ADVERTISEMENT

തിരുവനന്തപുരം∙ സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് അനുബന്ധമായി ഡിജിറ്റൽ തെളിവുകളും വിഡിയോയിൽ പകർത്തിയ മൊഴികളും സർക്കാരിനു കൈമാറിയിട്ടുണ്ടോ? എവിടെയാണ് അവ സൂക്ഷിച്ചിരിക്കുന്നത്? ഹേമ കമ്മിറ്റി റിപ്പോർട്ടിന് അനുബന്ധമായി രേഖകളില്ലെന്ന മുൻ സാംസ്കാരിക മന്ത്രിയുടെയും ഇപ്പോഴത്തെ മന്ത്രിയുടെയും വാദങ്ങൾ തെറ്റാണ്. രേഖകൾ സൂക്ഷിച്ചിരിക്കുന്നത് സെക്രട്ടേറിയറ്റിലെ ആഭ്യന്തര രഹസ്യ വിഭാഗത്തിന്റെ ലോക്കറിലാണ്. സിനിമാ മേഖലയിലെ ദുരനുഭവങ്ങളുടെ തെളിവായി വാട്സാപ് ചാറ്റുകൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവ മൊഴി നൽകാനെത്തിയവർ കമ്മിറ്റിക്കു കൈമാറിയിരുന്നു. ഇതെല്ലാം പെൻഡ്രൈവിലും സിഡികളിലുമാക്കി സർക്കാരിന് കൈമാറി. മൊഴികളുടെ പകർപ്പുകളും കൂട്ടത്തിലുണ്ടായിരുന്നു. ഇവയാണ് രഹസ്യമായി സൂക്ഷിക്കുന്നത്.

കത്തിന്റെ പകർപ്പ് (ചിത്രം. മനോരമ)
കത്തിന്റെ പകർപ്പ് (ചിത്രം. മനോരമ)

ഹേമ കമ്മിറ്റി 2019 ഡിസംബർ 31ന് റിപ്പോർട്ട് സർക്കാരിന് കൈമാറി. റിപ്പോർട്ടിന്റെ യഥാര്‍ഥ കോപ്പിക്ക് ഒപ്പം രണ്ട് പകർപ്പുകളും കൈമാറി. മുഖ്യമന്ത്രിക്കും അന്നത്തെ സാംസ്കാരിക മന്ത്രി എ.കെ.ബാലനുമാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിനൊപ്പം വിവിധ രേഖകളും സാംസ്കാരിക മന്ത്രിക്ക് കൈമാറിയിരുന്നതായി ജസ്റ്റിസ് ഹേമ സർക്കാരിനെ കത്തിലൂടെ അറിയിച്ചിരുന്നു. തന്റെ ഓഫിസിൽ റിപ്പോർട്ടിന്റെ മറ്റ് കോപ്പികളില്ലെന്നും കത്തിൽ വ്യക്തമാക്കി. ഈ കത്തിലാണ്, വ്യക്തിപരമായ പരാമർശങ്ങളുള്ളതിനാൽ റിപ്പോർട്ട് പുറത്തുവിടരുതെന്ന് കോടതി വിധികളുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ഹേമ  നിർദേശിച്ചത്. ഇക്കാര്യം കത്തിലൂടെ സാംസ്കാരിക മന്ത്രിയെയും അറിയിച്ചു. കത്തിന്റെ പകർപ്പുള്ളപ്പോഴാണ് ഇക്കാര്യം മുൻ മന്ത്രിയും ഇപ്പോഴത്തെ മന്ത്രിയും നിഷേധിക്കുന്നത്. സർക്കാരിന് നൽകിയ റിപ്പോർട്ടിനൊപ്പം മൊഴികളോ മറ്റ് രേഖകളോ ഇല്ലെന്നാണ് വാദം.

