്നത്. ആദ്യ നടപടി ലോറി നദിയിൽ എവിടെയാണെന്നു കണ്ടെത്തുകയായിരുന്നു. ലോറി കണ്ടെത്തിയ ശേഷം അതിൽ വടങ്ങൾ ബന്ധിപ്പിച്ചു. പിന്നീട് സമയമെടുത്തു ഘട്ടങ്ങളായി മൂന്നു ക്രെയ്നുകളുടെ സഹായത്തോടെ ലോറി കരയിലേക്കു വലിച്ച് അടുപ്പിക്കുകയായിരുന്നു.
ഇതിനിടയിൽ പലപ്പോഴും വടം പൊട്ടിപ്പോയി. നദിയിലെ കല്ലുകൾ ലോറി വലിച്ചടുപ്പിക്കുന്നതിനു തടസ്സവും സൃഷ്ടിച്ചു. ഒടുവിൽ ആറുമണിയോടെ കരയ്ക്കു സമീപം എത്തിച്ച ലോറി മറ്റൊരു ക്രെയ്ൻ കൂടി കൊണ്ടുവന്നാണ് ഉയർത്തി പുറത്തെത്തിച്ചത്.
ഓഗസ്റ്റ് ഏഴിനാണു കാളി നദിക്ക് കുറുകേയുള്ള ഗോവയെയും കർണാടകയെയും ബന്ധിപ്പിക്കുന്ന പാലം തകർന്നു ലോറി നദിയിൽ പതിക്കുന്നത്. ലോറി ഡ്രൈവർ ബാലമുരുകനെ അന്നുതന്നെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. സേലം സ്വദേശി സെന്തിലിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഷിരൂർ മണ്ണിടിച്ചിലിനെ തുടർന്നു ഗംഗാവലി പുഴയിൽ പതിച്ചെന്നു കരുതുന്ന അർജുന്റെ ലോറി പുറത്തെടുക്കുന്നതിന് മുമ്പുള്ള ട്രയൽ റണ്ണാണ് ഇതെന്നു ലോറി പുറത്തെടുത്ത ശേഷം ഈശ്വർ മൽപെ മാധ്യമങ്ങളോട് പ്രതികരിച്ചു. വെള്ളിയാഴ്ച അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനഃരാരംഭിക്കും.