ഇത്തവണയും ‘സൂര്യൻ ഉദിച്ചില്ല’; സ്വന്തം തട്ടകത്തിൽ ഗുജറാത്തിനോട് 7 വിക്കറ്റിന് തോറ്റ് സൺറൈസേഴ്സ്, അവസാന സ്ഥാനത്തുതന്നെ!

Mail This Article
ഹൈദരാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ദയനീയ പ്രകടനം തുടരുന്നു. സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിര പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിനു ശേഷം ബാറ്റിങ് മറന്ന സൺറൈസേഴ്സിന്, സ്വന്തം തട്ടകത്തിൽ വീണ്ടും തോൽവി. ഇത്തവണ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഏഴു വിക്കറ്റിനാണ് ഹൈദരാബാദിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 152 റൺസ്. മറുപടി ബാറ്റിങ്ങിൽ 20 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി ഗുജറാത്ത് ലക്ഷ്യത്തിലെത്തി.
സീസണിലെ അഞ്ച് മത്സരങ്ങളിൽനിന്ന് നാലാം തോൽവി വഴങ്ങിയ സൺറൈസേഴ്സ് അവസാന സ്ഥാനത്തുതന്നെ തുടരുന്നു. നാലു കളികളിൽനിന്ന് മൂന്നാം ജയം സ്വന്തമാക്കിയ ഗുജറാത്ത് ടൈറ്റൻസ് ആറു പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറി. ആറു പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുന്ന ഡൽഹിയേക്കാൾ നെറ്റ് റൺറേറ്റിൽ മാത്രം പിന്നിൽ.
അർധസെഞ്ചറിയമായി മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ഗുജറാത്തിന് അനായാസ ജയം സമ്മാനിച്ചത്. 43 പന്തിൽ ഒൻപതു ഫോറുകൾ സഹിതം 61 റൺസുമായി ശുഭ്മൻ ഗിൽ പുറത്താകാതെ നിന്നു. ഗുജറാത്ത് ജഴ്സിയിൽ അരങ്ങേറ്റത്തിന് ഇറങ്ങിയ വാഷിങ്ടൻ സുന്ദറിന് അർധസെഞ്ചറി ഒറ്റ റൺ വ്യത്യാസത്തിൽ നഷ്ടമായി. 29 പന്തുകൾ നേരിട്ട സുന്ദർ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 49 റൺസെടുത്തു. ഷെർഫെയ്ൻ റുഥർഫോഡ് 16 പന്തിൽ ആറു ഫോറും ഒരു സിക്സും ഹിതം 35 റൺസുമായി പുറത്താകാതെ നിന്നു.
ഗുജറാത്ത് നിരയിൽ നിരാശപ്പെടുത്തിയത് ഓപ്പണർ സായ് സുദർശൻ മാത്രം. ഒൻപതു പന്തുകൾ നേരിട്ട സായ് അഞ്ച് റൺസെടുത്ത് പുറത്തായി. സൺറൈസേഴ്സിനായി മുഹമ്മദ് ഷമി നാല് ഓവറിൽ 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ പാറ്റ് കമിൻസ് 3.4 ഓവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
∙ ‘ഉദിക്കാതെ’ സൺറൈസേഴ്സ്’
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ്, നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 152 റൺസെടുത്തത്. ഒരു അർധസെഞ്ചറി പോലും പിറക്കാതെ പോയ ഹൈദരാബാദ് ഇന്നിങ്സിൽ, 34 പന്തിൽ മൂന്നു ഫോറുകളോടെ 31 റൺസെടുത്ത നിതീഷ് റെഡ്ഡിയാണ് ടോപ് സ്കോറർ. ഹെൻറിച് ക്ലാസൻ 19 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 27 റൺസെടുത്ത് പുറത്തായി. ഓപ്പണർ അഭിഷേക് ശർമ 16 പന്തിൽ നാലു ഫോറുകളോടെയും, അനികേത് വർമ 14 പന്തിൽ രണ്ടു ഫോറുകളോടെയു 18 റൺസ് വീതമെടുത്ത് പുറത്തായി. ഇഷാൻ കിഷൻ 14 പന്തിൽ രണ്ടു ഫോറുകളോടെ 17 റൺസെടുത്തു. ഓപ്പണർ ട്രാവിസ് ഹെഡ് (അഞ്ച് പന്തിൽ എട്ട്), കാമിന്ദു മെൻഡിസ് (അഞ്ച് പന്തിൽ ഒന്ന്), സിമർജീത് സിങ് (0) എന്നിവർ പൂർണമായും നിരാശപ്പെടുത്തി.
ആർസിബിക്കെതിരായ തകർപ്പൻ ബോളിങ് പ്രകടനത്തിനു പിന്നാലെ ഒരിക്കൽക്കൂടി നാലു വിക്കറ്റുമായി ഹൈദരാബാദിലെ സ്വന്തം തട്ടകത്തിൽ മിന്നിത്തിളങ്ങി മുഹമ്മദി സിറാജിന്റെ പ്രകടനമാണ് ഗുജറാത്ത് നിരയിലെ ഹൈലൈറ്റ്. സിറാജ് നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തു. പ്രസിദ്ധ് കൃഷ്ണ നാല് ഓവറിൽ 25 റൺസ് വഴങ്ങിയും ആർ.സായ്കിഷോർ നാല് ഓവറിൽ 24 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇഷാന്ത് ശർമ നാല് ഓവറിൽ 53 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല.നാല് ഓവറിൽ 31 റൺസ് വഴങ്ങിയ റാഷിദ് ഖാനും പഴയ പ്രതിഭയുടെ നിഴൽ മാത്രമായി.
നേരത്തെ, ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് സൺറൈസേഴ്സ് ഹൈദരാബാദിനെ ബാറ്റിങ്ങിന് അയയ്ക്കുയായിരുന്നു. ഗുജറാത്ത് നിരയിൽ വാഷിങ്ടൻ സുന്ദർ അരങ്ങേറ്റം കുറിച്ചു.