ഇത് ശരിയല്ലെന്നാണ് സാംസ്കാരിക വകുപ്പിൽനിന്ന് ലഭിക്കുന്ന വിവരം. റിപ്പോർട്ട് ആദ്യം സാംസ്കാരിക വകുപ്പിൽ സൂക്ഷിച്ചു. മൊഴിപ്പകർപ്പുകൾ സാംസ്കാരിക വകുപ്പ് പരിശോധിച്ചിരുന്നു. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് മൊഴികളിലുള്ളത്. ഇതിനാലാണ് അതീവ സുരക്ഷയിൽ സൂക്ഷിക്കാൻ തീരുമാനിച്ചത്. റിപ്പോർട്ടിലെ ഭാഗങ്ങൾ പുറത്തു പോകരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. ഡിജിറ്റൽ തെളിവുകളും മൊഴിപ്പകർപ്പുകളും ആഭ്യന്തരവകുപ്പിലെ രഹസ്യവിഭാഗത്തിലെ ലോക്കറിലേക്ക് മാറ്റി. അതീവരഹസ്യ രേഖകൾ സൂക്ഷിക്കുന്നത് ഇവിടെയാണ്. 3 കോപ്പികളിൽ ഒരു കോപ്പി പിന്നീട് നിയമവകുപ്പ് സെക്രട്ടറിയുടെ ഓഫിസിനു കൈമാറി. നിയമപരമായ കാര്യങ്ങൾ വിശകലനം ചെയ്യാനായിരുന്നു ഇത്. 

റിപ്പോർട്ടിനൊപ്പം രേഖകളും കൈമാറുന്നതായി വ്യക്തമാക്കുന്ന, ജസ്റ്റിസ് ഹേമയുടെ കത്ത്.
റിപ്പോർട്ടിനൊപ്പം രേഖകളും കൈമാറുന്നതായി വ്യക്തമാക്കുന്ന, ജസ്റ്റിസ് ഹേമയുടെ കത്ത്.

കമ്മിഷൻ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ വാട്സാപ് സന്ദേശങ്ങളുടെ അടക്കം ഫോട്ടോകളുണ്ടായിരുന്നു. റിപ്പോർട്ട് പുറത്തുവിട്ടത് ഇതെല്ലാം ഒഴിവാക്കിയാണ്. ഹേമ കമ്മിഷന്റെ നിരീക്ഷണങ്ങൾ അടങ്ങിയ 6 പേജും ഒഴിവാക്കി. മൂന്ന് പ്രധാന നിർദേശങ്ങളും പുറത്തു വിട്ടില്ല. തൊഴിലിടങ്ങളിലുണ്ടാകുന്ന ലൈംഗിക പീഡനങ്ങൾക്ക് സുപ്രീംകോടതി നിർദേശപ്രകാരം കർശന നടപടിയെടുക്കണമെന്നായിരുന്നു നിർദേശം. സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ ഐപിസി 354 അനുസരിച്ച് കേസെടുക്കണമെന്നായിരുന്നു മറ്റൊരു നിർദേശം. മാനഭയം കൊണ്ടോ ഭയംകൊണ്ടോ പരാതി നൽകാൻ മടിക്കുന്നവർക്ക് നിയമസഹായത്തിനായി സർക്കാർ ബദൽമാർഗം കണ്ടെത്തണമെന്നും ശുപാർശയുണ്ടായിരുന്നു. ഇതെല്ലാം പുറത്തുവിട്ട റിപ്പോർട്ടിൽനിന്ന് ഒഴിവാക്കി. 296 പേജുകളുണ്ടായിരുന്ന റിപ്പോർട്ടിൽനിന്ന് വ്യക്തിപരമായ ആരോപണങ്ങൾ ഒഴിവാക്കാനായി 61 പേജുകളും ഒട്ടേറെ ഖണ്ഡികകളും ഒഴിവാക്കി.

വിവരാവകാശ കമ്മിഷനാണ് മുൻപ് റിപ്പോർട്ട് പുറത്തു വിടുന്നത് തടഞ്ഞതെന്നും, റിപ്പോർട്ട് പുറത്തു വിടാൻ സർക്കാർ തയാറായിരുന്നു എന്നുമുള്ള മന്ത്രിയുടെ വാദവും ശരിയല്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾ വിവിധ ഘട്ടങ്ങളിൽ തള്ളിയത് സർക്കാരാണ്. അതിനുശേഷമാണ് അപേക്ഷകർ വിവരാവകാശ കമ്മിഷനെ സമീപിച്ചത്. 

English Summary:

Unveiling the Truth: Where is the Digital Evidence from the Hema Committee Report?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com